image

14 Jan 2022 4:57 AM

Automobile

ബി എം ഡബ്ല്യു: ആഡംബരത്തിന്റെ മുഖമുദ്ര

MyFin Desk

ബി എം ഡബ്ല്യു: ആഡംബരത്തിന്റെ മുഖമുദ്ര
X

Summary

സെഡാന്‍ കാറുകള്‍ക്കൊപ്പം തന്നെ സ്‌പോര്‍ട്‌സ് കാറുകളും മോട്ടോര്‍ സൈക്കിളുകളുമാണ് ബി എം ഡബ്ല്യു നിര്‍മിക്കുന്നത്


ആഢംബര കാര്‍ നിര്‍മാതാക്കളിലെ അതികായന്‍മാരിലൊന്നാണ് ബി എം ഡബ്ല്യു എന്ന മൂന്നക്ഷരത്തിലറിയപ്പെടുന്ന ബൊവേറിയന്‍ മോട്ടോര്‍ വര്‍ക്‌സ് എ ജി. 1916ല്‍ ജര്‍മനിയിലെ മ്യൂണിച്ചിലെ ബൊവേറിയയില്‍ ഫ്രാന്‍സ് ജോസഫ് പൊപ്പ്, കാള്‍ റാപ്പ്, കമില്ലോ കസ്റ്റിഗ്ലോണി എന്നിവര്‍ ചേര്‍ന്നാണ് കമ്പനി ആരംഭിച്ചത്.

ആദ്യം റാപ്പ് മോട്ടോര്‍ വര്‍ക്ക് എന്നപേരില്‍ വിമാന എഞ്ചിനുകള്‍ ആണ് നിര്‍മിച്ചിരുന്നത്. 1918 ല്‍ ഒന്നാം ലോകമഹായുദ്ധത്തിന് പിന്നാലെ വിമാന എഞ്ചിന്‍ നിര്‍മാണം നിര്‍ത്തേണ്ടി വന്നതോടെ 1923 ല്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മാണരംഗത്തേക്ക് കമ്പനി പ്രവേശിച്ചു. അങ്ങനെ റാപ്പ് മോട്ടോര്‍ വര്‍ക്ക് ബയെറിഷ് മോട്ടോര്‍ വര്‍ക്ക് എന്ന പേരില്‍ വാഹന നിര്‍മാണമേഖലയിലേക്ക് തിരിഞ്ഞു.

വീണ്ടും അനുമതി ലഭിച്ചതോടെ 1930ല്‍ വിമാന എഞ്ചിന്‍ നിര്‍മാണം ആരംഭിച്ചെങ്കിലും 1959 ല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഓട്ടോമൊബൈല്‍ രംഗത്തേക്ക് പ്രവേശിക്കാന്‍ ബി എം ഡബ്ല്യൂ തീരുമാനിച്ചു.

രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിക്കായി ബി എം ഡബ്ല്യൂ നിര്‍മിച്ച ജെറ്റ് എഞ്ചിനുകളും വാര്‍ക്രാഫ്റ്റ് ഡിസൈനുകളും ഏറെ പ്രശംസപിടിച്ചുപറ്റി. 1966 ല്‍ ഹാന്‍സ് ഗ്ലാസ് കമ്പനിയെ ഏറ്റെടുത്താണ് ബി എം ഡബ്ല്യുവിന്റെ കാര്‍ നിര്‍മാണരംഗത്തേക്കുള്ള കടന്നുവരവ്. ഡിക്‌സി എന്നപേരിലാണ് ബി എം ഡബ്ല്യു ആദ്യ കാര്‍ പുറത്തിറക്കിയത്.

നിലവില്‍ ലോകത്തിലെ ആഢംബര കാര്‍ ബ്രാന്റുകളായ റോള്‍സ് റോയ്‌സ്, മിനി തുടങ്ങിയവയെല്ലാം ബി എം ഡബ്ല്യു ഗ്രൂപ്പിന്റെ സബ്‌സിഡറി കമ്പനികളാണ്. നീലയും വെള്ളയും വര്‍ണത്തിലുള്ളതാണ് ബി എം ഡബ്ല്യൂവിന്റെ ലോഗോ. ബൊവാറിയന്‍ പതാകയുടെ നിറം ഉള്‍പ്പെടുത്തിയുള്ള മാതൃകമ്പനിയായ റാപ്പ് മോട്ടോര്‍ വര്‍ക്ക് കമ്പനിയുടെ ലോഗോയില്‍ നിന്നാണ് വൃത്താകൃതിയിലുള്ള ലോഗോ ബി എം ഡബ്ല്യു
സ്വീകരിച്ചത്.

പ്രധാനമായും 3 മേഖലകളിലായാണ് ബി എം ഡബ്ല്യു വിന്റെ പ്രവര്‍ത്തനം. ഓട്ടോമോട്ടീവ്, മോട്ടോര്‍ സൈക്കിള്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് എന്നിവയാണ് മൂന്ന് വിഭാഗങ്ങള്‍. കാറുകള്‍ക്ക് വേണ്ടിയുള്ള എക്സ്ല്യൂസീവ് വിഭാഗമാണ് ഓട്ടോമോട്ടീവ്. കാറിന്റെ
ഡിസൈനിങ് മുതല്‍ വില്‍പനാനന്തര സേവനം വരെ ഇവരുടെ ചുമതലയാണ്. കാറിന്റെ പുതിയ ആശയങ്ങള്‍ വികസിപ്പിക്കുന്നതും അവ രൂപകല്‍പന ചെയ്ത് നിര്‍മിച്ച് വില്‍ക്കുന്നതും ഓട്ടോമോട്ടീവ് വിഭാഗമാണ്.

