image

10 Jan 2022 4:24 AM GMT

Automobile

സ്‌പെയര്‍ പാര്‍ട്‌സിൽ നിന്നും കാർ നിര്മാണത്തിലെത്തിയ ഡോഡ്ജ്

MyFin Desk

സ്‌പെയര്‍ പാര്‍ട്‌സിൽ നിന്നും കാർ നിര്മാണത്തിലെത്തിയ ഡോഡ്ജ്
X

Summary

വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മാണത്തിനായി ആരംഭിച്ച് പിന്നീട് ലോകത്തിലെ തന്നെ മികച്ച സ്‌പോര്‍ട്‌സ് കാറുകളുടെ നിര്‍മാതാക്കളായി മാറിയ കഥയാണ് ഡോഡ്ജിന്റേത്. സഹോദരങ്ങളായ ഹോറസ് എല്‍ജിണ ഡോഡ്ജും ജോണ്‍ ഫ്രാന്‍സിസ് ഡോഡ്ജും ചേര്‍ന്ന് 1900 കളുടെ ആരംഭത്തിലാണ് ഡോഡ്ജ് ബ്രദേഴ്‌സ് ആരംഭിച്ചത്. ഡെട്രോയിറ്റ് ആസ്ഥാനമായുള്ള കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡും മറ്റുമായിരുന്നു ആദ്യകാലത്ത് ഡോഡ്ജിന്റെ ഉപഭോക്താക്കള്‍. 1914 ല്‍ ഡോഡ്ജ് സ്വതന്ത്രമായി വാഹന നിര്‍മ്മാണം ആരംഭിച്ചു. ഡോഡ്ജ് ബ്രദേഴ്‌സ് മോട്ടോര്‍ കമ്പനി എന്ന കമ്പനി രൂപീകരിച്ചായിരുന്നു ഇത്. ഡോഡ്ജ് മോഡല്‍ […]


വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മാണത്തിനായി ആരംഭിച്ച് പിന്നീട് ലോകത്തിലെ തന്നെ മികച്ച സ്‌പോര്‍ട്‌സ് കാറുകളുടെ നിര്‍മാതാക്കളായി മാറിയ കഥയാണ് ഡോഡ്ജിന്റേത്. സഹോദരങ്ങളായ ഹോറസ് എല്‍ജിണ ഡോഡ്ജും ജോണ്‍ ഫ്രാന്‍സിസ് ഡോഡ്ജും ചേര്‍ന്ന് 1900 കളുടെ ആരംഭത്തിലാണ് ഡോഡ്ജ് ബ്രദേഴ്‌സ് ആരംഭിച്ചത്. ഡെട്രോയിറ്റ് ആസ്ഥാനമായുള്ള കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡും മറ്റുമായിരുന്നു ആദ്യകാലത്ത് ഡോഡ്ജിന്റെ ഉപഭോക്താക്കള്‍.

1914 ല്‍ ഡോഡ്ജ് സ്വതന്ത്രമായി വാഹന നിര്‍മ്മാണം ആരംഭിച്ചു. ഡോഡ്ജ് ബ്രദേഴ്‌സ് മോട്ടോര്‍ കമ്പനി എന്ന കമ്പനി രൂപീകരിച്ചായിരുന്നു ഇത്. ഡോഡ്ജ് മോഡല്‍ 30-35 എന്ന ഫോര്‍ സിലിണ്ടര്‍ ടൂറിംഗ് കാറായിരുന്നു മിഷിഗണിലെ ഫാക്ടറിയില്‍ നിന്ന് പുറത്തെത്തിയ ആദ്യത്തെ ഡോഡ്ജ് കാര്‍. ഫോര്‍ഡിന്റെ മോഡല്‍ ടി കാറായിരുന്നു വിപണിയില്‍ ഡോഡ്ജിന്റെ പ്രധാന എതിരാളി. വാഹനങ്ങളെല്ലാം വുഡന്‍ ബോഡിയില്‍ ഇറങ്ങിയിരുന്ന കാലത്ത് സ്റ്റീല്‍ ബോഡി ഉപയോഗിച്ചുള്ള ആദ്യത്തെ കാര്‍ എന്ന പ്രത്യേകതയോടെ എത്തിയ ഡോഡ്ജിന് സ്ലൈഡിംഗ് ഗിയറായിരുന്നു എന്നതും വിപണിയിലെ വാര്‍ത്തയായി. രണ്ട് വര്‍ഷത്തിനുള്ളില്‍ വില്‍പ്പനയില്‍ അമേരിക്കയിലെ രണ്ടാമത്തെ കാറായി ഡോഡ്ജ് മാറി. വാഹനത്തിന്റെ പാര്‍ട്‌സുകള്‍ നിര്‍മിച്ച് നേരത്തെ തന്നെ നേടിയെടുത്ത പേര് ഡോഡ്ജിന് വിപണിയുടെ വിശ്വാസ്യത വേഗത്തില്‍ നേടിക്കൊടുത്തു. വിപണിയില്‍ ഡോഡ്ജിന്റെ വളര്‍ച്ച ഫോര്‍ഡിനെ ചെറുതായൊന്നുമല്ല അലോസരപ്പെടുത്തിയത്.

