image

10 Jan 2022 5:39 AM GMT

Automobile

ഇസുസു മോട്ടോര്‍സ് ലിമിറ്റഡ്

MyFin Desk

ഇസുസു മോട്ടോര്‍സ് ലിമിറ്റഡ്
X

Summary

1916 ലാണ് ജപ്പാനിലെ ടോക്യോ ഇഷികവാജിമ ഷിപ്പ് ബില്‍ഡിംഗ് ആന്‍ഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡും ടോക്കിയോ ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് ഇന്‍ഡസ്ട്രിയല്‍ കമ്പനിയും ചേര്‍ന്ന് ഓട്ടോമൊബൈല്‍ നിര്‍മാണരംഗത്തേക്ക് കടക്കാന്‍ തീരുമാനമെടുത്തത്. ഇംഗ്ലണ്ടിലെ വോള്‍സ്ലി മോട്ടോഴ്‌സുമായി 1918 ല്‍ സാങ്കേതിക സഹായത്തിനായി കരാറിലേര്‍പ്പെട്ടതോടെയാണ് ഇന്നത്തെ ഇസുസു മോട്ടോഴ്‌സിന്റെ ആരംഭം. 4 വര്‍ഷത്തിന് ശേഷം ജപ്പാനില്‍ പൂര്‍ണമായും നിര്‍മിച്ച വോള്‍സ്ലിയുടെ മോഡല്‍ എ 9 എന്ന വാഹനമാണ് ഇവര്‍ ആദ്യമായി വിപണിയിലെത്തിച്ചത്. വോള്‍സ്ലിയുമായുള്ള സഹകരണം 1927 ല്‍ അവസാനിപ്പിച്ച ഇഷികവാജിമ […]


1916 ലാണ് ജപ്പാനിലെ ടോക്യോ ഇഷികവാജിമ ഷിപ്പ് ബില്‍ഡിംഗ് ആന്‍ഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡും ടോക്കിയോ ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് ഇന്‍ഡസ്ട്രിയല്‍ കമ്പനിയും ചേര്‍ന്ന് ഓട്ടോമൊബൈല്‍ നിര്‍മാണരംഗത്തേക്ക് കടക്കാന്‍ തീരുമാനമെടുത്തത്. ഇംഗ്ലണ്ടിലെ വോള്‍സ്ലി മോട്ടോഴ്‌സുമായി 1918 ല്‍ സാങ്കേതിക സഹായത്തിനായി കരാറിലേര്‍പ്പെട്ടതോടെയാണ് ഇന്നത്തെ ഇസുസു മോട്ടോഴ്‌സിന്റെ ആരംഭം. 4 വര്‍ഷത്തിന് ശേഷം ജപ്പാനില്‍ പൂര്‍ണമായും നിര്‍മിച്ച വോള്‍സ്ലിയുടെ മോഡല്‍ എ 9 എന്ന വാഹനമാണ് ഇവര്‍ ആദ്യമായി വിപണിയിലെത്തിച്ചത്. വോള്‍സ്ലിയുമായുള്ള സഹകരണം 1927 ല്‍ അവസാനിപ്പിച്ച ഇഷികവാജിമ ഷിപ്പ് ബില്‍ഡിംഗ് ആന്‍ഡ് എഞ്ചിനീയറിംഗ് ലിമിറ്റഡ് 1929 ല്‍ ഇഷികാവാജിമ ഓട്ടോമോട്ടീവ് വര്‍ക്‌സ് എന്ന പേരില്‍ പൂര്‍ണമായും വാഹനനിര്‍മാണത്തിനായി പ്രത്യേകവിഭാഗം ആരംഭിച്ചു.

പിന്നീട് പലപ്പോഴായി കമ്പനി വിവിധ കമ്പനികളുമായി ലയനവും സഹകരണവുമായി മുന്നോട്ട് പോയി. ഇതിനൊപ്പം തന്നെ കമ്പനിയുടെ പേരും അടിക്കടി മാറ്റികൊണ്ടിരുന്നു. ഇതില്‍ ആദ്യത്തേത് 1933 ല്‍ ഡാറ്റ് ഓട്ടോമൊബൈല്‍ മാനുഫാക്ചറിങ്ങുമായുള്ള ലയനത്തെ തുടര്‍ന്നായിരുന്നു. ലയനത്തിന് ശേഷം കമ്പനി ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന പുതിയ പേരിലാണ് വാഹനങ്ങള്‍ നിരത്തിലെത്തിച്ചത്.

