image

27 Jan 2022 9:06 PM GMT

Automobile

ജെയിംസ് ബോണ്ടിന് പ്രീയം ആസ്റ്റന്‍ മാര്‍ട്ടിന്‍

MyFin Desk

ജെയിംസ് ബോണ്ടിന് പ്രീയം ആസ്റ്റന്‍ മാര്‍ട്ടിന്‍
X

Summary

കാറിന്റെ പേരിനു പിന്നിലും രസകരമായ കഥയുണ്ട്. കാറോട്ടത്തിനോടുള്ള വൈകാരികമായ അടുപ്പമാണ് പേരിലേക്ക് നയിച്ചത്.


റോക്കറ്റ് ലോഞ്ചറും മെഷീന്‍ ഗണ്ണുമടക്കമുള്ള അത്യാധുനിക ആയുധങ്ങള്‍ അടങ്ങിയ ഒരു കാര്‍ കണ്ടിട്ടുണ്ടോ. ജെയിംസ് ബോണ്ട് എന്ന വിഖ്യാതമായ ബ്രിട്ടീഷ് ഏജന്റ് സിനിമകളില്‍ ഉപയോഗിക്കുന്ന, റിമോട്ട് കണ്‍ട്രോളറില്‍ നിയന്ത്രിക്കാവുന്ന ആ കാര്‍. ലോകമെങ്ങും ആസ്റ്റണ്‍ മാര്‍ട്ടിന്‍ എന്ന കാര്‍ അറിയപ്പെടുന്നത് ബോണ്ടിന്റെ കാര്‍ എന്ന പേരിലാണ്. വലിയ ഒരു ചരിത്രമുണ്ട് ആസ്റ്റണ്‍ മാര്‍ട്ടിന് പറയാന്‍.

1913 ല്‍ ലയണല്‍ മാര്‍ട്ടിനും റോബര്‍ട്ട് ബാംഫോര്‍ഡും ചേര്‍ന്നാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ എന്ന കാര്‍ കമ്പനി ആരംഭിച്ചത്. ലണ്ടനിലെ ഒരു ചെറിയ വര്‍ക്ക് ഷോപ്പില്‍ നിന്നാണ് ആസ്റ്റണ്‍ മാര്‍ട്ടിന്റെ ആദ്യത്തെ കാര്‍ ഡിസൈന്‍ ചെയ്ത് നിര്‍മാണം പൂര്‍ത്തിയാക്കി വിപണിയിലെത്തിച്ചത്. 1914 ല്‍ പുറത്തിറങ്ങിയ കോള്‍ സ്‌കട്ടില്‍ എന്ന സിംഗിള്‍ സീറ്റര്‍ കാറിനെ ഡിസൈനിനെ സൗന്ദര്യത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശം എന്നായിരുന്നു മാര്‍ട്ടിന്റേയും ബാംഫോര്‍ഡിന്റേയും വിശേഷണം.

പ്രൊപ്പല്‍ഷന്‍, എഞ്ചിനുകള്‍, റേസിഗ് എന്നിവയോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു ഇരുവരുടേയും കരുത്തും പ്രചോദനവും. ഓരേ താല്‍പര്യമുള്ള രണ്ട് പേര്‍ ഒത്തുചേര്‍ന്നതോടെ പിന്നീട് പിറന്നതെല്ലാം ചരിത്രം. ഏതാണ് മനോഹരമെന്ന് വേര്‍ത്തിരിക്കാനാവാത്ത കാറുകളാണ് പിന്നീട് പുറത്തേക്ക് ഓടിയെത്തിയത്. ബാംഫോര്‍ഡ് ആന്‍ഡ് മാര്‍ട്ടിന്‍, സീരീസ് 1 തുടങ്ങി എത്രയെത്ര മനോഹരികളാണ് പിന്നീട് ആ വര്‍ക്ക് ഷോപ്പില്‍
നിന്ന് പുറത്തെത്തിയത്.

