9 Jan 2022 7:51 PM GMT
Summary
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മൾട്ടിനാഷണൽ വാഹന നിർമ്മാതാക്കളാണ് അശോക് ലെയ്‌ലാൻഡ്.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മൾട്ടിനാഷണൽ വാഹന നിർമ്മാതാക്കളാണ് അശോക് ലെയ്‌ലാൻഡ്. ഹിന്ദുജ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അശോക് ലെയ്‌ലാൻഡ്, ഇന്ത്യയിലെ വാണിജ്യ വാഹനങ്ങളുടെ നിർമ്മാതാക്കളിൽ രണ്ടാം സ്ഥാനത്താണ്. ലോകത്തിലെ നാലാമത്തെ വലിയ ബസ് നിർമ്മാതാക്കളും, പതിനാലാമത്തെ വലിയ ട്രക്കു നിർമ്മാതാക്കളുമാണ്.
1948- അശോക് മോട്ടോഴ്‌സ് എന്ന പേരിലാണ് കമ്പനി സ്ഥാപിതമായെങ്കിലും 1955-ൽ അശോക് ലെയ്‌ലാൻഡ് എന്ന പേരിലേക്ക് മാറി. 1948 ൽ രഘുനന്ദൻ ശരൺ ആണ് അശോക് മോട്ടോഴ്‌സ് സ്ഥാപിച്ചത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് വ്യാവസായിക സംരംഭത്തിൽ നിക്ഷേപം നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇംഗ്ലണ്ടിൽ നിന്നുള്ള ഓസ്റ്റിൻ കാറുകൾ അസംബിൾ ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമുള്ള ഒരു കമ്പനിയായി ആയാണ് 1948ൽ അശോക് മോട്ടോഴ്‌സ് ആരംഭിച്ചത്. ഏക മകനായ അശോക് സരണിന്റെ പേരാണ് കമ്പനിക്ക് അദ്ദേഹം സ്വീകരിച്ചത്. ചെന്നൈ ആസ്ഥാനമായി പ്രവൃത്തിക്കുന്ന കമ്പനിയുടെ നിർമ്മാണ പ്ലാന്റും അന്ന് ചെന്നൈയിൽ ആയിരുന്നു. വാണിജ്യ വാഹനങ്ങളുടെ അസംബ്ലിക്ക് വേണ്ടി ഇംഗ്ലണ്ടിലെ ലെയ്‌ലാൻഡ് മോട്ടോഴ്‌സുമായി ചർച്ച നടത്തിയിരുന്നെങ്കിലും രഘുനന്ദൻ ശരൺ വിമാനാപകടത്തിൽ മരണപ്പെട്ടത് കാരണം ഇത് നടക്കാതെ വന്നു . പിന്നീട് ലെയ്‌ലാൻഡ് മോട്ടോഴ്‌സ് 1955ൽ ഓഹരി പങ്കാളിത്തത്തോടെ കമ്പനിയുടെ പേര് അശോക് ലെയ്‌ലാൻഡ് എന്നാക്കി മാറ്റി. ഈ ലയനത്തിനു ശേഷമാണ് വാണിജ്യ വാഹനങ്ങളുടെ നിർമ്മാണം അശോക് ലെയ്‌ലാൻഡ് ആരംഭിച്ചത്. 1995ൽ ISO 9002 സർട്ടിഫിക്കേഷൻ ലഭിച്ച ആദ്യ ഇന്ത്യൻ വാഹന കമ്പനി എന്ന പേര് അശോക് ലെയ്‌ലാൻഡ് നേടി. രണ്ട് വർഷത്തിന് ശേഷം ISO 9001 സർട്ടിഫിക്കേഷനും കമ്പനിക്ക് കിട്ടി.