ആരെയും ആകര്‍ഷിക്കുന്ന ഡിസൈനും നൂതന സാങ്കേതികവിദ്യയും മുതല്‍കൂട്ടാക്കി മികച്ച സേവനങ്ങള്‍ നല്‍കുന്ന ആഗോള ഓട്ടോമൊബൈല്‍ കമ്പനിയാണ് ഇസുസു. ടോക്യോ ഇഷികവാജിമ ഷിപ്പ് ബില്‍ഡിംഗ് ആന്‍ഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡും ടോക്യോ ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് ഇന്‍ഡസ്ട്രിയല്‍ കമ്പനിയും ചേര്‍ന്ന് 1916ലാണ് ഓട്ടോമൊബൈല്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചത്. ട്രക്കുകളും പാസഞ്ചര്‍ വാഹനങ്ങളുമായി നിരവധി വാഹനങ്ങളാണ് പിന്നീട് കമ്പനി നിരത്തിലെത്തിച്ചത്. 1934 ലാണ് ഇസുസു എന്നപേരില്‍ ആദ്യമായി ഒരു വാഹനം കമ്പനി പുറത്തിറക്കിയത്. ഇസുസു എന്നപേരില്‍ വിപണിയിലെത്തിച്ച ട്രക്ക് അക്കാലത്ത് ഇടത്തരക്കാരുടെ അടക്കം പ്രിയപ്പെട്ട കൊമേഴ്‌സ്യല്‍ വാഹനമായിമാറി. രണ്ട് വര്‍ഷത്തിന് ശേഷം ജപ്പാനിലെ ആദ്യത്തെ എയര്‍ കൂള്‍ഡ് ഡീസല്‍ എഞ്ചിന്‍ ഇവര്‍ അവതരിപ്പിച്ചു. ഡിഎ4, ഡിഎ6 എന്നീ പേരിലായിരുന്നു എഞ്ചിനുകള്‍ പുറത്തിറക്കിയത്.

തൊട്ടടുത്ത വര്‍ഷം കമ്പനി വീണ്ടും പേര് മാറ്റത്തിന് വിധേയമായി. ടോക്യോ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രീസ് എന്നായിരുന്നു ഒരു ദശലക്ഷം യെന്‍ മൂലധനവുമായി പിറവികൊണ്ട പുതിയ കമ്പനിയുടെ പേര്. ജപ്പാന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ ഫാക്ടറികളും പ്ലാന്റുകളും നിര്‍മിച്ച ടോക്യോ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രീസ് ടിഎക്‌സ് 40 ഉള്‍പ്പടെയുള്ള വിവിധങ്ങളായ വാഹനങ്ങളും പുറത്തിറക്കി. പേരുകള്‍ അടിക്കടിമാറ്റുന്ന പ്രവണത അപ്പോഴും അവസാനിച്ചില്ല. 1941 ല്‍ ടോക്യോ ഓട്ടോമൊബൈല്‍സ് എന്ന പേര് വീണ്ടും നവീകരിച്ച് ഡീസല്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രീ എന്ന പുതിയ പേരിലായി പിന്നീട് കമ്പനിയുടെ പ്രവര്‍ത്തനം. ഇടക്കാലത്ത് നിര്‍ത്തിവെച്ച ടിഎക്‌സ് 40 പെട്രോള്‍ എഞ്ചിന്‍ ട്രക്കുകളുടേയും ടിയു60 ഡീസല്‍ ട്രക്കിന്റേയും നിര്‍മാണം 1945 ല്‍ കമ്പനി വീണ്ടും പുനരാരംഭിച്ചു. പിന്നാലെ ടിഎക്‌സ് 61 ട്രക്ക്, ബിഎക്‌സ്91 ബസ് തുടങ്ങിയ വാഹനങ്ങളും നിരത്തിലെത്തിച്ചു.

വീണ്ടുമൊരിക്കല്‍ കൂടി കമ്പനി പേര് മാറ്റത്തിന് വിധേയമായി. 1949 ജൂലൈയില്‍ പലപേരുകള്‍ സ്വീകരിച്ചും ഉപേക്ഷിച്ചുമൊടുവില്‍ കമ്പനി ഇസുസു മോട്ടോര്‍ഴ്‌സ് ലിമിറ്റഡ് എന്നപേരിലെത്തിച്ചേര്‍ന്നു. തുടര്‍ന്നിങ്ങോട്ട് ഇതുവരേയും കമ്പനി പേര് മാറ്റിയിട്ടില്ല. 150 ദശലക്ഷം യെന്നിന്റെ മൂലധനവുമായാണ് ഇസുസു എന്ന പേരില്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. ഇസുസു എന്ന പേര് സ്വീകരിച്ചതിന് പിന്നാലെ വിദേശത്തെ വിവിധ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയിലെത്തി. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് അമേരിക്കയിലെ ജനറല്‍ മോട്ടോഴ്‌സും ബ്രിട്ടനിലെ റൂട്ട്‌സ് ലിമിറ്റഡുമായുള്ള സഹകരണമാണ്. റൂട്ട്‌സുമായി ചേര്‍ന്നാണ് ഇസുസു ആദ്യമായി പാസഞ്ചര്‍ കാര്‍ പുറത്തിറക്കിയത്. ഹില്‍മാന്‍ എന്ന് പേരിട്ട ആദ്യത്തെ കാര്‍ 1953 ലാണ് പുറത്തിറങ്ങിയത്.