കാറിന്റെ പേരിനു പിന്നിലും രസകരമായ കഥയുണ്ട്. കാറോട്ടത്തിനോടുള്ള വൈകാരികമായ അടുപ്പമാണ് പേരിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിലെ ബക്കിങ്ഹാംഷെയറിലെ ആസ്റ്റണ്‍ ക്ലിന്റണ്‍ ഹില്‍ ക്ലൈബ് റെയ്‌സില്‍ തങ്ങളുടെ ഏറ്റവും പുതിയ കാറുമായി മത്സരിക്കാനിറങ്ങിയ ലയണല്‍ മാര്‍ട്ടിന്‍ വെന്നിക്കൊടി പാറിച്ചതോടെയാണ് കാറിന് ആസ്റ്റണ്‍ മാര്‍ട്ടിന്‍ എന്ന പേര് നല്‍കിയത്.

റെയ്‌സുകളാണ് കാറുകളുടെ ശേഷി അളക്കാനും നവീകരിക്കാനും സഹായിക്കുന്ന വേദിയെന്നാണ് ആസ്റ്റണ്‍ മാര്‍ട്ടിന്റെ പോളിസി. ആദ്യമായി മത്സരിക്കാനിറങ്ങിയ 1922 ലെ ഫ്രഞ്ച് ഗ്രാന്റ് പ്രി മുതലിങ്ങോട്ട് പല റെയ്‌സുകളിലും ആസ്റ്റണ്‍ മാര്‍ട്ടിന്റെ വിവിധങ്ങളായ കാറുകള്‍ മാറ്റ് തെളിയിച്ചു.

നൂതനങ്ങളായ സംവിധാനങ്ങള്‍ അവതരിപ്പിച്ച് ആസ്റ്റണ്‍ മാര്‍ട്ടിന്‍ എതിരാളികളെ പോലും അമ്പരപ്പിച്ചു. വി8 വിന്റേജ് ജിടിഇ കാറുകള്‍ മുതല്‍ വാല്‍ക്കൈര്‍ ഹൈപ്പര്‍ കാര്‍ വരെ ക്രാഫ്റ്റിലും സൗന്ദര്യത്തിലും കരുത്തിലും മറ്റാരേയും വെല്ലുന്നവയായിരുന്നു.

ഡേവിഡ് ബ്രൗണ്‍ എന്ന ഇംഗ്ലീഷ് വ്യവസായി അസ്റ്റണ്‍ മാര്‍ട്ടിന്റെ നേതൃനിരയിലെത്തിയ 1947 മുതല്‍ 1972 വരെയുള്ള കാലഘട്ടത്തെ അവരുടെ സുവര്‍ണ കാലമെന്ന് തന്നെ നിസംശയം വിശേഷിപ്പിക്കാം. പില്‍ക്കാലത്ത് ആസ്റ്റണ്‍ മാര്‍ട്ടിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളായ പല കാറുകളും പിറവിയെടുത്തത് ഈ കാലാഘട്ടത്തിലാണ്.

1947 ല്‍ പുറത്തിറക്കിയ ഡിബി 2 മോഡല്‍ മുതലാണ് ആസ്റ്റണ്‍ മാര്‍ട്ടിന്റെ പ്രസിദ്ധമായ ഡിബി നമ്പര്‍ പ്ലേറ്റുകള്‍ കമ്പനി വാഹനത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. 1951 ലെ ലെമാന്‍സ് മോഡലില്‍ ഡിബി നമ്പര്‍ പ്ലേറ്റിന്റെ 2, 3 ക്ലാസുകള്‍ ഉപയോഗിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ പിന്നീട് ഇങ്ങോട്ട് എല്ലാ വാഹനങ്ങള്‍ക്കും ഡിബി നമ്പര്‍ പ്ലേറ്റുകള്‍ തന്നെയാണ് ഘടിപ്പിച്ചത്. ഓരോ ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറുകളും ഒന്നിനൊന്ന് മികച്ചതായിരുന്നെങ്കിലും 1963 ല്‍ നിരത്തിലെത്തിച്ച ഡിബി5 ആഗോളതലത്തില്‍ തന്നെ വന്‍ ഹിറ്റായി. വിമര്‍ശകരുടെയടക്കം ഇഷ്ടവാഹനമായി മാറി. ഇന്നും ലോകത്തെ സൗന്ദരിയായ കാറുകളിലൊന്നായി വിലയിരുത്തപ്പെടുന്നത് ആസ്റ്റണ്‍ മാര്‍ട്ടിന്റെ ഡിബി5 ആണ്.

