7 Jun 2023 7:35 AM GMT
Summary
- ഗുജറാത്തില്‍ പുതിയ ബാറ്ററി പ്ലാന്റ് പ്രഖ്യാപിച്ചതോടെ ടാറ്റ മോട്ടോര്‍സിന്റെ ഓഹരി 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ
- 2016ല്‍ ടാറ്റയുടെ ആര്‍ ആന്റ് ഡി സംഘം നേരെ യുകെയിലേക്ക്
- രാജ്യത്തുടനീളം ഇവി ചാര്‍ജിംഗ് സംവിധാനമൊരുക്കാന്‍ ടാറ്റ പവര്‍ രംഗത്തെത്തി
ഇന്ത്യന്‍ കാര്‍ മാര്‍ക്കറ്റ് അത് മാരുതി സുസുക്കിയുടേത് മാത്രമായിരുന്നു, 2018 വരെ. ഇപ്പോഴും ആധിപത്യം മാരുതി സുസുക്കിയുടേതാണെങ്കിലും ഇന്ത്യന്‍ വാഹന വിപണിയുടെ പള്‍സ് മാറിയിട്ടുണ്ട്. അത് കൈയ്യടക്കാന്‍ പോകുന്നത് മറ്റാരുമല്ല, ഒന്നുമല്ലാതെ പതിയെ പോയിരുന്ന ടാറ്റ മോട്ടോര്‍സാണ്. 2018 ല്‍ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) കാലം വന്നതോടെയാണ് ടാറ്റ അതിന്റെ സര്‍വ്വശക്തിയുമെടുത്ത് ബാറ്റണ്‍ കൈപ്പറ്റിയത്. രണ്ടു ദിവസം മുന്നേ ടാറ്റ പുതിയൊരു ഗിഗാ പ്ലാന്റ് പ്രഖ്യാപിച്ചിരിക്കുകയാണ്, 13,000 കോടി രൂപയുടെ!
ഇന്ത്യന്‍ കാര്‍ വിപണി, 10 ലക്ഷത്തിന് താഴെയുള്ള കാറുകളാണ് ആഗ്രഹിക്കുന്നതെന്ന കാര്യം ഊട്ടിയുറപ്പിക്കുന്നതായിരുന്നു മാരുതി സുസുക്കിയുടെ ഇത്രയും കാലത്തെ തേരോട്ടം. ഇവിയിലേക്ക് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുകയും ഇവിയിലേക്ക് മാറാന്‍ ആഹ്വാനം വരികയും ചെയ്ത സമയത്തും മാരുതി സുസുക്കി വലിയ കാര്യമാക്കാത്തതും അതുകൊണ്ടായിരിക്കണം. ഇവിയിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നതായി സര്‍ക്കാര്‍ സബ്‌സിഡി പ്രഖ്യാപിച്ചെങ്കിലും മാരുതി സുസുക്കി ഗൗനിച്ചില്ല.
പക്ഷേ, ടാറ്റയ്ക്ക് അതു മതിയായിരുന്നു. ചെലവ് കൂടിപ്പോകുമെന്ന കാര്യം ടാറ്റ കണക്കിലെടുത്തില്ല. അവര്‍ക്ക് പുതിയ മുന്നേറ്റത്തില്‍ ആദ്യമെത്തണമായിരുന്നു. അവസരമുണ്ടെന്ന് മനസിലാക്കി ടാറ്റ ഒരു മുഴം മുമ്പേ എറിഞ്ഞു. എല്ലാവരെയും പോലെ ഫാക്ടറി പണിയാനും അവിടെ നിന്ന് വാഹന മുണ്ടാക്കാനും ശ്രമിക്കാതെ മികച്ചൊരു തന്ത്രം പുറത്തെടുത്തു.
2016ല്‍ ടാറ്റയുടെ ആര്‍ ആന്റ് ഡി സംഘം നേരെ യുകെയിലേക്ക് വെച്ച് പിടിക്കുകയും അവിടുന്ന് ഒരു ഹാച്ച്ബാക്ക് ഐസിഇ (Internal Combustion Engine) സിംപിളായി മാറ്റിപ്പിടിച്ച് ഇവി ബാറ്ററിയും ഇലക്ട്രിക് മോട്ടോറും ഘടിപ്പിക്കുകയും ചെയ്തു. സംഭവം ഓക്കെയായി. ഒറ്റ ചാര്‍ജില്‍ കാര്‍ 100 കിലോമീറ്റര്‍ ഓടുകയും ചെയ്തു. ഈ സ്ട്രാറ്റജി നല്ല പണലാഭം കമ്പനിക്കുണ്ടാക്കുമെന്ന് കണക്കാക്കിയ സംഘം, കൂടുതല്‍ പരീക്ഷണം നടത്തി. പല പരീക്ഷണങ്ങള്‍ക്കൊടുവില്‍ രണ്ടു വര്‍ഷത്തിനു ശേഷം ടാറ്റ ടിഗോര്‍ ഇവി പുറത്തിറക്കി. ഇന്ത്യയുടെ ആദ്യത്തെ ഇവി. ഒറ്റ ചാര്‍ജില്‍ 213 കിലോ മീറ്റര്‍ ഓടും. വിലയോ? 10 ലക്ഷത്തിനു താഴെ തന്നെ!
