29 Sep 2023 6:11 AM GMT
ഇന്ത്യയുടെ അരി കയറ്റുമതി നിയന്ത്രണം; ലോക രാഷ്ട്രങ്ങൾക്ക് ശക്തമായ എതിർപ്പ്
MyFin Desk
Summary
- ഡബ്ല്യുടിഒ കാര്‍ഷിക സമിതി യോഗത്തിലാണ് വിമര്‍ശനം
- 2023-24ല്‍ ഇന്ത്യ റെക്കോര്‍ഡ് കൊയ്ത്തിന് തയ്യാറെടുക്കുകയാണെന്ന് യുഎസ്
- ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ പ്രതിസന്ധിയിലാകും
ഇന്ത്യയുടെ ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധനത്തെ വിമര്‍ശിച്ച് യുഎസും കാനഡയും യൂറോപ്യന്‍ യൂണിയനും. ഇത് അനാവശ്യമായ വ്യാപാര തടസമാണെന്ന് അവര്‍ വിശേഷിപ്പിക്കുന്നു. ഏറ്റവും ആവശ്യമുള്ള പ്രദേശങ്ങളിലേക്കുള്ള ഭക്ഷണത്തിന്റെ ഒഴുക്കിനെയാണ് ഇത് തടസപ്പെടുത്തുന്നതെന്ന് അവര്‍ പറയുന്നു.
വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ (ഡബ്ല്യുടിഒ) ചേര്‍ന്ന കാര്‍ഷിക സമിതി യോഗത്തില്‍, ജപ്പാന്‍, ഓസ്ട്രേലിയ, ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്‍, യുകെ, യുഎസ് എന്നിവയുള്‍പ്പെടെ രാജ്യങ്ങൾ ആഗോള ഭക്ഷ്യ വിപണിയിലെ നിരോധനത്തിന്റെ ആഘാതത്തെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചു. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാര്‍ ഇന്ത്യയാണ്. ആഗോള കയറ്റുമതിയുടെ 40% ത്തിലധികം ഇന്ത്യയുടെ സംഭാവനയാണ്.
ജൂലൈയിലാണ് ബസ്മതി ഇതര വെള്ള അരി കയറ്റുമതി ഇന്ത്യ നിരോധിച്ചത്. ''ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന രാജ്യങ്ങളെ, പ്രത്യേകിച്ച് പ്രതിസന്ധി ഘട്ടങ്ങളില്‍ ഇത്തരം നടപടികള്‍ ദോഷകരമായി ബാധിക്കുമെന്ന് ഈ അംഗങ്ങള്‍ വാദിച്ചു,'' ജനീവ ആസ്ഥാനമായുള്ള ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം 2023-24ല്‍ 134 ദശലക്ഷം ടണ്‍ അരി ഉല്‍പ്പാദനവും 36 ദശലക്ഷം ടണ്‍ സ്റ്റോക്കുമായി ഇന്ത്യ റെക്കോര്‍ഡ് കൊയ്ത്തിന് തയ്യാറെടുക്കുകയാണെന്ന് യുഎസ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാഷിംഗ്ടണ്‍ അവകാശപ്പെട്ടു. ''അത്തരം സാഹചര്യങ്ങളില്‍, പുതിയ നടപടി അനാവശ്യമായ വ്യാപാര തടസങ്ങള്‍ സൃഷ്ടിക്കുകയും ഏറ്റവും ആവശ്യമുള്ള പ്രദേശങ്ങളിലേക്കുള്ള ഭക്ഷണത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നു,'' ഈ കയറ്റുമതി നിരോധനം ഉടനടി പിന്‍വലിക്കാന്‍ യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
140 കോടി ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ഇന്ത്യ വിശദീകരിച്ചു.ഇത്തരം നടപടികളെക്കുറിച്ച് മുന്‍കൂട്ടി അറിയിക്കണമെന്ന് യുഎസും മറ്റ് അംഗങ്ങളും ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു.