5 Jan 2023 9:30 AM GMT
ഉത്സവ കാലത്തോടനുബന്ധിച്ച് ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ മികച്ച മുന്നേറ്റത്തിന് ശേഷം ഡിസംബറില്‍ ഓട്ടോമൊബൈല്‍ വില്പന 5 ശതമാനം കുറഞ്ഞു. ഇരുചക്ര വാഹങ്ങളുടെ വില്പനയിലുണ്ടായ ഇടിവാണ് ഈ മേഖലയെ സാരമായി ബാധിച്ചത്. ഈ വിഭാഗത്തില്‍ 11 ശതമാനം കുറവാണ് സംഭവിച്ചതെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ ഡീലര്‍സ് അസോസിയേഷന്‍ (ഫാഡ) പുറത്തു വിട്ട ഡാറ്റയില്‍ പറയുന്നു.
നവംബറില്‍, വിവാഹ സീസണായതിനാല്‍ വാഹന വില്പന 26 ശതമാനമാണ് വര്‍ധിച്ചത്. ഒക്ടോബറിലെ ഉത്സവ സീസണില്‍ 48 ശതമാനത്തിന്റെ വര്‍ധനവും ഉണ്ടായി. മുച്ചക്ര വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍, ട്രാക്ടര്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവ യഥാക്രമം 42 ശതമാനം, 8 ശതമാനം, 5 ശതമാനം, 11 ശതമാനം വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. പണപ്പെരുപ്പത്തിന്റെ വര്‍ധനയും, വില കയറ്റവും, ഇവി വാഹനങ്ങളുടെ വില്പന വര്‍ധിച്ചതുമാണ് ഇരുചക്ര വാഹന വിഭാഗത്തിലെ വില്‍പ്പനയെ ബാധിച്ചത്.
വില്പന കോവിഡിന് മുന്‍പുള്ള നിലയിലേക്ക് എത്തിയിട്ടില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019 ഡിസംബറിലെ കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ മൊത്ത റീട്ടെയില്‍ വാഹന വില്പന 12 ശതമാനമാണ് കുറഞ്ഞത്. 21 ശതമാനം ഇടിവ് റിപ്പോര്‍ട്ട് ചെയ്ത ഇരുചക്ര വാഹന വിഭാഗം ഒഴികെ മുച്ചക്ര വാഹനങ്ങള്‍, പാസ്സഞ്ചര്‍ വാഹനങ്ങള്‍, ട്രാക്ടര്‍, വാണിജ്യ വാഹനങ്ങള്‍ തുടങ്ങിയ മറ്റു വിഭാഗങ്ങള്‍ യഥാക്രമം 4 ശതമാനം, 21 ശതമാനം, 27 ശതമാനം, 9 ശതമാനം നേട്ടമുണ്ടാക്കി.
2022 വര്‍ഷത്തില്‍, മൊത്ത വാഹന വില്പന വാര്‍ഷികാടിസ്ഥാനത്തില്‍ 15 ശതമാനം ഉയര്‍ന്നു. എന്നാല്‍ 2019 വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. എങ്കിലും പാസഞ്ചര്‍ വാഹനങ്ങള്‍ 2022 ല്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം 3.43 മില്യണ്‍ യൂണിറ്റുകളാണ് വിറ്റഴിച്ചത്.
കോവിഡ് കാലത്ത് മുച്ചക്ര വാഹന വിഭാഗത്തില്‍ വലിയ നഷ്ടം സംഭവിച്ചെങ്കിലും ശക്തമായി തിരിച്ചു വന്നു. ഇതില്‍ ഇലക്ട്രിക് റിക്ഷ വിഭാഗത്തിന് മൂന്നക്ക വളര്‍ച്ചയാണ് ഉണ്ടായത്. ഇതോടെ ഇവി വിപണിയിലെ വിഹിതം 50 ശതമാനത്തിലുമധികമായി. ട്രാക്ടര്‍ വിഭാഗത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വില്പന റിപ്പോര്‍ട്ട് ചെയ്തു. ഡിസംബറില്‍ 7,94000 യൂണിറ്റുകളാണ് വിറ്റത്.