23 Aug 2023 11:53 AM GMT
Summary
- ഒക്ടോബറോടെ 15 സ്ഥലങ്ങളില്‍ പദ്ധതി നടപ്പാക്കും
- ഹോട്ടല്‍ ഓണ്‍ വീല്‍സ് എന്ന ആശയത്തിന് അനുസൃതമായ പ്രോജക്റ്റ്
കാരവന്‍ ടൂറിസത്തിനൊരുങ്ങി ആന്ധ്രാപ്രദേശും. സംസ്ഥാനത്തെ 15 സ്ഥലങ്ങളില്‍ ഒക്ടോബറോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശ്ശിക്കുന്നതെന്ന് ആന്ധ്രാ പ്രദേശ് ടൂറിസം കോർപ്പറേഷൻ (എപിടിസി) റീജിയണല്‍ ഡയറക്റ്റര്‍ പി. ശ്രീനിവാസ വ്യക്തമാക്കി..
അല്ലൂരി സീതാരാമ രാജു (എഎസ്ആര്‍) ജില്ലയിലെ അഞ്‌ജോഡ (അരക്കു താഴ്വരയ്ക്ക് സമീപമുള്ള വനവും പാര്‍ക്കും), ദല്ലാപള്ളി (പടേരുവിനടുത്തുള്ള ഹില്‍ സ്റ്റേഷന്‍), വിശാഖപട്ടണത്തെ ഭീമിലി (ബീച്ച് പ്രദേശം) എന്നിവയുള്‍പ്പെടെ 15 സ്ഥലങ്ങളില്‍ കാരവന്‍ ടൂറിസം അവതരിപ്പിക്കാനാണ് സംസ്ഥാന ടൂറിസം വകുപ്പ് തയ്യാറെടുക്കുന്നത്.
'വിശാഖപട്ടണം മേഖലയിലുള്ള മൂന്ന് മേഖലകളില്‍ കാരവന്‍ ടൂറിസം പദ്ധതി നടപ്പാക്കാന്‍ വകുപ്പ് തീരുമാനിച്ചു. ഇതിനായി വനം വകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. കാരവന്‍ ടൂറിസം ബില്‍ ഒക്ടോബറില്‍ അവതരിപ്പിക്കും' ശ്രീനിവാസ അറിയിച്ചു.
ഹോട്ടല്‍ ഓണ്‍ വീല്‍സ് എന്ന ആശയത്തിന് അനുസൃതമായാണ് പദ്ധതി നടപ്പാക്കുന്നത്. കിടക്കകള്‍, ശുചിമുറി, അടുക്കള, എസി, സ്മാര്‍ട്ട് ടിവി, മ്യൂസിക് സിസ്റ്റം എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഇത് നടപ്പാക്കുന്നത്.
സന്ദര്‍ശകര്‍ക്ക് സൗകര്യമൊരുക്കുന്നതിനായി അര ഏക്കറോളം സ്ഥലത്തുള്ള കാരവന്‍ കേന്ദ്രമാണ് ടൂറിസം വകുപ്പ് ആസൂത്രണം ചെയ്യുന്നത്. ഇത് മറ്റുള്ളവരുടെ സഹകരണത്തോടുകൂടി നടത്തുന്ന പദ്ധതിയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ പാക്കേജിനും പ്രത്യേകം നിശ്ചയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആന്ധ്രയിലെ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് അസോസിയേഷന്‍ കാരവന്‍ ടൂറിസത്തിനായി 20 കോടി രൂപ നിക്ഷേപിക്കും. അവരെ വിശാഖപട്ടണം, വിജയവാഡ, രാജമുന്ദ്രി, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിലെ ചുമതല ഏല്‍പ്പിക്കും. ഈ ടൂറിസം പദ്ധതി ആവേശകരമാണെന്ന് ട്രാവല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. യാത്രികരെ ആന്ധ്രാപ്രദേശിലേക്കും പ്രത്യേകിച്ച് വിശാഖപട്ടണം മേഖലയിലേക്കും പദ്ധതി ആകര്‍ഷിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.