image

10 Jan 2022 11:28 PM GMT

Automobile

മിത്സുബിഷി മോട്ടോര്‍സ്

MyFin Desk

മിത്സുബിഷി മോട്ടോര്‍സ്
X

Summary

മിത്സുബിഷി മോട്ടോര്‍സിന്റെ ഏറ്റവും മികച്ച മോഡലുകള്‍ വിപണിയിലെത്തുന്നത് 1990കളിലാണ്.


പേരിലെ ജാപ്പനീസ് ചുവ സുചിപ്പിക്കുന്നത് പോലെ ടോക്കിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി നാഷണല്‍ ഓട്ടോമോട്ടീവ് നിര്‍മ്മാതാക്കളാണ് മിത്സുബിഷി മോട്ടോര്‍സ്. നൂറു വര്‍ഷത്തിലധികം പഴക്കമുള്ള മിത്സുബിഷി മോട്ടോര്‍സിന്റെ ചരിത്രം തുടങ്ങുന്നത് 1917കളിലാണ്. മിത്സുബിഷി ഷിപ്പ് ബില്‍ഡിംഗ് കമ്പനി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാനായാണ് ആദ്യ കാറായ മോഡല്‍-എ അവതരിപ്പിച്ചത്. ആഡംബര വാഹനമായിരുന്ന മിത്സുബിഷി മോഡല്‍-എ ജപ്പാനില്‍ വന്‍തോതില്‍ നിര്‍മ്മിക്കപ്പെട്ട കാറായിരുന്നു.

ഇതോടെ ഓട്ടോമൊബെല്‍ രംഗത്തെ സജീവ സാന്നിധ്യമായി മിത്സുബിഷി മോട്ടോര്‍സ് മാറി. മിത്സുബിഷി മോട്ടോഴ്സ് അന്താരാഷ്ട്ര മോട്ടോര്‍സ്പോര്‍ട്സ് ഇവന്റിലേക്ക് ആദ്യമായി പ്രവേശിക്കുന്നത് 1962 ലാണ്. മിത്സുബിഷി 500 സൂപ്പര്‍ ഡീലക്സുമായി മക്കാവു ഗ്രാന്‍ഡ് പ്രിക്‌സ് നേടിയ മിത്സുബിഷി ട്രാക്ക് റെക്കോര്‍ഡോടെയാണ് മത്സരം ജയിച്ചു കേറിയത്. ജപ്പാനിലെ വിന്റ് ടണലില്‍ എയറോഡൈനാമിക് പരീക്ഷിച്ച ആദ്യത്തെ വാഹനം കൂടിയാണിത്.

പ്രമുഖ ഓട്ടോമൊബൈലുകളില്‍ പലതും 21ാം നൂറ്റാണ്ടിലും ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ ഗവേഷണം നടത്തുമ്പോള്‍ 1970കളില്‍ തന്നെ ഇലക്ട്രിക് വാഹനം വന്‍തോതില്‍ വിപണനം ചെയ്യുന്ന ആദ്യത്തെ വാഹന നിര്‍മ്മാതാക്കളാകാന്‍ മിത്സുബിഷി മോട്ടോഴ്സിന് കഴിഞ്ഞു. COLT GALANT GTO, DODGE COLT, COLT F2000, LANCER 1600GSR എന്നിവയൊക്കെ 70 കളിലെ മികച്ച പെര്‍ഫോമന്‍സ് മോഡലുകളായിരുന്നു.

സൈലന്റ് ഷാഫ്റ്റ് ടെക്നോളജി ഉപയോഗിച്ച് ലോകത്തിലെ ആദ്യത്തെ ഊര്‍ജ്ജ സംരക്ഷണ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ മിത്സുബിഷി മോട്ടോഴ്സ് 1980 ല്‍ അവതരിപ്പിച്ചു. ഈ കാലയളവില്‍ തന്നെ ലോകത്തിലെ ഏറ്റവും ദുര്‍ഘടമായ റേസായി കണക്കാക്കപ്പെടുന്ന പാരീസ്-ഡാക്കാര്‍ റാലിയില്‍ ആദ്യമായി ട്രിപ്പിള്‍ കിരീടം നേടി മോണ്ടെറോ (പജീറോ) എന്‍ഡ്യൂറന്‍സ് റേസ് ചരിത്രം സൃഷ്ടിച്ചു. 1987 ല്‍ GALANT VR-4 എന്ന ആക്ടീവ് ഇലക്ട്രോണിക് നിയന്ത്രിത സസ്‌പെന്‍ഷന്‍ (ഇ സി എസ്) ഫീച്ചര്‍ ചെയ്യുന്ന ആദ്യത്തെ വാഹനമായി മാറി. ഗാലന്റ് വി ആര്‍-4ന് ജപ്പാനില്‍ മിത്സുബിഷി മോട്ടോഴ്‌സിന്റെ ഫസ്റ്റ് കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ആ വര്‍ഷം ലഭിച്ചു.

