14 Jan 2023 8:49 AM GMT
Summary
- വാഹന നിര്‍മാതാക്കള്‍ ഡീലര്‍മാര്‍ക്ക് വിതരണം ചെയ്തത് 9,34,955 യൂണിറ്റ് വാഹനങ്ങളാണ്.
ഡെല്‍ഹി: രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്പനയില്‍ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 23 ശതമാനം വര്‍ധന. ഉത്സവ കാലത്തുണ്ടായ ഉയര്‍ന്ന ഡിമാന്‍ഡാണ് വര്‍ധനക്ക് പിന്നിലെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം) വ്യക്തമാക്കി. വാഹന നിര്‍മാതാക്കള്‍ ഡീലര്‍മാര്‍ക്ക് വിതരണം ചെയ്തത് 9,34,955 യൂണിറ്റ് വാഹനങ്ങളാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7,61,124 യൂണിറ്റ് വാഹനങ്ങളാണ് വിതരണം ചെയ്തത്. ഡിസംബറില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്പന ഏഴ് ശതമാനം വര്‍ധിച്ച് 2,35,309 യൂണിറ്റുകളായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2,19,421 വാഹനങ്ങളാണ് വിറ്റഴിച്ചത്.
ഡിസംബര്‍ പാദത്തില്‍ വാണിജ്യ വാഹനങ്ങളുടെ വില്പന വാര്‍ഷികാടിസ്ഥാനത്തില്‍ 17 ശതമാനം വര്‍ധിച്ച് 2,27,111 യൂണിറ്റുകളായി. ഇരു ചക്ര വാഹനങ്ങളുടെ വില്പന ആറ് ശതമാനം ഉയര്‍ന്ന് 38,59,030 യൂണിറ്റുകളുമായി. മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 82,547 യൂണിറ്റുകളില്‍ നിന്നും 13,8511 യൂണിറ്റുകളായി. മൊത്ത വില്പന കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 46,68,562 യൂണിറ്റുകളില്‍ നിന്നും 51,59,758 യൂണിറ്റുകളായി.
2022 ല്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്പന എക്കാലത്തെയും റെക്കോര്‍ഡ് വര്‍ധനയായ 38 ലക്ഷം യൂണിറ്റുകളായി. 2018 ലാണ് ഇതിനു മുന്‍പ് ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തിയിട്ടുള്ളത്. 2018 ലേക്കാള്‍ നാല് ലക്ഷം യൂണിറ്റുകളുടെ വര്‍ധനയാണ് ഇത്തവണ ഉണ്ടായത്. 2022 ല്‍ 9.3 ലക്ഷം വാണിജ്യ വാഹനങ്ങളാണ് വില്‍പ്പന നടത്തിയത്. 2018 റിപ്പോര്‍ട്ട് ചെയ്ത റെക്കോര്‍ഡ് വില്‍പ്പനയില്‍ നിന്നും 72,000 യൂണിറ്റുകളുടെ കുറവാണ് ഇത്തവണ ഉണ്ടായത്.