image

30 May 2023 9:07 AM GMT

Automobile

ലോകത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത് ഈ ഇലക്ട്രിക് കാര്‍

MyFin Desk

tesla
X

Summary

  • ടെസ്‌ലയുടെ മോഡല്‍ Y കാറിന് 47,490 ഡോളറാണ് വില. ഇത് ഏകദേശം 39,00,000 ലക്ഷം രൂപ വരും
  • യുഎസില്‍ മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ ഏഴ് ശതമാനം ഇലക്ട്രിക് വാഹനങ്ങളാണ്
  • കഴിഞ്ഞ വര്‍ഷം ഒരു ദശലക്ഷം യൂണിറ്റുകള്‍ വിറ്റ ലോകത്തിലെ ഒരേയൊരു കാര്‍ ടൊയോട്ട കൊറോളയാണ്


ആളുകള്‍ പെട്രോള്‍, ഡീസല്‍ കാറുകളെ ഉപേക്ഷിക്കുകയാണോ ? അതെ എന്നു വേണം കരുതാന്‍. ലോകമെമ്പാടുമുള്ള കാറുകളുടെ വില്‍പ്പന സംബന്ധിച്ച പട്ടികയില്‍ ഒന്നാം സ്ഥാനം അലങ്കരിച്ചിരിക്കുന്നത് ഒരു ഇലക്ട്രിക് കാറാണ്. ടെസ്‌ലയുടെ മോഡല്‍ Y ആണ് ആ ഒന്നാം സ്ഥാനക്കാരന്‍. ജാറ്റോ ഡൈനാമിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023-ന്റെ ആദ്യപാദത്തില്‍ ടെസ്‌ലയുടെ മോഡല്‍ Y 2,67,200 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയെന്നാണ്. ടൊയോട്ടയുടെ കൊറോളയെയാണ് ഇക്കാര്യത്തില്‍ ടെസ് ല മറികടന്നത്. 2,56,400 യൂണിറ്റുകളാണ് കൊറോള വിറ്റഴിച്ചത്. 2,14,700 യൂണിറ്റുകള്‍ വിറ്റഴിച്ച് RAV4 മൂന്നാം സ്ഥാനത്തുമെത്തി. ടൊയോട്ടയുടെ തന്നെ കാറാണ് R-AV4.

ടെസ്‌ലയുടെ മോഡല്‍ Y കാറിന് 47,490 ഡോളറാണ് വില. ഇത് ഏകദേശം 39,00,000 ലക്ഷം രൂപ വരും. കൊറോളയുടെ വില 21,550 ഡോളറാണ്. RAV4യുടെ വില 27,575 ഡോളറും.

മോഡല്‍ Y യുടെ ഉയര്‍ന്ന വില കാരണം ആരും വാങ്ങില്ലെന്നു കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പലരും അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ, അസാധ്യമെന്ന് പലരും കരുതിയിരുന്നതാണ് ടെസ്‌ല യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ നേടിയിരിക്കുന്നത്. ഇനി മോഡല്‍ Y 2023 വര്‍ഷത്തെ ബെസ്റ്റ് സെല്ലറായും മാറിയേക്കാം. അതിനുള്ള സാധ്യതയും കാണുന്നുണ്ട്.

2019-ലാണ് ടെസ്‌ല മോഡല്‍ Y ആദ്യമായി ലോഞ്ച് ചെയ്തത്. അതിന് മുന്‍പു തന്നെ ടെസ്‌ലയുടെ സിഇഒ പ്രവചിച്ചിരുന്നു ഈ കാര്‍ പ്രതിവര്‍ഷം അഞ്ച് മുതല്‍ പത്ത് ലക്ഷം യൂണിറ്റുകള്‍ വിറ്റഴിക്കുമെന്ന്. വീണ്ടും 2021-ലും മസ്‌ക് പ്രവചിച്ചു മോഡല്‍ Y ലോകത്തിലെ ഒന്നാം സ്ഥാനം അലങ്കരിക്കുമെന്ന്. ഇപ്പോള്‍ ആ പ്രവചനം ശരിയായിരിക്കുകയാണ്.

കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പ്രകാരം യുഎസില്‍ മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ ഏഴ് ശതമാനം ഇലക്ട്രിക് വാഹനങ്ങളാണെന്നാണ്. യുഎസിലെ ഇലക്ട്രിക് വാഹന വിപണിയില്‍ ടെസ്‌ലയാണ് മാര്‍ക്കറ്റ് ലീഡര്‍. 50 ശതമാനത്തിലധികം വരും ടെസ്‌ലയുടെ വിപണി വിഹിതം.

സമീപകാലത്ത് ടെസ്ല വില വെട്ടിച്ചുരുക്കിയതും ടെസ്ലയുടെ മോഡല്‍ Y യുടെ എല്ലാ പതിപ്പുകളും EV ടാക്‌സ് ക്രെഡിറ്റ് സബ്സിഡിക്ക് അര്‍ഹമായതിനാലും, ടെസ്ലക്ക് ഇനിയും ഉയര്‍ന്ന വിപണി വിഹിതം നേടാനാകുമെന്നാണ് ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

മോഡല്‍ Y യുടെ വില്‍പ്പന ഈ നിലയില്‍ തുടരുകയാണെങ്കില്‍ പത്ത് ലക്ഷത്തിലധികം യൂണിറ്റുകളുടെ വില്‍പ്പനയോടെ 2023-ല്‍ ഒന്നാം സ്ഥാനത്തെത്തുമെന്നും കരുതുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു ദശലക്ഷം യൂണിറ്റുകള്‍ വിറ്റ ലോകത്തിലെ ഒരേയൊരു കാര്‍ ടൊയോട്ട കൊറോളയാണ്, 1.12 ദശലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്.