14 Jan 2022 4:40 AM
Summary
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് ഡാറ്റ്സൺ 110 എന്ന പുതിയ പാസഞ്ചർ കാർ നിസാൻ പുറത്തിറക്കിയത്. ഡിസൈനിങ്ങിൽ വൈവിധ്യം പുലർത്തിയ ഡാറ്റസൺ 110
മെയിൻഷി ഇൻഡസ്ട്രിയൽ ഡിസൈൻ അവാർഡ് അടക്കം സ്വന്തമാക്കി
ജാപ്പനീസ് എഞ്ചിനീയറായ ഹാഷിമോട്ടോ തുടങ്ങിയ ക്വെയ്ഷിൻഷ കോർപറേഷനാണ് പിൽക്കാലത്ത് ഡാറ്റ്സൺ മോട്ടോർസായി മാറിയത്. 1911 ലാണ് ടോക്യോയിലെ അസബു ഹിറോ ജില്ലയിൽ ക്വെയ്ഷിൻഷ പ്രവർത്തനം ആരംഭിച്ചത്. പ്രവർത്തനം ആരംഭിച്ച് മൂന്ന് വർഷത്തിന് ശേഷം ഡാറ്റ് ഗോ (ഡാറ്റ് കാർ എന്നർത്ഥം) കാറുമായാണ് വിപണിയിലേക്കുള്ള കടന്നുവരവ്.
കമ്പനിയുടെ മൂന്ന് നിക്ഷേപകരുടെ പേരിൻറെ ആദ്യാക്ഷരങ്ങൾ ചേർത്താണ് ഡാറ്റ് എന്ന പേരിട്ടത്. ഡാറ്റ് എന്നാൽ ജപ്പാൻ ഭാഷയിൽ വേഗത്തിൽ പ്രകാശിക്കുന്നത് എന്നാണർത്ഥം. കമ്പനിയുടെ നയമായ Durable, Attractive, Trustworthy എന്നതിൻറെ ആദ്യക്ഷരങ്ങൾ ചേർക്കുമ്പോളും DAT എന്ന് തന്നെ ആണെന്നതും പേരിൻറെ മറ്റൊരു പ്രത്യേകതയായി.
1919 ൽ ആരംഭിച്ച പ്രാക്ടിക്കൽ ഓട്ടോമൊബൈൽ കമ്പനിയുമായി ക്വെയ്ഷിൻഷ കോർപറേഷൻ 1926 ൽ ലയിച്ചു. ഇതോടെ നിലവിൽ വന്ന ഡാറ്റ് ജിഡോഷ സൈസോ കമ്പനി (ഡാറ്റ് ഓട്ടോമൊബൈൽ മാനുഫാക്ചറിങ് കോ) ആ വർഷം തന്നെ ഒറ്റ ബോഡിയുള്ള ഫോർ സിലിണ്ടർ എഞ്ചിൻ കാർ നിർമാണവും ആരംഭിച്ചു.
വില കുറഞ്ഞ കാർ
1931 ൽ ടൊബാറ്റ ഫൌണ്ടറി കോർപറേഷനുമായി ചേർന്ന് ഭാരവും വിലയും കുറഞ്ഞ, എന്നാൽ ഈടുനിൽക്കുന്ന കാറായ ഡാറ്റ് സൺ കമ്പനി പുറത്തിറക്കി. ഏവർക്കും ചലനശക്തി നൽകുകയെന്നായിരുന്നു പുതിയ വിലകുറഞ്ഞകാർ ഇറക്കുന്നതിനെ ഡാറ്റ്സൺ വിശദീകരിച്ചത്. വലിയ ഹിറ്റായിമാറിയ കാറിന്റെ ഡിസൈനും മറ്റും ടൊബാറ്റയുടെ ഉടമയായ യോഷിസുകെ ഐകാവയുടേതായിരുന്നു.
1933 മുതൽ ഡാറ്റ്സണിൻറെ നിർമാണം പൂർണമായും ടൊബാറ്റയിൽ നിന്ന് സ്വന്തമാക്കിയ ഡാറ്റ് ജിഡോഷ സൈസോ പിന്നീട് തനിച്ച് ഡാറ്റ്സൺ കാറുകൾ നിർമിക്കാൻ തുടങ്ങി. ഡാറ്റ്സൺ 12 ആയിരുന്നു ഇത്തരത്തിൽ പുറത്തിറക്കിയ ആദ്യത്തെ കാർ.
