19 Jun 2023 3:07 PM IST
പ്രീമിയം ബൈക്കുകളിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് ഹീറോ; 4 പുതിയ ബൈക്കുകളുമായി ഉടനെത്തും
MyFin Desk
Summary
- ഹീറോ ഒരു പ്രീമിയം സ്‌കൂട്ടറുമായി ഉടന്‍ വിപണിയിലെത്തുമെന്നു സൂചനയുണ്ട്
- 100 സിസി സെഗ്മെന്റില്‍ ശക്തമായ സാന്നിധ്യമാണ് ഹീറോയുടേത്
- ഹീറോ, അമേരിക്കന്‍ പ്രീമിയം ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണുമായി സഹകരിച്ച് എക്‌സ്440 എന്ന മോഡല്‍ വിപണിയിലിറക്കുകയാണ്
മുന്‍നിര ടുവീലര്‍ നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ് നാല് പ്രീമിയം മോഡല്‍ മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കോര്‍ പ്രീമിയം (Core Premium), അപ്പര്‍ പ്രീമിയം (Upper Premium) എന്നിങ്ങനെ രണ്ട് പ്രധാന വിഭാഗങ്ങളായി തരംതിരിച്ചാണ് പ്രീമിയം മോഡല്‍ മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലെത്തിക്കുക.
കരിസ്മ എക്‌സ്എംആര്‍ (Karizma XMR), സ്ട്രീറ്റ്‌ഫൈറ്റര്‍ (streetfighter) എന്നിവയായിരിക്കും കോര്‍ പ്രീമിയം വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. അപ്പര്‍ പ്രീമിയം വിഭാഗത്തില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ്440 (Harley-Davidson X440), സ്ട്രീറ്റ്‌ഫൈറ്റര്‍ നിരയിലെ മറ്റൊരു മോഡലും ഉള്‍പ്പെടും.
പ്രീമിയം ശ്രേണിയില്‍പ്പെട്ട ബൈക്കുകളുടെ വില്‍പ്പനയ്ക്കായി ഒരു പ്രത്യേക റീട്ടെയില്‍ ചാനല്‍ സ്ഥാപിക്കാനാണ് ഹീറോ പദ്ധതിയിടുന്നത്. അടുത്ത വര്‍ഷത്തോടെ പ്രീമിയം ബൈക്കുകളുടെ വില്‍പ്പനയ്ക്കായി 100 പ്രത്യേക ഔട്ട്‌ലെറ്റുകളും സ്ഥാപിക്കും.
100 സിസി സെഗ്മെന്റില്‍ ശക്തമായ സാന്നിധ്യമാണ് ഹീറോയുടേത്. 125 സിസി വിഭാഗത്തിലും തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാന്‍ പദ്ധതിയിടുന്നുണ്ട് ഹീറോ. ഇതിനു പുറമെയാണ് ഇപ്പോള്‍ പ്രീമിയം ബൈക്കുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നത്.
അടുത്ത മാസം മൂന്നിന് ഹീറോ, അമേരിക്കന്‍ പ്രീമിയം ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണുമായി സഹകരിച്ച് എക്‌സ്440 എന്ന മോഡല്‍ വിപണിയിലിറക്കുകയാണ്. 2020 സെപ്റ്റംബറില്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു ഹാര്‍ലി ഡേവിഡ്‌സണ്‍. എന്നാല്‍ പിന്നീട് ഹീറോ മോട്ടോകോര്‍പുമായി സഹകരിച്ച് എക്‌സ്440 എന്ന മോഡല്‍ പ്രീമിയം ബൈക്ക് നിരത്തിലിറക്കാന്‍ ഇരു കമ്പനികളും തീരുമാനിച്ചു. ഈ കൂട്ടുകെട്ടില്‍ വിപണിയിലിറക്കുന്ന ആദ്യ മോഡല്‍ കൂടിയാണ് എക്‌സ്440.
ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന ' കള്‍ട്ട് മോഡല ' ായ കരിസ്മയെ വീണ്ടും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹീറോ. ഇപ്രാവിശ്യം 210 സിസി ലിക്വിഡ്-കൂള്‍ഡ് എന്‍ജിനോടു കൂടിയായിരിക്കും ബൈക്ക് എത്തുക. ഹീറോ കരിസ്മ എക്‌സ്എംആര്‍ 210 എന്ന പേരിലായിരിക്കും വിപണിയിലെത്തുക.
ഇതിനുപുറമെ ഹീറോ ഒരു പ്രീമിയം സ്‌കൂട്ടറുമായി ഉടന്‍ വിപണിയിലെത്തുമെന്നും സൂചനയുണ്ട്. സമീപകാലത്ത് ഒരു സ്‌കൂട്ടര്‍ ഡിസൈന്‍ പേറ്റന്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്‌പോര്‍ട്ടിയര്‍ ലുക്കുള്ള മുന്‍വശത്തോടു കൂടിയ ഇതിന് മാക്‌സി സ്‌കൂട്ടര്‍ ശൈലിയാണുള്ളത്.
ഇരട്ട ഹെഡ്‌ലാംപ്, മുന്‍വശത്ത് വലിയ വിന്‍ഡ്ഷീല്‍ഡ് എന്നിവയുണ്ട്.