7 April 2023 7:45 AM GMT
Summary
- നിക്കലിനേക്കാള്‍ ചെലവ് കുറയും
- തീപിടിക്കാനുള്ള സാധ്യതയും കുറയും
- ഭാരക്കൂടുതല്‍ അവഗണിക്കും
ഇലക്ട്രിക് വാഹനമേഖലയിലെ ആഗോള ഭീമന്‍ ടെസ്ല വില കുറഞ്ഞ അയണ്‍ (Ion) ബാറ്ററികളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നു.
സെമി ഹെവി ഇലക്ട്രിക് ട്രക്കുകളിലും ഇടത്തരം ഇലക്ട്രിക് വാഹനങ്ങളിലും അയണ്‍ ബാറ്ററികള്‍ ഉപയോഗിക്കുന്നത് കൂട്ടാനാണ് കമ്പനിയുടെ തീരുമാനം. ''മാസ്റ്റര്‍ പ്ലാന്‍ പാര്‍ട്ട് 3'' എന്ന പേരിലാണ് പുതിയ പ്ലാന്‍ പുറത്തിറക്കിയിരിക്കുന്നത്. ചെറിയ റേഞ്ചുള്ള ഹെവി ഇലക്ട്രിക് ട്രക്കുകളിലും മോഡലുകളിലുമാണ് അയേണ്‍ ബാറ്ററികള്‍ പരീക്ഷിക്കുന്നത്. എന്നാല്‍ എന്ന് മുതലാണ് ഇത് തുടങ്ങുന്നതെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല. ഒരൊറ്റ ചാര്‍ജിങ്ങില്‍ 500 മൈല്‍ ഡ്രൈവിങ് റേഞ്ചുള്ള സെമി ഇലക്ട്രിക് ട്രക്കുകള്‍ പുറത്തിറക്കിയത് ഇക്കഴിഞ്ഞ ഡിസംബറിലാണ്. ഈ വാഹനങ്ങളില്‍ നിക്കല്‍ ബാറ്ററികളാണ് ഉപയോഗിച്ചിരുന്നത്. 300 മൈല്‍ റേഞ്ചുള്ള മോഡലും ഉടന്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഈ ചെറുകിട വാഹനങ്ങളില്‍ നിക്കല്‍ ബാറ്ററികള്‍ക്ക് പകരം ലിഥിയം അയേണ്‍ ഫോസ്‌ഫേറ്റ് (എല്‍എഫ്പി, LFP) ബാറ്ററികള്‍ ഉപയോഗിക്കാനാണ് നീക്കം.
ആദ്യം ചെറുകിട വാഹനങ്ങള്‍
ചെറുകിട വാഹനങ്ങളില്‍ ലിഥിയം അയേണ്‍ ബാറ്ററികള്‍ പരീക്ഷിക്കാനാണ് ഇലക്ട്രിക് വാഹന നിര്‍മാണ മേഖലയിലെ വമ്പന്‍ കമ്പനിയുടെ ആലോചന. 53 കെഡബ്യുഎച്ച്, 75 കെഡബ്യുഎച്ച് ശേഷിയുള്ള മോഡല്‍ വൈ, മോഡല്‍ 3 വാഹനങ്ങളിലാണ് ഈ ബാറ്ററികള്‍ ഉപയോഗിക്കുകയെന്ന് ടെസ്ലയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. എന്നാല്‍ പുതിയ മാറ്റം എന്ന് മുതലാണെന്ന് വ്യക്തമാക്കിയിട്ടില്ല. മോഡല്‍ 3,മോഡല്‍ വൈയും ഏറ്റവും കൂടുതല്‍ യുഎസ് വിപണിയിലാണ് നിലവില്‍ വിറ്റുപോകുന്നത്.
എന്തുകൊണ്ട് അയേണ്‍ ബാറ്ററികള്‍
നിക്കല്‍ ബാറ്ററികളെ അപേക്ഷിച്ച് എല്‍എഫ്പി ബാറ്ററികള്‍ക്ക് ചെലവ് കുറവാണ്. ഹ്രസ്വ റേഞ്ചില്‍ നിക്കല്‍ സെല്ലുകളേക്കാള്‍ കുറഞ്ഞ ഊര്‍ജ്ജം മാത്രമേ അയേണ്‍ ബാറ്ററികള്‍ ഉപയോഗിക്കുന്നുള്ളൂ. എന്നാല്‍ ഇവ ഭാരമുള്ളതും വലുതുമായിരിക്കും. ഈ ഒരു പോരായ്മയാണ് അയേണ്‍ ബാറ്ററികളില്‍ നിന്ന് നിര്‍മാതാക്കളെ മാറ്റിചിന്തിപ്പിച്ചിരുന്നത്. എന്നാല്‍ ചെലവും ഗുണവും അടിസ്ഥാനപ്പെടുത്തി നോക്കിയാല്‍ നിക്കല്‍ ബാറ്ററികളേക്കാള്‍ നല്ലതാണെന്ന നിഗമനത്തിലാണ് കമ്പനി. സുരക്ഷയുടെ കാര്യം നോക്കിയാലും നിക്കലിനേക്കാള്‍ നല്ലത് അയേണ്‍ ബാറ്ററികളാണ്. കാരണം തീപിടിക്കാനുള്ള സാധ്യത നിക്കല്‍ ബാറ്ററികളേക്കാള്‍ കുറവാണ് അയേണ്‍ ബാറ്ററികള്‍ക്ക്.
വെല്ലുവിളി
എല്‍എഫ്പി ബാറ്ററികളുടെ വിതരണക്കാര്‍ പ്രധാനമായും ചൈനക്കാരാണ്. നിലവിലെ രാഷ്ട്രീയ സംഘര്‍ഷ സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ യുഎസില്‍ എല്‍എഫ്പി ഫാക്ടറികള്‍ നിര്‍മിക്കാന്‍ ചൈനീസ് കമ്പനികള്‍ വെല്ലുവിളി നേരിടുന്നുണ്ടെന്ന് ടെസ്ല അഭിപ്രായപ്പെടുന്നു.
ചൈനീസ് കമ്പനിയായ ''കണ്ടംപററി അംപറെക്‌സ് ടെക്‌നോളജി'' യാണ് ടെസ്ലയുടെ വിതരണക്കാര്‍. ഇവര്‍ക്ക് യുഎസില്‍ ഫാക്ടറിയില്ല. എന്നാല്‍ ദക്ഷിണ കൊറിയന്‍ കമ്പനി 'എല്‍ജി എനര്‍ജി സൊലൂഷന്‍'ന് അരിസോണയില്‍ എല്‍എഫ്പി ബാറ്ററി പ്ലാന്റ് നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.