image

10 Jan 2022 12:02 AM GMT

Automobile

ബജാജ് ഓട്ടോ ലിമിറ്റഡ്

MyFin Desk

ബജാജ് ഓട്ടോ ലിമിറ്റഡ്
X

Summary

ഹമാരാ ബജാജ്. ഈ പരസ്യവാചകം ഒരിക്കലെങ്കിലും കേള്‍ക്കാത്തവരുണ്ടാകില്ല. 1989 ല്‍ ഇന്ത്യയില്‍ തരംഗമായി മാറിയ ബജാജ് ചേതക്കിന്റെ പരസ്യമായിരുന്നു ഇത്. ഇന്ത്യക്കാരുടെ ഫാമിലി വാഹനം എന്ന രീതിയില്‍ ആയിരുന്നു ചേതക്കിനെ ബജാജ് അവതരിപ്പിച്ചത്. അതിനാല്‍ തന്നെ ബജാജ് ഇന്ത്യക്കാരുടെ വികാരവും കുടുംബവുമായി മാറി. ജംനാലാല്‍ ബജാജിന്റെ നേതൃത്വത്തില്‍ 1926-ല്‍ സ്ഥാപിതമായ ബജാജ് ഗ്രൂപ്പ് പെട്ടെന്നു തന്നെ ജനങ്ങള്‍ക്കിടയിലേക്കെത്തി. ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ബജാജ് ഓട്ടോ ലിമിറ്റഡ് ഇരുചക്ര വാഹനങ്ങള്‍ക്ക് പുറമെ ത്രിചക്ര വാഹനങ്ങളും നിര്‍മിക്കുന്നുണ്ട്. ലോകത്തിലെ തന്നെ […]


ഹമാരാ ബജാജ്. ഈ പരസ്യവാചകം ഒരിക്കലെങ്കിലും കേള്‍ക്കാത്തവരുണ്ടാകില്ല. 1989 ല്‍ ഇന്ത്യയില്‍ തരംഗമായി മാറിയ ബജാജ് ചേതക്കിന്റെ പരസ്യമായിരുന്നു...

ഹമാരാ ബജാജ്. ഈ പരസ്യവാചകം ഒരിക്കലെങ്കിലും കേള്‍ക്കാത്തവരുണ്ടാകില്ല. 1989 ല്‍ ഇന്ത്യയില്‍ തരംഗമായി മാറിയ ബജാജ് ചേതക്കിന്റെ പരസ്യമായിരുന്നു ഇത്. ഇന്ത്യക്കാരുടെ ഫാമിലി വാഹനം എന്ന രീതിയില്‍ ആയിരുന്നു ചേതക്കിനെ ബജാജ് അവതരിപ്പിച്ചത്. അതിനാല്‍ തന്നെ ബജാജ് ഇന്ത്യക്കാരുടെ വികാരവും കുടുംബവുമായി മാറി.

ജംനാലാല്‍ ബജാജിന്റെ നേതൃത്വത്തില്‍ 1926-ല്‍ സ്ഥാപിതമായ ബജാജ് ഗ്രൂപ്പ് പെട്ടെന്നു തന്നെ ജനങ്ങള്‍ക്കിടയിലേക്കെത്തി. ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ബജാജ് ഓട്ടോ ലിമിറ്റഡ് ഇരുചക്ര വാഹനങ്ങള്‍ക്ക് പുറമെ ത്രിചക്ര വാഹനങ്ങളും നിര്‍മിക്കുന്നുണ്ട്. ലോകത്തിലെ തന്നെ നാലാമത്തെ വലിയ ത്രീ-വീലര്‍ നിര്‍മ്മാതാക്കളാണ് നിലവില്‍ ബജാജ്. ഇന്ത്യയുടെ നിരത്തുകളില്‍ കാണുന്ന ഓട്ടോ റിക്ഷകളില്‍ ഭൂരിഭാഗവും ബജാജിന്റേതാണ്. ഇന്ത്യക്ക് പുറമെ ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, സൗത്ത്, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലൊക്കെ ബജാജ് എന്ന ബ്രാന്‍ഡ് ഇന്ന് വളര്‍ന്നു കഴിഞ്ഞു.

മഹാത്മാ ഗാന്ധിയുമായുള്ള അടുത്ത ബന്ധവും സ്വാതന്ത്ര്യ സമരത്തില്‍ സജീവമായുള്ള ഇടപെടലും മൂലം ജംനാലാല്‍ ബജാജിന് പുതുതായി ആരംഭിച്ച ബിസിനസ്സ് സംരംഭത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. 1942-ല്‍ അദ്ദേഹത്തിന്റെ മകന്‍ കമല്‍നയന്‍ ബജാജ് ബിസിനസ്സ് ഏറ്റെടുത്തു. സ്വാതന്ത്ര്യത്തിന് ശേഷമാണ് ഇദ്ദേഹവും ബിസിനസില്‍ പൂര്‍ണമായി ശ്രദ്ധ നല്‍കിയത്. കമല്‍നയന്‍ ബജാജ് ഗ്രൂപ്പിനെ ഏകീകരിക്കുക മാത്രമല്ല, വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് വൈവിധ്യവത്കരിക്കുകയും ചെയ്തു.

