14 Dec 2022 8:51 AM GMT
Summary
- ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരം ബാറ്ററി നിര്‍മ്മിക്കുന്നത്.
ചെന്നൈ: രാജ്യത്തെ വൈദ്യുത വാഹന മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് ഗോഡി ഇന്ത്യ എന്ന ബാറ്ററി നിര്‍മ്മാണ കമ്പനി. സിലിക്കണ്‍ ആനോഡ് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ലിഥിയം-അയണ്‍ ബാറ്ററികളാണ് കമ്പനി ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത്. ഇത്തരം ബാറ്ററികള്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ കമ്പനിയാണ് ഗോഡി ഇന്ത്യ.
നിലവില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഗ്രാഫൈറ്റ് ബാറ്ററികളെക്കാള്‍ 15-20 ശതമാനം അധിക പ്രവര്‍ത്തനക്ഷമത സിലിക്കണ്‍ ആനോഡ് ബാറ്ററികള്‍ക്കുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് 5.2 എഎച്ച് (ആംപിയര്‍ അവേഴ്സ്), 21700 സിലിണ്ടറിക്കല്‍ ലിഥിയം അയണ്‍ ബാറ്ററികള്‍ (275 ഡബ്ല്യുഎച്ച്/കെജി (വാട്ട്-അവര്‍ പെര്‍ കിലോഗ്രാം) ഊര്‍ജ്ജ ക്ഷമതയുള്ളത്) പുറത്തിറക്കുന്നത്.
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളില്‍ ഉള്‍പ്പെടുത്തുന്ന 5.0-5.2 എഎച്ച് ബാറ്ററികള്‍ക്കായി 100 എംഡബ്ല്യുഎച്ച് ഉല്‍പ്പാദന സൗകര്യവും തുടര്‍ന്ന് ജിഡബ്ല്യുഎച്ച് പ്ലാന്റ് ആരംഭിക്കുന്നതിനും ഗോഡി ഇന്ത്യ ആസൂത്രണം ചെയ്യുന്നുണ്ട്. സിലിക്കണിനെ ഭാവിയിലെ ഊര്‍ജ്ജമായി കണക്കാക്കുന്ന കമ്പനി 2030-ഓടെ അഞ്ച് ബില്യണ്‍ ഡോളറിന്റെ ലിഥിയം-അയണ്‍ ബാറ്ററി വിപണിയാണ് ലക്ഷ്യമിടുന്നത്. ഗ്രാഫൈറ്റ് ആനോഡുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിലിക്കണ്‍ അധിഷ്ഠിത സെല്ലുകള്‍ക്ക് ഏകദേശം പത്തിരട്ടി ഊര്‍ജ്ജം സംഭരിക്കാന്‍ കഴിയും.