image

6 Dec 2023 6:50 AM GMT

Agriculture and Allied Industries

കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കി ഇടതുപക്ഷ ഭരണം: പിണറായി

MyFin Desk

കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കി ഇടതുപക്ഷ ഭരണം: പിണറായി
X

Summary

  • കര്‍ഷക ക്ഷേമത്തിനായി വിവിധ നടപടികളും, പദ്ധതികളും നടപ്പിലാക്കി.
  • സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന 16 ഇനം പച്ചക്കറികള്‍ക്ക് തറവില നിശ്ചയിച്ചിട്ടുണ്ട്‌
  • നെല്ല് സംഭരണത്തിനുള്ള കേന്ദ്രവിഹിതമായ 790 കോടി ലഭിച്ചിട്ടില്ല


കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തതയും, ഉന്നമനവും ഉറപ്പാക്കാന്‍ ഇടതുസര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ പരിമിതികളും കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നയങ്ങളെയും മറികടന്ന് കര്‍ഷകരുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി വിവിധ നടപടികളും, പദ്ധതികളും നടപ്പിലാക്കിവരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

1990 കളിലെ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ തീവ്രതയോടെയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. കാര്‍ഷികമേഖല ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും മോശമായ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. 90 കള്‍ മുതല്‍ രാജ്യത്ത് ലക്ഷക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു എന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പച്ചക്കറികള്‍ക്ക് സര്‍ക്കാര്‍ തറവില

സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന 16 ഇനം പച്ചക്കറികള്‍ക്ക് സര്‍ക്കാര്‍ തറവില നിശ്ചയിച്ചിട്ടുണ്ട്‌. നെല്ലിന് ഉയര്‍ന്ന സംഭരണവില നല്‍കുകയാണെന്നും, 2022- 23ല്‍ കര്‍ഷകരില്‍ നിന്ന് സംഭരിച്ച 7.3 ലക്ഷം മെട്രിക് ടണ്‍ നെല്ലിന് 2,061.9 കോടി രൂപ സര്‍ക്കാര്‍ നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. നെല്ലിന് കേന്ദ്രം നിശ്ചയിച്ച കുറഞ്ഞ താങ്ങുവില 20.4 രൂപയായിരുന്നപ്പോള്‍ കേരളം കര്‍ഷകര്‍ക്ക് 7.80 രൂപ അധികമായി നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രവിഹിതത്തിന് കാത്തുനില്‍ക്കാതെ കര്‍ഷകര്‍ക്ക് മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്തവിധം കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കാന്‍ കേരളത്തിലെ ഇടതുപക്ഷ ഭരണത്തിന് കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുകയാണെന്നും അവരില്‍ നിന്ന് സംഭരിക്കുന്ന നെല്ലിന് യഥാസമയം പണം നല്‍കുന്നില്ലെന്നുമുളള പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിനിടയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ബാങ്കുകള്‍ മുഖേനയുള്ള പിആര്‍എസ് വഴി അഡ്വാന്‍സ് ചെയ്ത തുകയുടെ പലിശ സംസ്ഥാനമാണ് വഹിക്കുന്നത്. നെല്ല് സംഭരണത്തിനുള്ള കേന്ദ്രവിഹിതമായ 790 കോടി രൂപ സംസ്ഥാനത്തിന് ഇനിയും ലഭിക്കാനുണ്ട്. കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും ഉന്നമനത്തിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ 'കേരഗ്രാമം', 'സുഭിക്ഷ കേരളം', വിള ഇന്‍ഷുറന്‍സ് തുടങ്ങിയ വിവിധ പദ്ധതികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. അങ്ങനെ കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനം, വിപണനം, കര്‍ഷകരുടെ ക്ഷേമം തുടങ്ങി വിവിധ മേഖലകളില്‍ മികച്ച പുരോഗതി കൈവരിക്കാന്‍ സാധിച്ചതായും, കൂടാതെ, 30,000 കര്‍ഷക സംഘങ്ങള്‍ രൂപീകരിക്കുകയും മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.