image

24 May 2023 8:30 AM GMT

Automobile

ടെസ്‌ല ഇന്ത്യയിലേക്ക് ? ഫാക്ടറിക്കായി പുതിയ സ്ഥലം ഉടന്‍ കണ്ടെത്തുമെന്ന് മസ്‌ക്

MyFin Desk

ടെസ്‌ല ഇന്ത്യയിലേക്ക് ? ഫാക്ടറിക്കായി പുതിയ സ്ഥലം ഉടന്‍ കണ്ടെത്തുമെന്ന് മസ്‌ക്
X

Summary

  • ടെസ്ലയ്ക്ക് കാലിഫോര്‍ണിയയിലെ ഫ്രീമോണ്ടില്‍ ഉള്‍പ്പെടെ യുഎസില്‍ നിരവധി ഫാക്ടറികളുണ്ട്
  • പ്രാദേശികമായി നിര്‍മിക്കുന്ന കാറുകള്‍ മാത്രം ഇന്ത്യയില്‍ വില്‍പന നടത്തിയാല്‍ മതിയെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം
  • ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയ ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വരെയുള്ള ഉല്‍പന്നങ്ങളുടെ ആവശ്യകത വര്‍ധിച്ചുവരികയാണ്


2023-അവസാനത്തോടെ പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല ഫാക്ടറിക്കായി പുതിയ സ്ഥലം കണ്ടെത്തുമെന്ന് സിഇഒ ഇലോണ്‍ മസ്‌ക് പറഞ്ഞു. ഇന്ത്യ താങ്കളുടെ പരിഗണനയിലുണ്ടോ എന്ന വാള്‍സ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ' തീര്‍ച്ചയായും ' എന്ന മറുപടിയാണ് മസ്‌ക് നല്‍കിയത്. ടെസ്‌ലയുടെ അടുത്ത ജിഗാ ഫാക്ടറിക്കായി മെക്‌സിക്കോയെ തിരഞ്ഞെടുത്ത കാര്യം ഈ വര്‍ഷം മാര്‍ച്ചില്‍ മസ്‌ക് അറിയിച്ചിരുന്നു.

ടെസ്ലയ്ക്ക് കാലിഫോര്‍ണിയയിലെ ഫ്രീമോണ്ടില്‍ ഉള്‍പ്പെടെ യുഎസില്‍ നിരവധി ഫാക്ടറികളുണ്ട്. ഇലക്ട്രിക് കാര്‍ നിര്‍മാതാവിന് ജര്‍മ്മനിയിലെ ബെര്‍ലിന്‍, ചൈനയിലെ ഷാങ്ഹായ് എന്നിവിടങ്ങളിലും ഫാക്ടറികളുണ്ട്.

ടെസ്‌ലയുടെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളുടെ ഒരു സംഘം ഇന്ത്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നതായി ഈ മാസം ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചൈനയ്ക്ക് പുറത്ത് ടെസ്‌ലയുടെ സാന്നിധ്യം വികസിപ്പിക്കാനും വളര്‍ന്നു വരുന്ന ഇലക്ട്രോണിക് വെഹിക്കിള്‍ (ഇവി) വിപണിയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമാണ് ഇതിലൂടെ ടെസ്‌ല ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ വിപണി ലക്ഷ്യമിടുന്ന ടെസ്‌ലയ്ക്ക് ഇന്ത്യയിലേക്ക് കാര്‍ ഇറക്കുമതി ചെയ്യാനാണ് താല്‍പര്യം. ആവശ്യകത എത്രയെന്ന് അറിഞ്ഞതിനു ശേഷം ഇന്ത്യയില്‍ ഉല്‍പാദനം ആരംഭിച്ചാല്‍ മതിയെന്നുമാണു ടെസ്‌ലയുടെ ആഗ്രഹം. എന്നാല്‍ പ്രാദേശികമായി നിര്‍മിക്കുന്ന കാറുകള്‍ മാത്രം ഇന്ത്യയില്‍ വില്‍പന നടത്തിയാല്‍ മതിയെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. മേക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതൊക്കെ ഇൗ തീരുമാനത്തിനു പിന്നിലുള്ള കാരണങ്ങളാണ്.

നിലവില്‍ ഇന്‍ഷുറന്‍സ്, ഷിപ്പിംഗ് ചെലവുകള്‍ ഉള്‍പ്പെടെ 40,000 ഡോളറില്‍ കൂടുതല്‍ വിലയുള്ള (30 ലക്ഷം രൂപ) ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് ഇന്ത്യ 100 ശതമാനം നികുതി ചുമത്തുന്നുണ്ട്.

40,000 ഡോളറില്‍ താഴെയുള്ള കാറുകള്‍ക്ക് 60 ശതമാനം ഇറക്കുമതി നികുതിയാണ് ചുമത്തുന്നത്.

40,000 ഡോളര്‍ (30 ലക്ഷം രൂപയില്‍ കൂടുതല്‍) വിലയുള്ള ടെസ്ല മോഡല്‍-3 യുഎസില്‍ അഫോഡബിളായിരിക്കും അഥവാ ചെലവ് വഹിക്കാന്‍ സാധിക്കുന്ന മോഡലായിരിക്കും. എന്നാല്‍ ഇന്ത്യയില്‍ ഇറക്കുമതി തീരുവ ചുമത്തുമ്പോള്‍ ടെസ്‌ലയുടെ വിപണിയിലെ വില ഏകദേശം 60 ലക്ഷം രൂപ പ്രതീക്ഷിക്കാം. ഈ വിലയില്‍ ടെസ്‌ല കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്രമാത്രം സ്വീകാര്യമാകുമെന്നതും വലിയൊരു ചോദ്യമാണ്. ഇന്ത്യയില്‍ ടെസ്‌ലയെ അവതരിപ്പിക്കുന്നതില്‍നിന്നും മസ്‌കിനെ പിന്തിരിപ്പിക്കുന്ന ഘടകവും ഇതാണ്.

ചൈനയും യുഎസും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആഗോള കമ്പനികള്‍ ഉല്‍പാദനത്തിനും (manufacturing) വിതരണ ശൃംഖലയ്ക്കും (supply chains) ബദല്‍ തേടുകയാണ്. ഇവിടെയാണ് ഇന്ത്യയുടെ പ്രാധാന്യം. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയ ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വരെയുള്ള ഉല്‍പന്നങ്ങളുടെ ആവശ്യകത വര്‍ധിച്ചുവരികയാണ്. ഈയൊരു ഘടകമാണ് അന്താരാഷ്ട്ര കമ്പനികളുടെ ഫേവറിറ്റാക്കി ഇന്ത്യയെ മാറ്റുന്നത്.