1934 ൽ വലിയൊരുമാറ്റത്തിന് കമ്പനി വിധേയമായി. കമ്പനിയുടെ പേര് നിസാൻ മോട്ടോർ കോർപറേഷൻ എന്നാക്കി മാറ്റി. പിൽക്കാലത്ത് ജപ്പാനിലും ഏഷ്യയിലും വലിയ വാഹന നിർമാതാക്കളായി മാറി നിസാൻ. ഹോൾഡിങ് കമ്പനിയായ നിഹോൺ സാങ്യോ (ജപ്പാൻ ഇൻഡസ്ട്രീസ്) യുടെ ചുരുക്കെഴുത്താണ് നിസാൻ എന്നത്. നിസാനായി മാറിയതോടെ മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്കും, ഓസ്ട്രേലിയ, ലാറ്റിൻ അമേരിക്ക, തുടങ്ങിയ ഇടങ്ങളിലേക്കും കയറ്റുമതിയും ഡാറ്റ്സൺ ആരംഭിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് ഡാറ്റ്സൺ 110 എന്ന പുതിയ പാസഞ്ചർ കാർ നിസാൻ പുറത്തിറക്കിയത്. ഡിസൈനിങ്ങിൽ വൈവിധ്യം പുലർത്തിയ ഡാറ്റസൺ 110 മെയിൻഷി ഇൻഡസ്ട്രിയൽ ഡിസൈൻ അവാർഡ് അടക്കം സ്വന്തമാക്കി. പിന്നാലെ ബ്രിട്ടനിലെ ഓസ്റ്റിൻ മോട്ടോർ കോർപറേഷനുമായി സാങ്കേതികവിദ്യ പങ്കുവെക്കാൻ ധാരണയിലെത്തിയ നിസാൻ ഡാറ്റ്സൺ 1000 പുറത്തിറക്കി. അമേരിക്കയിലേക്കും മോഡൽ 210 എന്നറിയപ്പെട്ട ഡാറ്റ്സൺ 1000 കയറ്റുമതി ചെയ്തു.
ചരിത്രമായ തിരിച്ചുവരവ്
ഓസ്ട്രേലിയൻ റാലി ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തിയ ഡാറ്റ്സൺ 210 കരുത്തിലും ശേഷിയിലും ഒട്ടും പുറകിലല്ലെന്ന് തെളിയിച്ചു. പിന്നീടിങ്ങോട്ട് മൈലേജിനും സൗന്ദര്യത്തിനും പ്രാധാന്യം നൽകുന്ന മോഡലുകളാണ് ഡാറ്റ്സൺ ഇറക്കിയത്. ഡാറ്റ്സൺ ബ്ലുബേർഡ് 310 ഈ രംഗത്ത് ലോകത്ത് തന്നെ വിപ്ലവകരമായ മാറ്റത്തിന് വഴിവെച്ചു.
1981 ൽ 190 രാജ്യങ്ങളിലായി 200 ലക്ഷം കാറുകൾ വിറ്റഴിച്ചശേഷം ഡാറ്റ്സൺ എന്ന ബ്രാൻറ് പൂർണമായും കളമൊഴിഞ്ഞു. പകരം നിസാൻ എന്ന പേര് മാത്രം ലോകമാകെ ഉപയോഗിക്കാൻ കമ്പനി തീരുമാനിച്ചു. പിന്നീടിങ്ങോട്ട് നിസാൻ ഓട്ടോമോട്ടീവ് രംഗത്ത് വൻ കുതിച്ച് ചാട്ടമാണ് നടത്തിയത്. എന്നാൽ മൂന്ന് പതിറ്റാണ്ടിന് ശേഷം 2012 ൽ നിസാൻ ഡാറ്റ്സൺ എന്ന ബ്രാന്റ് തിരിച്ചുവരുന്നതായി പ്രഖ്യാപിച്ചു.
ഡാറ്റ്സൺ കമ്പനി നിലവിൽ വന്ന് 101 വർഷം പിന്നിട്ടപ്പോഴാണ് ഡാറ്റ്സൺ വീണ്ടും വിലകുറഞ്ഞ, എന്നാൽ ശേഷി ഒട്ടും കുറവില്ലാത്ത കാറുകളുമായി തിരിച്ചുവരവ് നടത്തിയത്. 2013 ജൂലൈയിൽ ഡാറ്റ്സൺ ഇന്ത്യ പ്രവർത്തനമാരംഭിച്ചു. ഡാറ്റ്സൺ ഗോ എന്ന ആദ്യത്തെ കാറിൻറെ പേരിൽ തന്നെയാണ് ഇന്ത്യയിലെ ആദ്യത്തെ കാർ ഡാറ്റ്സൺ ഇറക്കിയത്. പിന്നാലെ ഡാറ്റ്സൺ ഗോ പ്ലസ് എന്ന മിനി എസ് യു വി കാറും റെഡി ഗോ എന്ന മിനികാറും ഡാറ്റ്സൺ വിപണിയിലെത്തിച്ചു.