5 Jun 2023 5:50 AM GMT
ലിഥിയം ബാറ്ററി നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പ്; ഒരുങ്ങുന്നത് 13000 കോടിയുടെ പ്ലാന്റ്
MyFin Desk
Summary
- 20 ജിഗാവാട്ട് മണിക്കൂര്‍ ഉല്‍പാദനശേഷിയുള്ള പ്ലാന്റ് നേരിട്ടും അല്ലാതെയും 13000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
- ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റ മോട്ടോഴ്‌സിന് വലിയ രീതിയിലുള്ള കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്
- 2070-ഓടെ രാജ്യത്തെ കാര്‍ബണ്‍ നെറ്റ് സീറോ ആക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍
വൈദ്യുത വാഹനങ്ങള്‍ക്കുള്ള ലിഥിയം ബാറ്ററി നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാനൊരുങ്ങുകയാണ് ടാറ്റ ഗ്രൂപ്പ്. 13000 കോടി രൂപ മുതല്‍മുടക്കില്‍ ഗുജറാത്തിലെ സനന്ദനിലാണ് ജിഗാ-ഫാക്ടറി യൂണിറ്റ് സ്ഥാപിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അഗ്രതാസ് എനര്‍ജി സ്റ്റോറേജ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡും ഗുജറാത്ത് സര്‍ക്കാരും ഇതുസംബന്ധിച്ച ധാരണപത്രത്തില്‍ ജൂണ്‍ രണ്ടിന് ഒപ്പുവച്ചു. മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്ലാന്റ് യാഥാര്‍ഥ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യ സ്വന്തമായി ഇലക്ട്രിക് വാഹന (ഇവി) വിതരണ ശൃംഖല (supply chain) സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ടാറ്റ പുതിയ ലിഥിയം ബാറ്ററി യൂണിറ്റ് നിര്‍മിക്കാന്‍ പോകുന്നത്. നിലവില്‍ ടാറ്റമോട്ടോഴ്‌സിന് സനന്ദനില്‍ വാഹന നിര്‍മാണ ഫാക്ടറികളുണ്ട്. സമീപകാലത്ത് ഫോഡ് മോട്ടോഴ്‌സിന്റെ പ്ലാന്റ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. 2070-ഓടെ രാജ്യത്തെ കാര്‍ബണ്‍ നെറ്റ് സീറോ (carbon net zero) ആക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കാര്‍ബണ്‍ നെറ്റ് സീറോ എന്നാല്‍ ഹരിതഗൃഹ വാതക ഉദ്വമനം (പുറന്തള്ളല്‍) പരമാവധി പൂജ്യത്തോട് അടുത്ത് കുറയ്ക്കുക എന്നതാണ്.
ഈ സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന് ശക്തിപകരുന്ന നീക്കമാണ് ലിഥിയം ബാറ്ററി നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിലൂടെ ടാറ്റ നടത്തിയിരിക്കുന്നത്.
20 ജിഗാവാട്ട് മണിക്കൂര്‍ ഉല്‍പാദനശേഷിയുള്ള പ്ലാന്റ് നേരിട്ടും അല്ലാതെയും 13000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
ടാറ്റ മോട്ടോഴ്‌സിന്റെ ഉപകമ്പനിയായ ജാഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍ ഏപ്രില്‍ മാസത്തില്‍ വൈദ്യുത വാഹനങ്ങള്‍ സംബന്ധിച്ച നയം പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്പനി 1,900 കോടി ഡോളര്‍ നിക്ഷേപം നടത്താനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഇതിനു പുറമെ യൂറോപ്പില്‍ പ്ലാന്റ് സ്ഥാപിക്കാനും കമ്പനിക്ക് ലക്ഷ്യമുണ്ട്.
ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റ മോട്ടോഴ്‌സിന് വലിയ രീതിയിലുള്ള കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന മെയ് മാസത്തെ വാഹന വില്‍പ്പനയുമായി ബന്ധപ്പെട്ട കണക്കില്‍ 66 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം മെയ്മാസം 3,505 യൂണിറ്റ് വില്‍പ്പന നടത്തിയപ്പോള്‍ ഈ വര്‍ഷം മെയ്മാസത്തില്‍ 5,805 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയത്.