ഫോര്‍ഡ് കമ്പനിയില്‍ ഡോഡ്ജ് ബ്രദേഴ്‌സിന് നല്‍കിയ 10 ശതമാനം ഓഹരിയുടെ ഡിവിഡന്റ് നല്‍കുന്നത് ഫോര്‍ഡ് നിര്‍ത്തി. ഇതേ തുടര്‍ന്ന് ഡോഡ്ജ് കേസ് നല്‍കുകയും ഡോഡ്ജിന്റെ ഓഹരികള്‍ വന്‍വിലയ്ക്ക് വാങ്ങാന്‍ ഫോര്‍ഡ് നിര്‍ബന്ധിതരാവുകയും ചെയ്തു. വൈകാതെ തന്നെ ഡോഡ്ജ് സൈനിക വാഹനങ്ങളുടെ നിര്‍മാണരംഗത്തേക്കും കടന്നു. കരുത്തേറിയ ബോഡികളും വാഹനത്തിന്റെ ശേഷിയും മൂലം അമേരിക്കന്‍ സൈന്യത്തിനും ഡോഡ്ജിന്റെ വാഹനങ്ങള്‍ വേഗത്തില്‍ തന്നെ പ്രിയപ്പെട്ടതായി. ഒന്നാം ലോകമഹായുദ്ധത്തില്‍ അമേരിക്കന്‍ സൈന്യത്തിന്റെ കരുത്തായി മാറിയത് ഡോഡ്ജിന്റെ വാഹനങ്ങളാണ്. ട്രക്കുകളടക്കം യുദ്ധത്തിനായി അമേരിക്കന്‍ സൈന്യത്തിന് വേണ്ടി ഡോഡ്ജ് നിര്‍മിച്ചുനല്‍കി.

വിപണിയില്‍ 1920 വരേയും കരുത്തരായി നിന്ന ഡോഡ്ജിന് പക്ഷെ പിന്നീട് തിരിച്ചടികളുടെ കാലമായിരുന്നു. ഡോഡ്ജ് സഹോദരന്‍മാരുടെ പെട്ടെന്നുള്ള മരണം ഡോഡ്ജിന്റെ തകര്‍ച്ചയിലേക്ക് നയിച്ചു. കമ്പനിയുടെ ഭരണസാരഥ്യം ഏറ്റെടുത്ത ഡോഡ്ജ് ബ്രദേഴ്‌സിന്റെ വിധവകള്‍ക്ക് പക്ഷെ കമ്പനിയെ മുന്നോട്ട് നയിക്കാനായില്ല. പുതിയ ഡിസൈനുകള്‍ ഒന്നും തന്നെ അവതരിപ്പിക്കാനില്ലാതെ ഡോഡ്ജ് രണ്ടാം റാങ്കില്‍ നിന്ന് ഏഴാം റാങ്കിലേക്ക് അതിവേഗം കൂപ്പുകുത്തി. നഷ്ടത്തിലേക്ക് പോയികൊണ്ടിരുന്ന ഡോഡ്ജിനെ ഇതോടെ വിറ്റഴിക്കാന്‍ ഉടമകള്‍ തീരുമാനിച്ചു.