ട്രക്കുകള്‍ നിര്‍മിച്ച് തുടങ്ങിയ ഇസുസു പിന്നീട് പാസഞ്ചര്‍ കാറുകള്‍, വാനുകള്‍, ബസുകള്‍ എന്നിവയുടെ നിര്‍മാണത്തിലും ശ്രദ്ദേയമായ മുന്നേറ്റമാണ് നടത്തിയത്. മള്‍ട്ടി പര്‍പ്പസ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കൊപ്പം തന്നെ സ്‌പോര്‍ട്‌സ് കൂപ്പെ വാഹനങ്ങളും ഇസുസു അവതരിപ്പിച്ചു. ഇതിനൊപ്പം തന്നെ ജപ്പാനുപുറത്ത് അമേരിക്ക, ചൈന, തായ്‌ലാന്റ് തുടങ്ങിയ വിപണികളിലും ഇസുസു സാന്നിധ്യമറിയിച്ചു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ പുതിയ പ്ലാന്റുകളും കമ്പനികളും ഇസുസുവിന്റേതായി പ്രവര്‍ത്തനമാരംഭിച്ചു. ഇതിനൊപ്പം തന്നെ വിദേശരാജ്യങ്ങളില്‍ അവിടങ്ങളിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളുമായി ചേര്‍ന്ന് വിപണി കണ്ടെത്തിയും ഇസുസു കളംപിടിച്ചു. ഓട്ടോമൊബൈല്‍ നിര്‍മാണരംഗത്ത് സജീവമായി തുടരുമ്പോള്‍ തന്നെ ജപ്പാന്റെ ആദ്യത്തെ അന്റാര്‍ട്ടിക പരിവേക്ഷണത്തിന് സ്വന്തം സ്റ്റാഫുകളെ വിട്ടുകൊടുക്കാനും ഇസുസു തയ്യാറായി.

ഇന്ത്യയില്‍ ഇസുസുവിന്റെ പ്ലാന്റ് 2016-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ചെറിയ ട്രക്കുകള്‍ക്ക് പുറമെ മള്‍ട്ടി പര്‍പ്പസ് യൂട്ടിലിറ്റി വെഹിക്കിളുകളും വാനുകളും പലവലിപ്പത്തിലുള്ള ബസ്സുകളും ഇസുസു ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തിച്ചു. കരുത്തും ജെയിന്റ് ലുക്കും കൊണ്ട് വാഹനപ്രേമികളുടെ മനം കവര്‍ന്നതാണ് മിക്ക ഇസുസു എസ് യു വികളും.

1991 ല്‍ തന്നെ 2 ടണ്‍ ഭാരമുള്ള ഇലക്ട്രിക്ക് ഡെലിവെറി ട്രക്കിന്റെ പ്രോട്ടോടൈപ്പ് ഇറക്കിയും ഇസുസു സാങ്കേതിക വിദ്യയില്‍ മുന്നോട്ട് സഞ്ചരിച്ചു. 2020ല്‍ ഇന്ധന സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ഹെവി-ഡ്യൂട്ടി ട്രക്കുകളില്‍ സംയുക്ത ഗവേഷണം നടത്താന്‍ ഹോണ്ടയുമായി കരാര്‍ ഒപ്പുവച്ച ഇസുസു, എന്‍വയോണ്‍മെന്റല്‍ വിഷന്‍ 2050 എന്ന പേരില്‍ വലിയൊരു പദ്ധതിയും ആവിഷ്‌ക്കരിക്കുന്നുണ്ട്. ഭാവി ഫോസില്‍ ഇന്ധന വാഹനങ്ങളുടേതല്ലെന്ന കൃത്യമായ ധാരണയോടെ പ്രവര്‍ത്തിക്കുന്ന ഇസുസു ലക്ഷ്യം വെക്കുന്നത് സീറോ കാര്‍ബണ്‍ സാങ്കേതികവിദ്യയാണ്.