1987ൽ, ലാൻഡ് റോവർ ലെയ്‌ലാൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്‌സ് ലിമിറ്റഡിന്റെ (LRLIH) ഓവർസീസ് ഹോൾഡിംഗ്, ഹിന്ദുജ ഗ്രൂപ്പും ഫിയറ്റ് ഗ്രൂപ്പിന്റെ ഭാഗമായ നോൺ-സിഡന്റ് ഇന്ത്യൻ ട്രാൻസ്‌നാഷണൽ ഗ്രൂപ്പായ ഇവെകോയും സംയുക്തമായി ഏറ്റെടുത്തു. 2007ൽ ഹിന്ദുജ ഗ്രൂപ്പ് അശോക് ലെയ്‌ലാൻഡിലെ ഇവെകോയുടെ പരോക്ഷ ഓഹരികൾ വാങ്ങി. പ്രമോട്ടർ ഷെയർഹോൾഡിംഗ് ഇപ്പോൾ 51% ത്തോടെ ഹിന്ദുജ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയാണ് ഇന്ന് അശോക് ലേലാന്റ്. കോർപ്പറേറ്റ് ഓഫീസ് ചെന്നൈയിലും, നിർമ്മാണ യൂണിറ്റുകൾ എന്നൂർ (തമിഴ്നാട്), ഭണ്ഡാര (മഹാരാഷ്ട്ര), ഹൊസൂർ (രണ്ട് യൂണിറ്റുകൾ), ആൽവാർ (രാജസ്ഥാൻ), പന്ത്നഗർ (ഉത്തരാഖണ്ഡ്) എന്നിങ്ങനെ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്നു. ഇന്ത്യയിലുള്ളത് കൂടാതെ അശോക് ലെയ്‌ലാൻഡിന് റാസൽ ഖൈമയിലും (യുഎഇ) , ഇംഗ്ലണ്ടിലെ ലീഡ്‌സിലും നിർമ്മാണ യൂണിറ്റുകളുണ്ട്. ഓട്ടോമോട്ടീവ്, ടെലികമ്മ്യൂണിക്കേഷൻ മേഖലകൾക്ക് ഉപകാരപ്രദമാകുന്ന ഹൈ-പ്രസ് ഡൈ-കാസ്റ്റിംഗ് എക്‌സ്‌ട്രൂഡഡ് അലുമിനിയം ഘടകങ്ങളുടെ നിർമ്മാണത്തിനായി അൽടീംസ് ഗ്രൂപ്പുമായി സംയുക്ത സംരംഭ പദ്ധതിയും അശോക് ലെയ്‌ലാൻഡിനുണ്ട്. 2019ലെ ഇന്റർബ്രാന്റ് സർവേയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രാൻഡുകളിൽ 34-ാംസ്ഥാനത്ത് കമ്പനിയെത്തി .
2019ൽ, AON ബെസ്റ്റ് എംപ്ലോയേഴ്‌സ് ഫോർ ഇന്ത്യ അവാർഡും കമ്പനിക്ക് ലഭിച്ചു. 50 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണ് ഇന്ന് അശോക് ലെയ്‌ലാൻഡ് എന്ന ഓട്ടോമോട്ടീവ് നിർമ്മാതാക്കൾ. ട്രക്കുകളിൽ 1T GVW (ഗ്രോസ് വെഹിക്കിൾ വെയ്റ്റ്) മുതൽ 55T GTW (ഗ്രോസ് ട്രെയിലർ വെയ്റ്റ്), 9 മുതൽ 80 വരെ സീറ്റുള്ള ബസുകൾ, പ്രതിരോധ, പ്രത്യേക ആപ്ലിക്കേഷനുകൾക്കുള്ള വാഹനങ്ങൾ, വ്യാവസായിക, ജെൻസെറ്റ്, മറൈൻ ആപ്ലിക്കേഷനുകൾക്കുള്ള ഡീസൽ എഞ്ചിനുകൾ എന്നിവയൊക്കെ അശോക് ലെയ്‌ലാൻഡിൽ ഉണ്ടാക്കുന്നു. 2016-ൽ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ബസും യൂറോ-6 നിലവാരമുള്ള ട്രക്കും കമ്പനി പുറത്തിറക്കി. 2019ലെ സർവേയിൽ ആഗോള വാണിജ്യ വാഹന നിർമ്മാതാക്കളിൽ അശോക് ലെയ്‌ലാൻഡ് പത്താം സ്ഥാനത്തായിരുന്നു.