26 Oct 2023 7:04 AM GMT
Summary
- രാസവളങ്ങള്‍ക്ക് ആഗോളതലത്തില്‍ വില വര്‍ധിച്ചിട്ടുണ്ട്
- സര്‍ക്കാര്‍ നടപടി കര്‍ഷകര്‍ക്ക് കൂടുതല്‍ ആശ്വാസമാകും
- ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ സബ്‌സിഡിക്കുള്ള ബജറ്റ് എസ്റ്റിമേറ്റ് മറികടക്കും
റാബി സീസണില്‍ പി ആന്‍ഡ് കെ ( നൈട്രജൻ, ഫോസഫ്രോസ്സ് , പൊട്ടാഷ്) വളങ്ങള്‍ക്ക് 22,303 കോടി രൂപ സബ്സിഡി നല്‍കാന്‍ കേന്ദ്രം അനുമതി നല്‍കി. ഒക്ടോബര്‍ മുതല്‍ 2024 മാര്‍ച്ച് വരെയുള്ള അംഗീകൃത സബ്സിഡി നിരക്കുകള്‍ ഇപ്രകാരമാണ്. നൈട്രജന്‍ കിലോയ്ക്ക് 47.02 രൂപ, ഫോസ്ഫറസിന് കിലോയ്ക്ക് 20.82 രൂപ, പൊട്ടാഷിന് കിലോയ്ക്ക് 2.38 രൂപ.
മേല്‍പ്പറഞ്ഞ നിരക്കുകള്‍, ഖാരിഫ് സീസണില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വളരെ കുറവാണ്. ഉദാഹരണത്തിന്, ഈ വര്‍ഷത്തെ ഖാരിഫ് സീസണില്‍ മെയ് മാസത്തില്‍ പ്രഖ്യാപിച്ചത് നൈട്രജന്‍ സബ്സിഡി കിലോയ്ക്ക് 76 രൂപയും ഫോസ്ഫറസിന് 41 രൂപയുമായിരുന്നു.
രാസവളങ്ങളുടെ വില ആഗോളതലത്തില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ തീരുമാനം ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഒരു ചാക്കിന് 266 രൂപ എന്ന ഉയര്‍ന്ന സബ്സിഡി വിലയില്‍ യൂറിയ തുടര്‍ന്നും ലഭിക്കുമെന്ന് ഉറപ്പാക്കുന്നു. ഡിഎപി പോലുള്ള സങ്കീര്‍ണ്ണ വളങ്ങളുടെ നിരക്ക് ഒരു ചാക്കിന് 1,350 രൂപയും വിവിധ ഗ്രേഡുകളുടെ എന്‍പികെ ചാക്കിന് ശരാശരി 1470 രൂപയും എംഒപി ചാക്കിന് 1,655 രൂപയും ആയിരിക്കും. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ എംഒപി നിരക്ക് ഒരു ബാഗിന് ഏകദേശം 1,700 രൂപയായിരുന്നു എന്നത് ശ്രദ്ധേയമാണ്.
രാസവളങ്ങളുടെയും ഉല്‍പന്നങ്ങളുടെയും അന്താരാഷ്ട്ര വിലയിലെ സമീപകാല പ്രവണതകള്‍ കണക്കിലെടുത്താണ് 'പി ആന്‍ഡ് കെ വളങ്ങളുടെ സബ്സിഡി യുക്തിസഹമാക്കുന്നത്' എന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. റാബി സീസണിലെ വളം സബ്സിഡി എന്നതിനര്‍ത്ഥം കേന്ദ്ര സര്‍ക്കാര്‍ അതിനുള്ള ബജറ്റ് എസ്റ്റിമേറ്റ് കവിയാന്‍ ഒരുങ്ങുന്നു എന്നാണ്. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബജറ്റ് പ്രകാരം 2023-24ല്‍ 44,000 കോടി രൂപ പോഷകാടിസ്ഥാനത്തിലുള്ള വളം സബ്സിഡിക്കായി കേന്ദ്രം ചെലവഴിക്കേണ്ടതാണ്.
മൊത്തത്തില്‍, വളം സബ്സിഡി (യൂറിയയും നോണ്‍-യൂറിയയും) 175,099 കോടി രൂപയാണ്. ഇതില്‍ യൂറിയ സബ്സിഡി ഏകദേശം 131,100 കോടി രൂപയും യൂറിയ ഇതര വളം സബ്സിഡി 44,000 കോടി രൂപയുമാണ്.
എന്നിരുന്നാലും, ബജറ്റ് എസ്റ്റിമേറ്റിന്റെ 78 ശതമാനം, അതായത് 34,111 കോടി രൂപ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ ചെലവഴിച്ചു.
2014-15 ലെ 73,000 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വളം സബ്സിഡി ഏകദേശം 2.55 ലക്ഷം കോടി ആയിരുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. 2010 ഏപ്രില്‍ 1 മുതല്‍ എന്‍ബിഎസ് സ്‌കീമാണ് പി ആന്‍ഡ് കെ വളങ്ങളുടെ സബ്സിഡി നിയന്ത്രിക്കുന്നത്.