image

11 Feb 2023 10:31 AM GMT

Automobile

ട്രാക്ടർ വില്പന കുതിച്ചുയർന്നു; മഹീന്ദ്രയുടെ അറ്റാദായം 14 ശതമാനം വർധിച്ചു

MyFin Bureau

mahindra and mahindra standalone profit growth
X

Summary

  • വരുമാനം 41 ശതമാനം ഉയർന്ന് 21,654 കോടി രൂപയായി
  • എസ് യുവി വിഭാഗം വിപണി വിഹിതത്തിൽ മുൻ നിരയിൽ


മുംബൈ: നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സ്റ്റാൻഡ് എലോൺ അറ്റാദായം 14 ശതമാനം വർധിച്ച് 1,528 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,335 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.

വരുമാനം 41 ശതമാനം ഉയർന്ന് 21,654 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 15,349 കോടി രൂപയായിരുന്നു.

ഈ പാദത്തിൽ 1,76,094 വാഹനങ്ങളാണ് വിറ്റഴിച്ചത്. മുൻ വർഷം ഇതേ കാലയളവിൽ നിന്ന് 45 ശതമാനത്തിന്റെ വർധനവാണുണ്ടായത്. കഴിഞ്ഞ വർഷം ഡിസംബർ പാദത്തിൽ 1,21,167 വാഹനങ്ങളാണ് വിറ്റഴിച്ചത്.

ട്രാക്ടർ വില്പന വാർഷികാടിസ്ഥാനത്തിൽ 14 ശതമാനം വർധിച്ചു. മുൻ വർഷം 91,769 വാഹനങ്ങളുടെ വില്പന രേഖപെടുത്തിയപ്പോൾ ഇത്തവണ 1,04,850 വാഹനങ്ങളാണ് വിറ്റു പോയത്.

ഓട്ടോ മൊബൈൽ ഡിവിഷനിൽ ഉള്ള മുന്നേറ്റം ഈ പാദത്തിലും മികച്ച ഫലങ്ങൾ ഉണ്ടാകുന്നതിനു അനുകൂലമായി എന്ന് മാനേജിങ് ഡയറക്ടർ അനീഷ് ഷാഹ് പറഞ്ഞു. കാർഷിക മേഖലയും വിപണി വിഹിതം വർധിക്കുന്നതിലൂടെ ശക്തിയാർജിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എബിറ്റെട 56 ശതമാനം ഉയർന്ന് 1,803 കോടി രൂപയിൽ നിന്ന് 2,814 കോടി രൂപയായി. മാർജിൻ വാർഷികാടിസ്ഥാനത്തിൽ 11.7 ശതമാനത്തിൽ നിന്ന് 13 ശതമാനമായി. പ്രവർത്തന മാർജിൻ 130 ബേസിസ് പോയിന്റ് വർധിച്ച് 13 ശതമാനമായി.

എസ് യുവി വിഭാഗത്തിൽ തുടർച്ചയായ നാലാം പാദത്തിലും വിപണി വിഹിതത്തിൽ മുൻ നിരയിൽ തന്നെ തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഈ പാദത്തിൽ ‘എക്സ് യുവി400’ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ട്രാക്കർ ബിസിനസിൽ 41 ശതമാനം വിപണി വിഹിതം നേടി കഴിഞ്ഞ 5 വർഷത്തെ ഏറ്റവും ഉയർന്ന വിഹിതം കമ്പനി നേടി എന്നും എംഡി വ്യക്തമാക്കി.

എംആൻഡ്എമ്മിന്റെ കൺസോളിഡേറ്റഡ് അറ്റാദായം 34 ശതമാനം വർധിച്ച് 1,987 കോടി രൂപയിൽ നിന്ന് 2,677 കോടി രൂപയായി.

വരുമാനം 23,594 കോടി രൂപയിൽ നിന്ന് 30,620 കോടി രൂപയായി.