കരുത്തിന്റേയും സൌന്ദര്യത്തിന്റേയും സാങ്കേതികവിദ്യയുടേയും പര്യായമായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ 1964 ല്‍ ഇറങ്ങിയ ഗോള്‍ഡ് ഫിംഗര്‍ മുതലാണ് ബോണ്ടിന്റെ കാറായി മാറിയത്. ഡിബി5 സീരിസിലെ മാര്‍ക്ക് 3 കാറാണ് ബോണ്ടിനായി ആസ്റ്റണ്‍ മാര്‍ട്ടിന്‍ സജ്ജമാക്കിയത്. സ്റ്റണ്ട് സീനുകള്‍ക്കായി ഉപയോഗിക്കാന്‍ പ്രത്യേകം സജ്ജമാക്കേണ്ടതുണ്ട് എന്നതിനൊപ്പം ബോണ്ടിന്റെ ആയുധങ്ങളെല്ലാം ഉള്‍പ്പെടുത്തി ഇന്റീരിയറില്‍ അടക്കം കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട് എന്നതിനാല്‍ കമ്പനി ആദ്യം മടിച്ചു.

പിന്നീട് സ്റ്റണ്ട് സീനുകള്‍ക്കായി 5 സീരിസിലെ ഡിബി 4 ന്റെ പ്രോട്ടോടൈപ്പ് വാഹനമാണ് സജ്ജമാക്കിയത്. പുറമേ ഡിബി5 ന്റെ അതേ ലുക്കിലുള്ള പ്രൊട്ടോടൈപ്പ് ഡിബി 4 നൊപ്പം തന്നെ യഥാര്‍ത്ഥ ഡിബി5 ഉം ഉപയോഗിച്ചു. പിന്നീടിങ്ങോട്ട് ഇറങ്ങിയ എല്ലാ ബോണ്ട് സിനിമകളിലും ബോണ്ടിന്റെ കാറിനും വലിയ സ്ഥാനം തന്നെയാണ് ഉള്ളത്. ഏറ്റവും പുതിയ ബോണ്ട് സിനിമയില്‍ ഡിബിഎസ്, വല്‍ഹല്ല, വി8 സലൂണ്‍ തുടങ്ങിയ വാഹനങ്ങളാണ് ബോണ്ടും മറ്റു ഏജന്റുമാരുമെല്ലാം ഉപയോഗിക്കുന്നത്. 1987 ല്‍ പുറത്തിറങ്ങിയ ടിമോത്തി ഡല്‍ട്ടണിന്റെ ആദ്യ ബോണ്ട് ചിത്രമായ ദ ലിവിങ് ഡേ ലൈറ്റ്‌സ് എന്ന സിനിമയില്‍ ഉപയോഗിച്ചതിന് സമാനമായ വി8 സലൂണ്‍ കാര്‍ തന്നെയാണ് ഈ ചിത്രത്തിലും വരുന്നത്.

കാറുകള്‍ക്ക് പിന്നാലെ എസ് യു വിയും ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇപ്പോള്‍ വിപണിയിലെത്തിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഡിബിഎക്‌സ് ആണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ വിപണിയിലെത്തിച്ച ആദ്യത്തെ എസ് യു വി. ഇന്ത്യയിലും ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറുകള്‍ക്ക് വലിയ ആരാധകരാണ് ഉള്ളത്. ആസ്റ്റണ്‍ മാര്‍ട്ടിന്റെ വിദേശ വിപണിയില്‍ ഇറങ്ങുന്ന എല്ലാ മോഡലുകളും ഇന്ത്യയിലും കമ്പനി അവതരിപ്പിക്കുന്നുണ്ട്. പുതിയ വാഹനങ്ങളുടെ വില്‍പനയ്‌ക്കൊപ്പം തന്നെ പ്രീ ഓണ്‍ഡ് വാഹനങ്ങളുടെ വില്‍പ്പനയും കമ്പനി ഇപ്പോള്‍ ചെയ്യുന്നുണ്ട്.