1965 കഴിഞ്ഞപ്പോഴേക്കും രാഹുല്‍ ബജാജിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ മുന്‍നിര കമ്പനിയായ ബജാജ് ഓട്ടോയുടെ വിറ്റുവരവ് 72 ദശലക്ഷത്തില്‍ നിന്ന് 12,000 കോടി രൂപയായി ഉയര്‍ന്നു കഴിഞ്ഞിരുന്നു. ഇതോടെ കമ്പനിയുടെ പോര്‍ട്ട്ഫോളിയോ വികസിക്കുകയും ബ്രാന്‍ഡ് ആഗോള വിപണി കണ്ടെത്തുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വിശിഷ്ടമായ ബിസിനസ്സ് നേതാക്കളില്‍ ഒരാളായി ഇന്നും ഇദ്ദേഹം അറിയപ്പെടുന്നു.

ചേതക്കിന് ശേഷം ഇന്ത്യന്‍ ഇരുചക്രവിഹന വിപണിയില്‍ വലിയ ചലനം സൃഷ്ടിച്ചത് പള്‍സറിന്റെ വരവോടെയാണ്. യുവാക്കളെ ലക്ഷ്യമിട്ട് നവീനമായ ഡിസൈനില്‍ ബജാജ് 2001 ല്‍ ഇറക്കിയ പള്‍സര്‍ കരുത്തിന്റെ അടയാളമായി രേഖപ്പെടുത്തി. ടു സ്‌ട്രോക്ക് എഞ്ചിന്‍ കൊണ്ട് യുവാക്കളെ ത്രസിപ്പിച്ച യമഹ 100 സിസി വിപണിയില്‍ നിന്ന് പിന്‍മാറിയശേഷം അത്രയും കരുത്തും പെര്‍ഫോര്‍മന്‍സും നല്‍കുന്ന ബൈക്കുകള്‍ ഇല്ലായിരുന്നു. ഈ വിടവാണ് പള്‍സര്‍ നികത്തിയത്. വളരെ വേഗത്തില്‍ തന്നെ റെക്കോര്‍ഡ് അളവിലാണ് പള്‍സര്‍ വിറ്റഴിക്കപ്പെട്ടത്. പിന്നീട് പവര്‍ കൂട്ടി പള്‍സറിന്റെ നിരവധി മോഡലുകള്‍ ബജാജ് അവതരിപ്പിച്ചു. മൈലേജിനും മുന്‍ഗണന നല്‍കി ഇറക്കിയ ഡിസ്‌കവര്‍, പ്ലാറ്റിനോ തുടങ്ങിയ വാഹനങ്ങള്‍ ഇടത്തരക്കാരുടെ പ്രിയപ്പെട്ട ബൈക്കുകളായി.

2007-ല്‍, ബജാജ് ഓട്ടോ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ കെ ടി എമ്മിന്റെ ഓഹരികള്‍ ഏറ്റെടുത്തു. ഈ പങ്കാളിത്തം ഇന്ത്യയില്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗിലേക്കുള്ള ചുവട് വയ്പ്പു കൂടിയായിരുന്നു. ബജാജ് ഓട്ടോ ഇന്ന് ഡ്യൂക്ക് ശ്രേണിയിലുള്ള കെ ടി എം ബൈക്കുകള്‍ നിര്‍മ്മിക്കുകയും ലോകമെമ്പാടും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. 2018 സാമ്പത്തിക വര്‍ഷത്തില്‍, രാജ്യത്ത് അതിവേഗം വളരുന്ന മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായി കെ ടി എം മാറുകയും ചെയ്തു.

ഇന്ത്യയിലെ ആദ്യത്തെ ക്വാഡ്രിസൈക്കിള്‍ - ക്യൂട്ട് അവതരിപ്പിക്കുന്നതിനും ബജാജ് ഓട്ടോ നേതൃത്വം നല്‍കി. ഇന്ത്യക്കാരുടെ വികാരമായി മാറിയ ചേതക്ക് വീണ്ടും ബജാജ് വിപണിയിലെത്തിച്ചു. പക്ഷെ പഴയ പെട്രോള്‍ പതിപ്പിന് പകരം ഇലക്ട്രിക്ക് വാഹനമായാണ് ചേതക്കിനെ അതേ രൂപത്തില്‍ ബജാജ് പുനരവതരിപ്പിച്ചത്.

ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച 10 ബിസിനസ്സ് സ്ഥാപനങ്ങള്‍ എടുത്താല്‍ അതില്‍ ഒന്ന് ബജാജ് ഗ്രൂപ്പാണ്. വാഹനങ്ങള്‍ക്ക് പുറമെ ഗൃഹോപകരണങ്ങള്‍, ലൈറ്റിംഗ്, ഇരുമ്പ്, ഉരുക്ക്, ഇന്‍ഷുറന്‍സ്, ട്രാവല്‍, ഫിനാന്‍സ് എന്നിങ്ങനെ ബജാജിന്റെ മുദ്ര ചാര്‍ത്തപ്പെട്ട മേഖലകള്‍ നിരവധിയാണ്. 70-ലധികം രാജ്യങ്ങളിലേക്ക് ബജാജ് ഓട്ടോ ഇന്ന് കയറ്റുമതി ചെയ്യുന്നു. കമ്പനിയുടെ വരുമാനത്തിന്റെ ഗണ്യമായ പങ്കും കയറ്റുമതിയില്‍ നിന്നാണ്. ലോകത്തിന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ ബ്രാന്‍ഡെന്ന് ബജാജ് അറിയപ്പെടുന്നത് ഇതുകൊണ്ടാണ്.