30 March 2023 9:45 AM GMT
ഏഴ് ലക്ഷത്തിന് കോംപാക്ട് എസ്‌യുവി; മാരുതി സുസുകി ഫ്രോങ്‌സിന്റെ ഫീച്ചറുകള്‍ അറിയാം
MyFin Desk
Summary
- 2023 ഓട്ടോ എക്സ്പോയിലാണ് ഫ്രോങ്സിനെ കമ്പനി അനാവരണം ചെയ്തത്
- 11000 രൂപയാണ് ബുക്കിങ്ങിനുള്ള ടോക്കണ്‍
- മേല്‍ഭാഗത്ത് ചരിഞ്ഞ ഡിസൈനാണ് മറ്റൊരു പ്രത്യേകത
മാരുതി സുസുകിയുടെ പുതിയ കോംപാക്ട് എസ്‌യുവി ഫ്രോങ്‌സ് ഈ ഏപ്രില്‍ മാസം പകുതിയോടെ വിപണിയില്‍ എത്തും. കാര്‍ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ മോഡലിന് ഇപ്പോള്‍ തന്നെ 15,500 പേര്‍ ബുക്ക് ചെയ്തു. 2023 ഓട്ടോ എക്സ്പോയിലാണ് ഫ്രോങ്സിനെ കമ്പനി അനാവരണം ചെയ്തത്. 11000 രൂപയാണ് ബുക്കിങ്ങിനുള്ള ടോക്കണ്‍. ഈ കോംപാക്ട് എസ് യുവിയുടെ അഞ്ച് പ്രത്യേകതകള്‍ താഴെ പറയാം.
ഇന്റീരിയര്‍
മാരുതി സുസുകി ഫ്രോങ്‌സ് നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി വില്‍പ്പനക്കെത്തും. ഈ മോഡലിന്റെ ഇന്റീരിയര്‍ വിശേഷങ്ങള്‍ പറഞ്ഞാല്‍ ബലേനോ അടിസ്ഥാനപ്പെടുത്തിയുള്ള 9.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ,എച്ച് യുഡി ,അര്‍കമിസ് സൗണ്ട്‌സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ ആന്റ് ആപ്പിള്‍ കാര്‍പ്ലേ,കണക്ടഡ് കാര്‍ ടെക്‌നോളജി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സി ടൈപ്പ് ചാര്‍ജര്‍ തുടങ്ങിയവയൊക്കെ ഉണ്ടായിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഇന്റീരിയറില്‍ എല്ലാവിധ നൂതന സംവിധാനങ്ങളും റെഡിയാണ്.
ഡിസൈന്‍
ഈ കോംപാക്ട് എസ് യുവിയുടെ രൂപകല്‍പ്പന നോക്കിയാല്‍ ഗ്രാന്റ് വിതാര എസ്‌യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് തോന്നും. മുന്‍വശത്തെ ഫാസിയയില്‍ ഹെക്‌സഗണല്‍ ഗ്രില്ലും സ്പ്ലിറ്റ് ഹെഡ്‌ലാമ്പും ചാരുതയേകുന്നു. ഡേ ടൈം റണ്ണിങ് ലാമ്പുകളില്‍ എല്‍ഇഡിയാണ് നല്‍കിയിരിക്കുന്നത്. സൈഡ് പ്രൊഫൈലില്‍ ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകളാണ് നല്‍കിയിരിക്കുന്നത്. 16 ഇഞ്ച് അലോയ് വീലുകളാണുള്ളത്. മേല്‍ഭാഗത്ത് ചരിഞ്ഞ ഡിസൈനാണ് മറ്റൊരു പ്രത്യേകത. പിന്‍ഭാഗം അല്‍പ്പം സ്‌പോര്‍ട്ടിയും അഗ്രസ്സീവ് ലുക്കും പ്രത്യേകം എടുത്തുപറയാം.
ശേഷി
ഫ്രോങ്‌സിന് 1.2 ലിറ്റര്‍ ശേഷിയുള്ള മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിന്‍ 88.8 എച്ച്പി പവറും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 5 സ്പീഡ് എഎംടി യൂനിറ്റുമുണ്ട്. 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 98 എച്ച്പി പവറും 148 എന്‍എം ടോര്‍ക്കും ഉല്‍പ്പാിപ്പിക്കും. ഈ എഞ്ചിനുള്ള മോഡലിന് 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും 6 സ്പീഡ് ടോര്‍ക് കണ്‍വര്‍ട്ടര്‍ എടി യൂനിറ്റും ഉണ്ട്. ഇവയിലേതെങ്കിലും തിരഞ്ഞെടുക്കാം.
മാരുതി ഫ്രോങ്‌സ് മാത്രമാണ് ഒരു ലിറ്റര്‍ ടര്‍ബോ എഞ്ചിനും റീജനറേറ്റീവ് ബ്രേക്കിങ്ങും ഇലക്ട്രിക് ടോര്‍ക്കിന്റെ പിന്തുണയുമൊക്കെയുള്ള ഇന്ത്യയിലെ ഏക മോഡല്‍. ഇതിന് ഐഡിയല്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് ഫീച്ചറാണുള്ളത്.
സുരക്ഷ
സുരക്ഷയുടെ കാര്യത്തിലും ഈ കോംപാക്ട് എസ് യുവി മുമ്പനാണ്. മുമ്പില്‍ രണ്ട് എയര്‍ബാഗുകളുണ്ട്. കാര്‍ പെട്ടെന്ന് നിര്‍ത്തുമ്പോള്‍ വാഹനത്തിന്റ ലൈനപ്പും വീലുകളും നിയന്ത്രിക്കുന്ന ഫീച്ചറുകളായ എബിഎസ് ,ഇബിഡിയും കമ്പനി ഉറപ്പാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മികച്ച നിലവാരം ഉറപ്പുതരുന്നു. 360 ഡിഗ്രി ക്യാമറയും സൈഡ് എയര്‍ബാഗുകളും ഉണ്ട്. കയറ്റം കയറുമ്പോള്‍ ബ്രേക്ക് പിടിച്ച് വിടുമ്പോള്‍ കാര്‍ പിന്നിലേക്ക് ഉരുളുമ്പോള്‍ നിയന്ത്രിക്കുന്ന ഫീച്ചറായ ഹില്‍ ഹോള്‍ഡ് അസിസ്റ്റ് മാരുതിയുടെ ഈ മോഡലിലും ഉണ്ട്. മാരുതിയുടെ പല മോഡലിലും ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വില
മാരുതി സുസുകി ഫ്രോങ്‌സിനെ ബലേനോയ്ക്ക് മുകളിലും ബ്രെസ്സയ്ക്ക് താഴെയുമായാണ് നിര്‍മാതാക്കള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കോംപാക്ട് എസ് യുവിക്ക് ഇന്ത്യന്‍ വിപണിയില്‍ ഏഴ് ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതലാണ് വില തുടങ്ങുന്നത്. ടാറ്റാ പഞ്ചും റനൗള്‍ട്ട് കിഗറും നിസ്സാന്‍ മഗ്നൈറ്റുമൊക്കെയായിരിക്കും വിപണിയിലെ പ്രധാന എതിരാളികള്‍.