image

6 Jun 2023 9:22 AM GMT

Automobile

വില്‍പ്പനയില്‍ 5 ലക്ഷം പിന്നിട്ട് കിയ സെല്‍റ്റോസ്

Antony Shelin

kia seltos cross 5 lakh in sales
X

Summary

  • 2019 ഓഗസ്റ്റിലാണ് കിയ സെല്‍റ്റോസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്
  • 46 മാസം കൊണ്ട് അഞ്ച് ലക്ഷം സെല്‍റ്റോസ് വിറ്റഴിച്ചു
  • കമ്പനിയുടെ മൊത്തത്തിലുള്ള വില്‍പ്പനയുടെ 55 ശതമാനവും സംഭാവന ചെയ്യുന്നത് ഈ എസ്‌യുവിയാണ്


കിയ എന്ന ദക്ഷിണ കൊറിയന്‍ ഓട്ടോമൊബൈല്‍ കമ്പനി ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയില്‍ 46 മാസം കൊണ്ട് അഞ്ച് ലക്ഷം സെല്‍റ്റോസ് എന്ന എസ്‌യുവികള്‍ വിറ്റഴിച്ചിരിക്കുന്നു. ചുരുങ്ങിയ കാലയളവിനുള്ളിലാണു വലിയ നേട്ടം കിയ കൈവരിച്ചത്.

2019 ഓഗസ്റ്റിലാണ് കിയ സെല്‍റ്റോസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഹ്യുണ്ടായ് കമ്പനിയുടെ ക്രെറ്റയും മറ്റ് മുന്‍നിര മോഡലുകളും അരങ്ങുവാഴുന്ന വിപണിയിലേക്ക് സെല്‍റ്റോസുമായി കിയ എത്തുമ്പോള്‍ ആരും വിചാരിച്ചില്ല കമ്പനി ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളില്‍ വലിയ നേട്ടം കൈവരിക്കുമെന്ന്. ആകര്‍ഷണീയത ഉളവാക്കുന്ന ഡിസൈനും, ഫീച്ചര്‍ കൊണ്ട് സമൃദ്ധമായ ഇന്റീരിയറുകളും, മികച്ച എന്‍ജിനുമൊക്കെയാണ് സെല്‍റ്റോസിനെ വിപണിയുടെ പ്രിയങ്കരനാക്കിയത്.

കിയ മോട്ടോഴ്സ് ഇന്ത്യയുടെ രാജ്യത്തുടനീളമുള്ള വിപുലമായ വില്‍പ്പന, സേവന ശൃംഖല സെല്‍റ്റോസിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. അസാധാരണമായ വില്‍പ്പനാനന്തര സേവനം നല്‍കുന്നതിലും ദീര്‍ഘകാല ഉപഭോക്തൃ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുമുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയും ഇന്ത്യന്‍ വാഹന വിപണിയില്‍ അതിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തി.

ആഭ്യന്തര വില്‍പ്പനയും, കയറ്റുമതിയും ഉള്‍പ്പെടെ കമ്പനിയുടെ മൊത്തത്തിലുള്ള വില്‍പ്പനയുടെ 55 ശതമാനവും സംഭാവന ചെയ്യുന്നത് ഈ ഇടത്തരം എസ്‌യുവിയാണ്.

ഇന്ത്യയില്‍ നിര്‍മിച്ച് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, തെക്കേ അമേരിക്ക, മെക്‌സിക്കോ, ഏഷ്യ പസഫിക് മേഖല എന്നിവയുള്‍പ്പെടെ 100-ലേറെ വിദേശവിപണിയിലേക്ക് 1.35 ലക്ഷം യൂണിറ്റ് സെല്‍റ്റോസാണ് കമ്പനി കയറ്റുമതി ചെയ്തത്. ഹ്യുണ്ടായ് ക്രെറ്റയുമായി പ്ലാറ്റ്‌ഫോമും എന്‍ജിനും സെല്‍റ്റോസ് പങ്കിടുന്നുണ്ടെങ്കിലും കാഴ്ച്ചയില്‍ ഇവ രണ്ടും വ്യത്യസ്തമാണ്.

കിയ സെല്‍റ്റോസ് എസ്യുവിയുടെ 2023 മോഡല്‍ കിയ ഇന്ത്യ ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. കോംപാക്റ്റ് എസ്യുവി ഇപ്പോള്‍ ബിഎസ് 6 ഫേസ് 2, ആര്‍ഡിഇ എമിഷന്‍ ചട്ടങ്ങള്‍ പാലിച്ചു കൊണ്ടാണ് വിപണിയിലിറക്കുന്നത്.

സെല്‍റ്റോസിനു പുറമെ കോംപാക്റ്റ് എസ്‌യുവി വിഭാഗത്തില്‍പ്പെട്ട സോണറ്റ്, മള്‍ട്ടി പര്‍പസ് വെഹിക്കിള്‍ (എംപിവി) വിഭാഗത്തില്‍പ്പെട്ട കാരന്‍സ് എന്നീ മോഡലുകളും കിയ വിപണിയിലിറക്കുന്നുണ്ട്. പ്രീമിയം വിഭാഗത്തില്‍ കിയ പുറത്തിറക്കുന്ന മോഡലാണ് കാര്‍ണിവല്‍. പ്രതിമാസം 400 യൂണിറ്റുകളാണ് കാര്‍ണിവല്‍ വില്‍ക്കുന്നത്. ഇന്ത്യയില്‍ ക്രെറ്റ കഴിഞ്ഞാല്‍ ഏറ്റവുമധികം വില്‍ക്കുന്നത് സെല്‍റ്റോസാണ്. കിയയുടെ ഇന്ത്യയിലെ പ്രധാന മാനുഫാക്ചറിംഗ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത് ആന്ധ്രപ്രദേശിലാണ്.