11 July 2023 6:27 AM GMT
Summary
- 21-30 ദിവസത്തിനുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും
- സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടത്തിയ ഫയലിംഗിലാണ് ഇക്കാര്യം അറിയിച്ചത്
- കാര്‍ ട്രേഡ് ടെക്കിന് 1,185 കോടി രൂപയുടെ ആസ്തിയുണ്ട്
മുംബൈ ആസ്ഥാനമായുള്ള യൂസ്ഡ് കാര്‍ പ്ലാറ്റ്ഫോമായ കാര്‍ ട്രേഡ് ടെക് 537 കോടി രൂപയ്ക്ക് ഓണ്‍ലൈന്‍ വിപണിയായ ഒഎല്‍എക്സ് ഇന്ത്യയുടെ വാഹന വില്‍പ്പന ബിസിനസ്സ് ഏറ്റെടുക്കും.
ജുലൈ 10 തിങ്കളാഴ്ച സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടത്തിയ ഫയലിംഗിലാണ് ഇക്കാര്യം കാര്‍ ട്രേഡ് ടെക് അറിയിച്ചത്.
ഒഎല്‍എക്‌സ് ഇന്ത്യയുടെ ഓട്ടോമോട്ടീവ് ബിസിനസ്സ് നടത്തുന്ന സ്ഥാപനമായ സോബെക് ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുമെന്നാണ് കാര്‍ ട്രേഡ് ടെക് അറിയിച്ചിരിക്കുന്നത്.
21-30 ദിവസത്തിനുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും.
2013ലെ കമ്പനീസ് ആക്ട് പ്രകാരം രൂപീകരിച്ച കമ്പനിയാണു സോബെക്ക്. ഒരു ഓട്ടോമോട്ടീവ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമും ക്ലാസിഫൈഡ് ഇന്റര്‍നെറ്റ് ബിസിനസ്സും നടത്തുന്നവരാണു സോബെക്ക്.
2023 ജൂണ്‍ 30-ന്, ഒരു ബിസിനസ് ട്രാന്‍സ്ഫര്‍ കരാറിനു കീഴിലുള്ള നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി OLX ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് ക്ലാസിഫൈഡ് ഇന്റര്‍നെറ്റ് ബിസിനസ്സ് സോബെക്ക് ഏറ്റെടുത്തിരുന്നു.
2023 മാര്‍ച്ച് 31 വരെയുള്ള കണക്ക്പ്രകാരം, കാര്‍ ട്രേഡ് ടെക്കിന് 1,185 കോടി രൂപയുടെ ആസ്തിയുണ്ട്.
2021-ലെ പബ്ലിക് ഓഫറിംഗിനു മുന്നോടിയായി ടെമാസെക് ഹോള്‍ഡിംഗ്‌സ്, ടൈഗര്‍ ഗ്ലോബല്‍ തുടങ്ങിയ നിക്ഷേപകരില്‍ നിന്നായി ഫണ്ട് സ്വരൂപിച്ചിരുന്നു.
ഡച്ച്-ലിസ്റ്റഡ് നിക്ഷേപ സ്ഥാപനമായ പ്രോസസിന്റെ ക്ലാസിഫൈഡ് യൂണിറ്റാണ് OLX. ദുര്‍ബലമായ മാക്രോ ഇക്കണോമിക് അവസ്ഥകളും വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികളും കണക്കിലെടുത്ത് OLX-ന്റെ ഓട്ടോമോട്ടീവ് ബിസിനസ്സ് ആഗോളതലത്തില്‍ വിറ്റഴിക്കുകയാണെന്ന് ഈ വര്‍ഷം ആദ്യം പ്രോസസ് പറഞ്ഞിരുന്നു. കാര്‍ ട്രേഡുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നതിന് മുമ്പ് കാര്‍സ് 24, സ്പിന്നി എന്നിവയുള്‍പ്പെടെ യൂസ്ഡ്-കാര്‍ വിഭാഗത്തിലെ മറ്റ് നിരവധി പ്രമുഖരുമായും പ്രോസസ് ചര്‍ച്ച നടത്തിയിരുന്നുവെന്നാണു സൂചന.
