image

3 April 2024 10:07 AM GMT

Agriculture and Allied Industries

രാജ്യത്ത് മാമ്പഴ ഉല്‍പ്പാദനം 24 ദശലക്ഷം ടണ്ണിലെത്തും

MyFin Desk

mango production will rise, heat wave is less likely to affect agriculture
X

Summary

  • ആഗോള ഉല്‍പ്പാദനത്തിന്റെ 42%വും ഇന്ത്യയില്‍നിന്ന്
  • കേരളത്തിലെ മാമ്പഴകൃഷിക്ക് കാലാവസ്ഥ തിരിച്ചടിയായി
  • ഇന്ത്യയിലെ ഉല്‍പ്പാദനത്തില്‍ 50%വും ദക്ഷിണേന്ത്യയില്‍ നിന്ന്


മാമ്പഴ ഉല്‍പ്പാദനം ഈവര്‍ഷം ഉയരുമെന്ന് ഐസിഎആര്‍. ഉഷ്ണതരംഗമുണ്ടാകുമെന്ന പ്രവചനം മാമ്പഴത്തിന്റെ വിളവിനെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ലെന്നും ഐഎസിഎആര്‍-സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സബ്‌ട്രോപ്പിക്കല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഡയറക്ടര്‍ ടി ദാമോദരന്‍ വ്യക്തമാക്കി.

ഉല്‍പ്പാദനം ഈ വര്‍ഷം ഏകദേശം 14 ശതമാനം വര്‍ധിച്ച് 24 ദശലക്ഷം ടണ്ണിലെത്തും. ഏപ്രില്‍-മെയ് മാസങ്ങളില്‍ ഉഷ്ണതരംഗമുണ്ടാകുമെന്ന ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം മാമ്പഴത്തിന്റെ വിളവില്‍ കാര്യമായ സ്വാധീനം ചെലുത്തിയേക്കില്ല. അമിതമായ കായ്കള്‍ കൊഴിഞ്ഞുപോകുന്നത് തടയാന്‍ കര്‍ഷകര്‍ക്കായി മെയ്മാസത്തില്‍ ജലസേചനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനത്തില്‍, ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) സാധാരണ രണ്ടോ നാലോ ദിവസങ്ങള്‍ക്ക് പകരം 10-20 ദിവസം വരെ നീണ്ടുനില്‍ക്കുന്ന ഉഷ്ണതരംഗങ്ങളുടെ കഠിനമായ കാലാവസ്ഥ പ്രവചിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യയിലും മധ്യ, കിഴക്കന്‍, വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലും സാധാരണ ചൂട് കൂടും. ഇതിനെത്തുടര്‍ന്നാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

മാവ് പൂക്കുന്ന പ്രക്രിയ ഇപ്പോള്‍ അവസാനിച്ചു. ചൂട് വളരെ നേരത്തെ കൂടിയിരുന്നെങ്കില്‍ അവസ്ഥ മാറിമറിയുമായിരുന്നു. ഇപ്പോള്‍ മാവുകളില്‍ കായ വന്നുതുടങ്ങി. സാധാരണ ചുട് വിളവിനെ സഹായിക്കും. എന്നാല്‍ അമിതമായാല്‍ ഫലം കരിഞ്ഞുപോകും. മാങ്ങ വിളവെടുപ്പിന് ഇപ്പോള്‍ നല്ല സാധ്യതയാണ്. 2022-23ല്‍ 21 ദശലക്ഷം ടണ്ണില്‍ നിന്ന് 2023-24 വിളവര്‍ഷത്തില്‍ (ജൂലൈ-ജൂണ്‍) മൊത്തം ഉല്‍പ്പാദനം 24 ദശലക്ഷം ടണ്ണായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ദക്ഷിണേന്ത്യയില്‍ കഴിഞ്ഞ വര്‍ഷം കാലാവസ്ഥാവ്യതിയാനം മൂലം മാമ്പഴകൃഷിക്കാര്‍ 15% നഷ്ടം നേരിട്ടു. രാജ്യത്തിന്റെ മാമ്പഴ ഉല്‍പ്പാദനത്തിന്റെ 50ശതമാനവും ദക്ഷിണേന്ത്യയില്‍ നിന്നാണ്. എങ്കിലും ഈ വര്‍ഷം സ്ഥിതി മെച്ചമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കേരളത്തിലെ സ്ഥിതി വ്യത്യസ്ഥമാണ്. കേരളത്തില്‍ ഏറ്റവുമധികം മാങ്ങ ഉല്‍പ്പാദിപ്പിക്കുന്നത് പാലക്കാടാണ്. അവിടെ മാവുപൂക്കുന്ന കാലത്തുണ്ടായ കാലവസ്ഥാ വ്യത്യാസം അവര്‍ക്ക് കനത്ത നഷ്ടമാണ് സമ്മാനിച്ചത്.

പഴങ്ങളിലെ രാജാവ് എന്നാണ് മാമ്പഴം അറിയപ്പെടുന്നത്. ഇത് ഇന്ത്യയിലെ പ്രധാന ഫലവിളയാണ്. മാമ്പഴത്തിന്റെ ആഗോള ഉല്‍പ്പാദനത്തിന്റെ 42 ശതമാനവും ഇന്ത്യയില്‍നിന്നാണ്.

സാധാരണ ചൂട് തരംഗം ഉണ്ടാകുമ്പോള്‍, കര്‍ഷകര്‍ മുന്‍കരുതല്‍ എടുക്കേണ്ടതും നേരിയ ജലസേചനം ഉറപ്പാക്കി മണ്ണിലെ ഈര്‍പ്പത്തിന്റെ ആഘാതം പരിഹരിക്കേണ്ടതും അതുവഴി കായ്കള്‍ കുറയുന്നതും കുറയ്‌ക്കേണ്ടതുണ്ടെന്നും ദാമോദരന്‍ പറഞ്ഞു. ആക്രമണകാരി കീടങ്ങളുടെ ആക്രമണത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കര്‍ഷകരെ ഉപദേശിച്ചു.