image

10 Jun 2023 4:21 AM GMT

Market

ഐപിഒയില്‍ ഒരു ബില്യന്‍ ഡോളര്‍ ലക്ഷ്യം: നിക്ഷേപക സംഗമവുമായി ഒല

MyFin Desk

ola electric ipo
X

Summary

  • ഒല ഇലക്ട്രിക്കിന്റെ ഐപിഒ സംബന്ധിച്ച ആദ്യ ചര്‍ച്ച കൂടിയാണിത്
  • സോഫ്റ്റ്ബാങ്ക്, ടെമാസെക് തുടങ്ങിയ നിക്ഷേപകരുടെ പിന്തുണയുള്ള സ്‌കൂട്ടര്‍ നിര്‍മാതാക്കളാണ് ഒല
  • ഇലക്ട്രിക് വാഹന വിപണിയില്‍ മാര്‍ക്കറ്റ് ലീഡറാവുക എന്നതാണ് ഐപിഒയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്


ഇ-സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒല ഇലക്ട്രിക് അടുത്ത ആഴ്ച നിക്ഷേപക സംഗമം സംഘടിപ്പിക്കും. 2023 അവസാനത്തോടെ സുഗമവും വിജയകരവുമായ ഐപിഒ നടത്തുക എന്ന ലക്ഷ്യത്തോടെ സിംഗപ്പൂരിലെയും യുഎസ്സിലെയും നിക്ഷേപകരുമായിട്ടാണ് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്. 600 മില്യന്‍ മുതല്‍ ഒരു ബില്യണ്‍ ഡോളര്‍ വരെ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഐപിഒയാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

ഒല ഇലക്ട്രിക്കിന്റെ ഐപിഒ സംബന്ധിച്ച ആദ്യ ചര്‍ച്ച കൂടിയാണിത്.

ഒലയുടെ സ്‌കൂട്ടര്‍ ബിസിനസ്സ്, വളര്‍ച്ചാ സാധ്യതകള്‍, 5 ബില്യണ്‍ ഡോളറിലധികം വരുന്ന കമ്പനിയുടെ അടിസ്ഥാന മൂല്യം എന്നിവയായിരിക്കും നിക്ഷേപകരുമായുള്ള ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍.

സോഫ്റ്റ്ബാങ്ക്, ടെമാസെക് തുടങ്ങിയ നിക്ഷേപകരുടെ പിന്തുണയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളാണ് ഒല 2024 അവസാനത്തോടെ സംഘടിപ്പിക്കുന്ന ഐപിഒയുടെ അംഗീകാരത്തിനായി 2023 ഓഗസ്റ്റ് മാസം റെഗുലേറ്ററി പേപ്പറുകള്‍ ഫയല്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍, ഒല ഇലക്ട്രിക്കിന്റെ സ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ സിംഗപ്പൂര്‍, യുഎസ്, യുകെ എന്നിവിടങ്ങൡ നിക്ഷേപകരെ കാണാനും ഇന്ത്യയിലെ ഇലക്ട്രിക് വെഹിക്കിളിന്റെ (ഇവി) ബിസിനസ് സാധ്യതകള്‍ വിശദീകരിക്കുകയും ചെയ്യും. ചെറുതും എന്നാല്‍ അതിവേഗം വളരുന്നതുമായ ഇവി (ഇലക്ട്രിക് വെഹിക്കിള്‍)സെഗ്‌മെന്റുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. ഇന്ത്യന്‍ ഇവി വിപണിയില്‍ മുന്‍നിര സ്ഥാനം അലങ്കരിക്കുന്നത് തങ്ങളാണെന്നാണ് ഒല അവകാശപ്പെടുന്നത്.

വിദേശ സന്ദര്‍ശനത്തില്‍ സിംഗപ്പൂരിലെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ ജിഐസി, ബ്ലാക്ക് റോക്, മ്യൂചല്‍ ഫണ്ടുകളായ ടി റോവ് പ്രൈസ് തുടങ്ങിയ നിക്ഷേപകരുമായി ഭവിഷ് അഗര്‍വാള്‍ കൂടിക്കാഴ്ച നടത്തും.

അടുത്തിടെ, ഐപിഒയ്ക്കു വേണ്ടിയുള്ള ലീഡ് മാനേജര്‍മാരില്‍ ഒരാളായി ബാങ്ക് ഓഫ് അമേരിക്കയെ ഒല ഇലക്ട്രിക് നിയമിച്ചു.

ബാങ്ക് ഓഫ് അമേരിക്കയ്ക്കു പുറമെ ഗോള്‍ഡ്മാന്‍ സാക്‌സ്, സിറ്റി, കൊട്ടക് ബാങ്ക്‌സ്, ആക്‌സിസ്, ഐസിഐസിഐ സെക്യൂരിറ്റീസ് തുടങ്ങിയ സ്ഥാപനങ്ങളും ഒല ഇലക്ട്രിക്കിന്റെ ഐപിഒ പ്ലാനുകളുടെ സുഗമമായ നടത്തിപ്പിനു വേണ്ടി പ്രവര്‍ത്തിക്കും.

ഐപിഒ പ്ലാനുകളെ കുറിച്ച് ബാങ്ക് ഓഫ് അമേരിക്ക ഔദ്യോഗിക അഭിപ്രായങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടില്ല.

ഇലക്ട്രിക് വാഹന വിപണിയില്‍ മാര്‍ക്കറ്റ് ലീഡറാവുക എന്നതാണ് ഐപിഒയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഒല ഇലക്ട്രിക് പ്രതിമാസം ഏകദേശം 30,000 ഇ-സ്‌കൂട്ടറുകള്‍ വില്‍ക്കുന്നതായി കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയില്‍ ഒല സ്‌കൂട്ടറിന്റെ വില ഏകദേശം 1,32,000 രൂപയാണ്.

ഒല ഇ-സ്‌കൂട്ടറിന്റെ വിപണിയിലെ പ്രധാന എതിരാളികളാണ് ടിവിഎസ് മോട്ടോഴ്‌സ്, ഏഥര്‍ എനര്‍ജി, ഹീറോ ഇലക്ട്രിക് തുടങ്ങിയവര്‍.