മിത്സുബിഷി മോട്ടോര്‍സിന്റെ ഏറ്റവും മികച്ച മോഡലുകള്‍ വിപണിയിലെത്തുന്നത് 1990കളിലാണ്. ഏറെ പ്രത്യേകതകള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട 3000GT 1990ല്‍ വിപണിയിലെത്തി. ഉയര്‍ന്ന പ്രകടനം കാഴ്ച്ചവയ്ക്കാന്‍ കഴിയുന്ന ഫുള്‍ടൈം AWD സസ്‌പെന്‍ഷനും ആക്റ്റീവ് എയറോഡൈനാമിക്‌സും ഉള്‍പ്പെടുത്തി തകര്‍പ്പന്‍ സാങ്കേതികവിദ്യയുമായി അവതരിപ്പിച്ച ഐക്കണിക് മോഡല്‍ 3000GT (GTO) വന്‍ വിജയമായിരുന്നു. മോട്ടോര്‍ ട്രെന്‍ഡ് മാഗസിന്‍ ഇംപോര്‍ട്ട് കാര്‍ ഓഫ് ദ ഇയര്‍ എന്ന് ഈ മോഡലിനെ അക്കാലത്ത് വിശേഷിപ്പിച്ചു.

മിത്സുബിഷി മോട്ടോര്‍സിന്റെ വലിയ നേട്ടങ്ങളിലൊന്നായിരുന്നു 1990 ല്‍ വിപണിയിലെത്തിയ ലാന്‍സര്‍ മോഡല്‍. അടുത്ത തലമുറ MIVEC എഞ്ചിന്‍ സാങ്കേതികവിദ്യയാണ് മിത്സുബിഷി മോട്ടോഴ്സ് ഇതില്‍ അവതരിപ്പിച്ചത്. ഇത് ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം മികച്ച എഞ്ചിന്‍ പ്രകടനം നിലനിര്‍ത്താനും സഹായിച്ചു. 1999ല്‍ മിത്സുബിഷിയുടെ FTO-EV പ്രോട്ടോടൈപ്പ് 24 മണിക്കൂറിനുള്ളില്‍ 2,000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ആദ്യത്തെ ഇലക്ട്രിക് കാര്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും നേടിയെടുത്തു.

2005-ലെ ഇന്‍ഡസ്ട്രി ഡിസൈന്‍ എക്‌സലന്‍സ് അവാര്‍ഡ് മിത്സുബിഷിയുടെ എക്ലിപ്‌സ് കണ്‍സെപ്റ്റ് ഇ അടിസ്ഥാനമാക്കിയുള്ള നാലാം തലമുറ എക്ലിപ്‌സിന് ലഭിച്ചതോടെ ഈ മോഡലും ജനശ്രദ്ധയാകര്‍ഷിച്ചു. ഇതേ വര്‍ഷം പരിസ്ഥിതി സൗഹൃദ PZEV V6 എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ കോംപാക്റ്റ് എസ് യു വി ഔട്ട്ലാന്‍ഡര്‍ മിത്സുബിഷി ലോഞ്ച് ചെയ്തു.

40 വര്‍ഷത്തെ വികസനത്തിനും നിരവധി അവാര്‍ഡുകള്‍ക്കും ശേഷം, 2010 ല്‍ മിത്സുബിഷി ഇന്നൊവേറ്റീവ് ഇലക്ട്രിക് വെഹിക്കിള്‍ (i-MiEV) ലോകമെമ്പാടുമുള്ള വിപണികളില്‍ മിത്സുബിഷി മോട്ടോര്‍സ് അവതരിപ്പിച്ചു. 2013 ല്‍ ലോഞ്ച് ചെയ്ത ലോകത്തിലെ ആദ്യത്തെ പ്ലഗ് ഇന്‍ ഹൈബ്രിഡ് എസ്യുവിയായ ഔട്ട്ലാന്‍ഡര്‍ PHEV, RJC ടെക്നോളജി ഓഫ് ദ ഇയര്‍ അവാര്‍ഡും ജപ്പാനിലെ കാര്‍ ഓഫ് ദി ഇയര്‍ ഇന്നൊവേഷന്‍ അവാര്‍ഡും നേടി. 100 വര്‍ഷത്തെ ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗിനും നേട്ടങ്ങള്‍ക്കും ശേഷം, മിത്സുബിഷി മോട്ടോഴ്സ് അടുത്ത തലമുറയിലെ ഇവിയിലും, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയിലും തങ്ങളുടെതായ കയ്യൊപ്പ് പതിക്കുകയാണ്.