image

2 Jan 2023 6:03 AM GMT

Automobile

വാഹന വില്‍പ്പന റെക്കോഡില്‍: 2022 ല്‍ രാജ്യത്ത് വിറ്റത് 37.93 ലക്ഷം കാറുകള്‍

MyFin Desk

auto sales hike
X

Photo : Anandhu MyFin


ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 2022 ല്‍ റെക്കോഡ് നേട്ടം. കഴിഞ്ഞ വര്‍ഷം 3.793 ദശലക്ഷം യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. ഉയര്‍ന്ന ഡിമാന്‍ഡിന്റെയും, സെമി കണ്ടക്ടറുകളുടെ വിതരണം മെച്ചപ്പെട്ടതാണ് കാരണം. 2021 ലെ വില്‍പ്പനയെക്കാള്‍ 23.1 ശതമാനം ഉയര്‍ന്ന വില്‍പ്പനയാണിത്.

ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ഹ്യുണ്ടായി തുടങ്ങിയ കമ്പനികളെല്ലാം കോവിഡിന്റെ ആഘാതങ്ങളില്‍ നിന്നും മെച്ചപ്പെട്ട നിലയിലേക്ക് എത്തിയെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകള്‍ എന്നാണ് വാഹന കമ്പനി പ്രതിനിധികളുടെ അഭിപ്രായം.

വാഹന കമ്പനികള്‍ വില്‍പ്പനയ്ക്കായി ഡീലര്‍മാര്‍ക്ക് കൈമാറിയ വാഹനങ്ങളുടെ കണക്കാണ് വില്‍പ്പന കണക്കായി പുറത്തു വിട്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി 1.579 ദശലക്ഷം വാഹനങ്ങള്‍ വിറ്റ് 15.4 ശതമാനത്തിന്റെ വളര്‍ച്ചയാണ് 2022 ല്‍ നേടിയത്. ടാറ്റ മോട്ടോഴ്‌സ്, കിയ ഇന്ത്യ, ടൊയോട്ട കിര്‍ലോസ്‌കര്‍ എന്നിവ യഥാക്രമം 58.2 ശതമാനം, 40.2 ശതമാനം, 22.6 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ച നേടിയത്. 2018 ലാണ് രാജ്യത്തെ വാഹന വില്‍പ്പന ഇതിനു മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയത്. അന്ന് 3.38 ദശലക്ഷം യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. അതിനെക്കാള്‍ 14 ശതമാനം കൂടുതലാണിത്.

സെമി കണ്ടക്ടര്‍ ചിപ്പുകളുടെ വിതരണം 2021 ലേക്കാള്‍ മെച്ചപ്പെട്ടതും വാഹന വില്‍പ്പന മെച്ചപ്പെടാന്‍ കാരണമായിയെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. ടാറ്റ മോട്ടോര്‍ 526,798 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. ടൊയോട്ട കിര്‍ലോസ്‌കര്‍ 160,357 യൂണിറ്റ് വാഹനങ്ങളും വിറ്റഴിച്ചു. ഹ്യുണ്ടായി രാജ്യത്തെ രണ്ടാമത്തെ വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളാണ്. ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് 2022 ല്‍ 552,500 യൂമിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചു. ഇത് 2021 ലേക്കാള്‍ ഒമ്പത് ശതമാനം അധികമാണ്.എസ് യുവി വിഭാഗത്തിലാണ് ഏറ്റവുമധികം വില്‍പ്പന നടന്നത്.