5 Jan 2023 10:42 AM GMT
വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന കോര്‍പറേറ്റ് ആവറേജ് ഫ്യുവല്‍ ഇക്കണോമി (സിഎഎഫ്ഇ) II നിയമങ്ങള്‍ പാലിക്കാത്ത കാര്‍ നിര്‍മാതാക്കള്‍ വലിയ തുക പിഴയൊടുക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം പാര്‍ലമെന്റ് പാസാക്കിയ ഊര്‍ജ സംരക്ഷണ നിയമമനുസരിച്ച് ചട്ടം പാലിക്കാത്ത വാഹനങ്ങള്‍ക്ക് ഒരോന്നിനും പ്രത്യേകം പിഴ നല്‍കണം. 25,000 മുതല്‍ 50,000 വരെയാണ് പിഴയായി നല്‍കേണ്ടത്.
സിഎഎഫ്ഇ നിയമമനുസരിച്ച് ഒരു കിലോമീറ്ററില്‍ 0-4.7 ഗ്രാം കാര്‍ബണിനു മുകളില്‍ പുറന്തള്ളുന്ന വാഹനങ്ങളാണ് (വാഹനമനുസരിച്ച് ഈ സ്‌കെയിലില്‍ വ്യത്യാസം ഉണ്ട്) പിഴ നല്‍കേണ്ടത്. അതാത് പരിധി ലംഘിച്ച് പുറത്തിറങ്ങുന്ന വാഹനത്തിന് ഒന്ന് എന്ന കണക്കില്‍ ആ ബാച്ചിലെ എല്ലാ വാഹനങ്ങള്‍ക്കും നിര്‍മാതാവ് പിഴ ഒടുക്കേണ്ടി വരും. ഇങ്ങനെ കണക്കാക്കുമ്പോൾ ചട്ടം പാലിക്കാത്ത രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ സര്‍ക്കാരിന് പിഴയായി നല്‍കേണ്ടത് 3,600 കോടി രൂപയ്ക്കും 5,800 കോടി രൂപയ്ക്കും ഇടയിലുള്ള തുകയാവുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കാര്‍ബണ്‍ പുറന്തള്ളല്‍ 4.7 ഗ്രാമിന് മുകളിലാണെങ്കില്‍ ഒരു യൂണിറ്റിനു മേല്‍ ചുമത്തുന്ന പിഴ 50,000 രൂപയാണെന്നും കഴിഞ്ഞ മാസം പാര്‍ലമെന്റ് പാസാക്കിയ എനര്‍ജി കണ്‍സര്‍വേഷന്‍ ബില്ലില്‍ നിര്‍ദ്ദേശിച്ചിരുന്നു. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, എംജി മോട്ടോഴ്സ് തുടങ്ങിയ ഏതാനും കമ്പനികള്‍ മാത്രമാണ് ഇതില്‍ നിന്നും രക്ഷപ്പെടാന്‍ സാധ്യത.
സിഎഎഫ്ഇ സ്‌കോര്‍ കാര്‍ നിര്‍മാതാക്കളെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്ന സാങ്കേതിക വിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും, ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കാനും പ്രോത്സാഹിപ്പിക്കുന്നതാണ്. ഒരു കാറിന്റെ ഭാരം വര്‍ധിക്കുന്നതിനനുസരിച്ച് കാര്‍ബണ്‍ പുറന്തള്ളലും വര്‍ധിക്കും.