വേണം, വഴിയില്‍ പെടാത്ത കാര്‍
സംഭവം ക്ലിക്കായെങ്കിലും കാര്‍ വിറ്റുപോവുന്നില്ല. അങ്ങനെയാണ് ടാറ്റ സര്‍വേയ്‌ക്കൊരുങ്ങുന്നത്. അപ്പോഴാണ് ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നം ടാറ്റ തിരിച്ചറിയുന്നത്, ''ചാര്‍ജ് തീര്‍ന്ന് വഴിയില്‍ പെട്ടു പോയാല്‍ എന്തു ചെയ്യും?''. 200 കിലോമീറ്ററെങ്കിലും ധൈര്യത്തോടെ ഓടാന്‍ പറ്റണം. അപ്പോള്‍ 300 കിലോമീറ്റര്‍ റേഞ്ചെങ്കിലും നല്‍കാന്‍ പറ്റണമെന്ന് ടാറ്റയ്ക്ക് ബോധ്യപ്പെട്ടു. അതെന്തായാലും ചെലവ് കൂടുന്ന പരിപാടിയാണ്. സ്വാഭാവികമായും കാറിന്റെ വിലയും കൂടും. പക്ഷേ, അങ്ങനെയൊരു കാര്‍ വരികയാണെങ്കില്‍ 25% വരെ അധിക വില നല്‍കാന്‍ ഉപയോക്താക്കള്‍ തയ്യാറാകുമെന്നും സര്‍വേയില്‍ വ്യക്തമായി.
ഹാച്ച്ബാക്കിനെ വിട്ട് എസ് യുവിയില്‍ പിടിക്കാന്‍ ടാറ്റ തീരുമാനിച്ചു. അങ്ങനെയാണ് 2020 ജനുവരിയില്‍ ടാറ്റയുടെ നെക്‌സോണ്‍ ഇവി ഇറങ്ങുന്നത്. 10 ലക്ഷം എന്ന പരിധി കടന്നതൊന്നും ആളുകള്‍ക്ക് പ്രശ്‌നമായില്ല. ലോഞ്ച് ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കാര്‍ സൂപ്പര്‍ ഹിറ്റായി. ആ വര്‍ഷം വിറ്റ 3000 ഇലക്ട്രിക് കാറുകളില്‍ 70 ശതമാനവും ടാറ്റയുടെ നെക്‌സോണായിരുന്നു.
പുതിയ യൂണിവേഴ്‌സ്, ടാറ്റയുടെ UniEVerse
കാര്‍ പുറത്തിറക്കി മിണ്ടാതിരിക്കാനായിരുന്നില്ല ടാറ്റയുടെ തീരുമാനം. രാജ്യത്തെ ഇവി സാമ്രാജ്യത്തില്‍ ആധിപത്യം തങ്ങള്‍ക്കായിരിക്കണമെന്ന് അവര്‍ ഉറപ്പിച്ചു. പിന്നീടുള്ള നീക്കങ്ങളെല്ലാം അങ്ങനെയായിരുന്നു. രാജ്യത്തുടനീളം ഇവി ചാര്‍ജിംഗ് സംവിധാനമൊരുക്കാന്‍ ടാറ്റ പവര്‍ രംഗത്തെത്തി. ഇതിനകം 3600 ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 25000 ആയി ഉയര്‍ത്തും.
ബാറ്ററി നിര്‍മാണത്തിനായി ആവശ്യമുള്ള പ്രധാന ഘടകമായ ലിഥിയം നിര്‍മാണത്തിനായി ടാറ്റ കെമിക്കല്‍സും മുന്നോട്ടെത്തി. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ 13,000 കോടി രൂപയുടെ പദ്ധതിക്ക് തുടക്കമിടുന്നത്. ടാറ്റയുടെ ഇവി കുതിപ്പിന് ബലമേകുന്നത് തന്നെയാണ് പുതിയ പദ്ധതിയും.