OLX അടുത്തിടെ ചില തെക്കന്‍, മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും 800 പേരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
ജുലൈ 10 തിങ്കളാഴ്ച ബിഎസ്ഇയില്‍ കാര്‍ ട്രേഡ് ടെക്കിന്റെ ഓഹരികള്‍ അതിന്റെ മുന്‍പ് ക്ലോസ് ചെയ്ത 486.85 രൂപയില്‍ നിന്ന് 1.7 ശതമാനം ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്.
2023 മാര്‍ച്ച് 31-ന് അവസാനിച്ച വര്‍ഷത്തില്‍ കാര്‍ ട്രേഡ് ടെക്കിന്റെ പ്രവര്‍ത്തന വരുമാനം 363.73 കോടി രൂപയും 2023 സാമ്പത്തിക വര്‍ഷത്തില്‍ 40.43 കോടി രൂപ അറ്റാദായവും റിപ്പോര്‍ട്ട് ചെയ്തു.
കാര്‍ ട്രേഡ് ടെക്കിന് ടെമാസെക്, മാര്‍ച്ച് ക്യാപിറ്റല്‍, വാര്‍ബെര്‍ഗ് പിന്‍കസ് എന്നിവയുള്‍പ്പെടെയുള്ള പ്രശസ്ത നിക്ഷേപകര്‍ പിന്തുണ നല്‍കുന്നുണ്ട്.
ഒരു മള്‍ട്ടി ചാനല്‍ ഓട്ടോ പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുന്ന കാര്‍ ട്രേഡ് ടെക്ക്, യൂസ്ഡ് കാറുകള്‍ മാത്രമല്ല, പുതിയ കാറുകളുടെ വില്‍പ്പനയിലും വാങ്ങലിലും ഏര്‍പ്പെടുന്നുണ്ട്. കൂടാതെ മറ്റ് മൂല്യവര്‍ദ്ധിത സേവനങ്ങളും നല്‍കി വരുന്നു.
537.43 കോടി രൂപയുടെ ഇടപാടില്‍ ഒഎല്‍എക്സ് ഇന്ത്യയുടെ വാഹന വില്‍പ്പന ബിസിനസ്സ് വാങ്ങാന്‍ കമ്പനി പദ്ധതിയിട്ടതിനെത്തുടര്‍ന്ന് ജൂലൈ 11 ന് കാര്‍ ട്രേഡ് ടെക്കിന്റെ ഓഹരികള്‍ 15 ശതമാനത്തോളമാണു ഉയര്‍ന്നത്. OLX ഇന്ത്യയുടെ ഓട്ടോ ബിസിനസ്സ് ഏറ്റെടുക്കാനുള്ള തീരുമാനം കാര്‍ ട്രേഡിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതിനും വ്യവസായത്തിനുള്ളിലെ മുന്നേറ്റം പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണെന്നും വ്യവസായ വിദഗ്ധര്‍ വിശ്വസിക്കുന്നു.
ഒഎല്‍എക്‌സ് ഇന്ത്യയുടെ ഓട്ടോ ബിസിനസ്സ് ഏറ്റെടുക്കുന്നതിലൂടെ, കാര്‍ ട്രേഡ് അതിന്റെ ഓഫറുകള്‍ മെച്ചപ്പെടുത്താനും ഇന്ത്യന്‍ ഓട്ടോമോട്ടീവ് ക്ലാസിഫൈഡ് വിഭാഗത്തിലെ ഒരു മുന്‍നിരക്കാരനെന്ന നിലയില്‍ അതിന്റെ സ്ഥാനം ഉറപ്പിക്കാനും ഒരുങ്ങുകയാണ്.