കാറുകള്‍ക്ക് പുറമെ ആഢംബര ബൈക്ക് നിര്‍മാണമേഖലയിലും സ്വന്തം മുദ്ര പതിപ്പിച്ചിട്ടുള്ള കമ്പനിയാണ് ബി എം ഡബ്ല്യൂ. മോട്ടോര്‍സൈക്കിള്‍ വിഭാഗമാണ് ഈ മേഖലയില്‍ കമ്പനിയുടെ സ്ഥാനം ഉറപ്പിച്ച് നിര്‍ത്തുന്നത്. ബൈക്കുകള്‍ ഡിസൈന്‍ ചെയ്ത് നിര്‍മിച്ച് വില്‍ക്കുന്നതിനൊപ്പം തന്നെ അവയുടെ സ്‌പെയര്‍പാര്‍ട്‌സിന്റെ നിര്‍മാണവും വിതരണവുമെല്ലാം മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിന്റെ ചുമതലയാണ്.

സ്വന്തം കാറുകള്‍ വില്‍ക്കുന്നതിനൊപ്പം തന്നെ ബി എം ഡബ്ല്യു സ്വന്തം വാഹനങ്ങള്‍ വാടകയ്ക്കും പണയത്തിനും നല്‍കുന്നുണ്ട്. ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് വിഭാഗമാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വാഹനം വാങ്ങാന്‍ വായ്‌പ
നല്‍കുന്നതിനൊപ്പം തന്നെ ഡീലര്‍മാര്‍ക്കുള്ള സാമ്പത്തിക സഹായം ഒരുക്കുന്നതും ഇവര്‍തന്നെയാണ്.

മള്‍ട്ടി ബ്രാന്റ് ഫിനാന്‍സിങ്, കസ്റ്റമര്‍ ഡെപോസിറ്റ് ബിസിനസ്, എന്നിവയ്‌ക്കൊപ്പം തന്നെ
കമ്പനിയുടെ വാഹന ഇന്‍ഷ്യൂറന്‍സ് രംഗവും കൈകാര്യം ചെയ്യുന്നത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് വിഭാഗമാണ്. ഇതിനുപുറമെ ബി എം ഡബ്ല്യൂവിന്റെ മറ്റ് ബിസിനസ് സംരംഭങ്ങളുടെ മേല്‍നോട്ടവും ഏകീകരണവും നിര്‍വഹിക്കുന്നതിന് അദര്‍ എന്റിറ്റീസ് എന്നപേരില്‍ ഒരു വിഭാഗം കൂടി കമ്പനിക്കുണ്ട്.

ബി എം ഡബ്ല്യു യു കെ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്, ബെവറിയ ലോയിഡ് റെയ്‌സ്ബ്യൂറോ തുടങ്ങിയ കമ്പനിയുടെ ഹോള്‍ഡിങ് കമ്പനികളും ഗ്രൂപ്പ് ഫിനാന്‍സിങ് കമ്പനികളുമെല്ലാം ഈ വിഭാഗത്തിന് കീഴിലാണ് വരുന്നത്.

സെഡാന്‍ കാറുകള്‍ക്കൊപ്പം തന്നെ സ്‌പോര്‍ട്‌സ് കാറുകളും മോട്ടോര്‍ സൈക്കിളുകളുമാണ് ബി എം ഡബ്ല്യു നിര്‍മിക്കുന്നത്. ഫോര്‍മുല വണ്‍ കാര്‍ഓട്ട മത്സരത്തിലെ സ്ഥിരസാന്നിധ്യമാണ് ബി എം ഡബ്ല്യൂ. ഇതിനുപുറമെ നിരവധി സ്‌പോര്‍ട്‌സ് ഈവന്റുകളുടേയും ഫുട്‌ബോള്‍ ക്ലബുകളുടേയുമെല്ലാം സ്‌പോണ്‍സര്‍മാരായി കായിക രംഗത്തോടുള്ള തങ്ങളുടെ താല്‍പര്യം ബി എം ഡബ്ല്യു വ്യക്തമാക്കി.

ജര്‍മന്‍ ബിഗ് ത്രി എന്നറിയപ്പെടുന്ന ലോകോത്തര ആഢംബര കാര്‍നിര്‍മാണത്രയത്തില്‍ ഉള്‍പ്പെട്ടതാണ് ബി എം ഡബ്ല്യു. ഔഡി, മെഴ്‌സിഡസ് ബെന്‍സ് എന്നിവയ്‌യാണ് മറ്റ് നിര്‍മാതാക്കള്‍. സേവനത്തിനൊപ്പം ബി എം ഡബ്ല്യൂ പുറത്തിറക്കുന്ന മോഡലുകളുടെ
ഡിസൈനിലേയും സൗകര്യങ്ങളുടേയും വൈവിധ്യം തന്നെയാണ് കമ്പനിയുടെ ഏറ്റവും വലിയ നേട്ടം.