1925 ല്‍ ഡില്ലണ്‍ ആന്‍ഡ് റീഡ് കോ എന്ന ഇന്‍വസ്റ്റേഴ്‌സ് ഗ്രൂപ്പിന് വിറ്റ സ്ഥാപനം ഒടുവില്‍ ക്രിസ്ലറിന്റെ കൈവശമെത്തി. ഡോഡ്ജിന്റെ പ്രമുഖ ട്രക്കുകള്‍ വിപണിയിലെത്തിച്ച് ക്രിസ്ലര്‍ ഡോഡ്ജിനെ വീണ്ടും വിപണിയില്‍ സജീവമാക്കി. രണ്ടാം ലോകമഹായുദ്ധകാലത്ത് ഡോഡ്ജിന്റെ ട്രക്കുകള്‍ വീണ്ടും അമേരിക്കയുടെ കരുത്തായിമാറി. ഫാര്‍ഗോ ട്രക്ക്‌സ് എന്ന് പേരിട്ട നാല് ലക്ഷം ലൈറ്റ് ട്രക്കുകള്‍ ആണ് രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്കന്‍ സൈന്യത്തിനായി ഡോഡ്ജ് നിര്‍മിച്ചത്. ഇതിനുപുറമെ ആംബുലന്‍സുകളും മറ്റ് സൈനിക വാഹനങ്ങളും ഡോഡ്ജ് നിര്‍മിച്ചു. അമേരിക്കന്‍ സൈന്യത്തിന് പുറമെ സഖ്യസേനയിലെ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ സൈന്യത്തിനും ഡോഡ്ജ് സൈനികവാഹനങ്ങള്‍ നിര്‍മിച്ചു നല്‍കി. 1970 കളില്‍ ഡോഡ്ജ് നിര്‍മ്മിച്ച മുന്‍നിര വാഹനങ്ങള്‍ ട്രക്കുകളും വലിയ പാസഞ്ചര്‍ കാറുകളുമായിരുന്നു. എന്നിരുന്നാലും 1963-76 കാലയളവില്‍ തന്നെ 'ഡാര്‍ട്ട്' പോലുള്ള കോംപാക്റ്റ് കാറുകളും 1965-78 മുതല്‍ 'ബി-ബോഡി' കോറോനെറ്റ്, ചാര്‍ജര്‍ പോലുള്ള ഇടത്തരം കാറുകളും ഡോഡ്ജ് നിര്‍മ്മിച്ചു.

1998 മുതല്‍ 2009 വരെയുള്ള കാലയളവില്‍ ക്രിസ്ലറില്‍ ഒന്നിലധികം ഉടമസ്ഥാവകാശ മാറ്റങ്ങള്‍ ഉണ്ടായി. 1998 മുതല്‍ 2007 വരെ ഡെയ്മ്ലര്‍-ബെന്‍സ് എ ജിയുമായി കമ്പനി ലയിച്ചു. തുടര്‍ന്ന് സെര്‍ബറസ് ക്യാപിറ്റല്‍ മാനേജ്മെന്റിന് ഡോഡ്ജിനെ വിറ്റു.2009നു ശേഷം ഒട്ടേറെ സംഭവ വികാസങ്ങള്‍ക്കു ശേഷം ഫിയറ്റ്, കമ്പനിയെ ഏറ്റെടുത്തു.

2011-ല്‍, ഡോഡ്ജും അതിന്റെ ഉപ ബ്രാന്‍ഡുകളായ ഡോഡ്ജ് റാമും ഡോഡ്ജ് വൈപ്പറും വേര്‍പിരിഞ്ഞു. വൈപ്പര്‍ ഒരു എസ് ആര്‍ ടി ഉല്‍പ്പന്നമാണെന്നും റാം ഒരു പ്രത്യേക ഉല്‍പ്പന്നമാണെന്നും ഡോഡ്ജ് പ്രഖ്യാപിച്ചു. 2014 ല്‍, എസ് ആര്‍ ടി വീണ്ടും ഡോഡ്ജില്‍ ലയിച്ചു. 2021 ജനുവരി 16-ന് എഫ് സി എയും പി എസ് എ ഗ്രൂപ്പും (സ്റ്റെല്ലാന്റിസ്) തമ്മില്‍ മറ്റൊരു ലയനം സംഭവിച്ചു. ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് പോലുള്ള ഹോളിവുഡ് ആക്ഷന്‍ സിനിമകളില്‍ നിറസാനിധ്യമായിരുന്നു ഡോഡ്ജിന്റെ വാഹനങ്ങള്‍. സ്റ്റണ്ട് സീനുകളിലും ചെയ്‌സിംഗ് സീനിലുമെല്ലാം മികച്ച പെര്‍ഫോര്‍മെന്‍സ് കാഴ്ച്ചവെക്കുന്ന ഡോഡ്ജ് അതിനാല്‍ തന്നെ സാഹസികത ഇഷ്ടപ്പെടുന്ന കാര്‍ പ്രേമികളുടെ ഇഷ്ടവാഹനങ്ങളുടെ ബക്കറ്റ് ലിസ്റ്റില്‍ ഇടമുണ്ട്.