12 Oct 2023 10:23 AM GMT
Summary
- ഉത്പാദനച്ചെലവ് വളരെ കൂടുതല്‍
- കയറ്റുമതിയിലും കുറവ്
- തേയിലയുടെ വിലയും കുറയുന്നു
ഉത്ദപാദനച്ചെലവ് വര്‍ധിച്ചതോടെ തോട്ടങ്ങള്‍ എല്ലാം കനത്ത നഷ്ടത്തിലേക്കു നീങ്ങുകയാണെന്ന് ഇന്ത്യന്‍ ടീ അസോസിയേഷന്‍ (ഐടിഎ)
തേയിലയുടെ വില കഴിഞ്ഞ ദശകത്തില്‍ ഏകദേശം നാല് ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ്(സിഎജിആര്‍) രേഖപ്പെടുത്തിയത്. എന്നാല്‍ കല്‍ക്കരി, ഗ്യാസ് തുടങ്ങിയ പ്രധാന ഇന്‍പുട്ടുകളുടെ ചെലവ് ഇതേ കാലയളവില്‍ ഒന്‍പതുമുതല്‍ 15ശതമാനം വരെയാണ് വര്‍ധിച്ചതെന്ന് ഐടിഎ അതിന്റെ സ്റ്റാറ്റസ് പേപ്പറായ സെനാരിയോ 2023ല്‍ പറയുന്നു.
കൂടാതെ, ചെറുകിട തേയില കര്‍ഷകരുടെ എണ്ണം വർധിച്ചതും തുടര്‍ന്ന് ഉല്‍പ്പാദനത്തിലുണ്ടായ ക്രമാതീതമായ വര്‍ധനവും വിലയെ ബാധിച്ചു. ആഭ്യന്തര ഉപഭോഗത്തിലും കയറ്റുമതിയിലും തേയില മിച്ചം വന്നു, സ്റ്റാറ്റസ് പേപ്പറില്‍ പറയുന്നു.
നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ തേയില വില 2022 നെ അപേക്ഷിച്ച് ഭയാനകമാംവിധം കുറഞ്ഞു. സിടിസിയുടെയും ഡസ്റ്റ് ടീയുടെയും ലേല വിലയില്‍ 14 മുതല്‍ 39 വരെ ശതമാനം ഇടിഞ്ഞു. ആസാം തേയിലക്ക് കിലോഗ്രാമിന് 12.49 രൂപയുടേയും ഇടിവുണ്ടായി.
പശ്ചിമ ബംഗാളില്‍ നിന്നുള്ള തേയിലക്ക് കിലോഗ്രാമിന് 11.30.രൂപയും കുറഞ്ഞു. ഓര്‍ത്തഡോക്സ് ഇനത്തിന്റെ ലേല വിലയും കിലോഗ്രാമിന് 95 രൂപ കുറഞ്ഞു.
2022 ല്‍ തേയില കയറ്റുമതി പുനരുജ്ജീവനത്തിന്റെ ചില ലക്ഷണങ്ങള്‍ കാണിക്കുകയും 231 ദശലക്ഷം കിലോയില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ 2023 ജനുവരി മുതല്‍ ജൂലൈ വരെ 2.61 ദശലക്ഷം കിലോഗ്രാം കുറഞ്ഞതായി ഐടിഎ പറഞ്ഞു.
ഇറാനിലേക്കുള്ള കയറ്റുമതി അനിശ്ചിതത്വത്തിലായതിനാല്‍ സാഹചര്യം രൂക്ഷമാവുകയാണ്. ഇന്ത്യയില്‍ നിന്നുള്ള മൊത്തം തേയില കയറ്റുമതിയുടെ 20 ശതമാനവും ഇറാന്‍ വിപണിയിലാണെന്നും കയറ്റുമതിക്കാര്‍ക്ക് സാമ്പത്തിക സമ്മര്‍ദമുണ്ടാക്കുന്ന പേയ്മെന്റ് പ്രശ്നങ്ങളാണ് ഓഫ്ടേക്ക് കുറയാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉയര്‍ന്ന കയറ്റുമതി ചെലവ് കുറയ്ക്കുന്നതിനും മത്സരക്ഷമത വർധിപ്പിക്കുന്നതിനും ഉയര്‍ന്ന നിലവാരമുള്ള സിടിസി, ഓര്‍ത്തഡോക്‌സ്, ഡാര്‍ജിലിംഗ് തേയിലക്ക് നികുതി ഒഴിവാക്കല്‍, കൃഷിയിടപരിധി വര്‍ധിപ്പിക്കല്‍ പോലുള്ള പ്രോത്സാഹന നടപടികള്‍ ഉണ്ടാകണമെന്ന് വ്യവസായം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.