5 May 2024 7:38 AM GMT
ഉള്ളി കയറ്റുമതി; തീരുമാനത്തിന് ഇലക്ഷന്‍ കമ്മീഷന്റെ അനുമതി
MyFin Desk
Summary
- ഉള്ളികയറ്റുമതിക്കായി കര്‍ഷകരുടെ നിരന്തര ആവശ്യം സര്‍ക്കാര്‍ നിറവേറ്റി
- കയറ്റുമതിചെയ്താല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വില ലഭിക്കും
- അതിനായി അടിസ്ഥാന വിലയും കയറ്റുമതി തീരുവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്
ഉള്ളിയുടെ കയറ്റുമതി നിരോധനം നീക്കാന്‍ കേന്ദ്രം തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് അനുമതി വാങ്ങിയതായി അധികൃതര്‍ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണിത്. മഹാരാഷ്ട്രയിലെ മൂന്നാം ഘട്ട വോട്ടെടുപ്പിന് മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. മെയ് ഏഴ് ,13, 20 തീയതികളില്‍ സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കാനുണ്ട്. കൂടാതെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉള്ളി ഉല്‍പ്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയിലാണ് എന്ന പ്രത്യേകതയുമുണ്ട്.
കയറ്റുമതിക്ക് ടണ്ണിന് ഏറ്റവും കുറഞ്ഞ വില 550 ഡോളറായും നിശ്ചയിച്ചിട്ടുണ്ട്. ഉള്ളി കയറ്റുമതി നിരോധനം നീക്കാന്‍ ധനമന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് അനുമതി വാങ്ങിയത്.
കയറ്റുമതി നിരോധനം എടുത്തുകളഞ്ഞത് വലിയൊരു വിഭാഗം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള പ്രധാന ഉല്‍പാദന മേഖലകളില്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ക്കൈ നേടാനാകുന്ന തീരുമാനവുമാണ്. ഉള്ളി എന്നും രാഷ്ട്രീയമായി വളരെ വളരെ സെന്‍സിറ്റീവായ വിളയാണ്. ഉള്ളിവിലയുടെ പേരില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട ചരിത്രം വരെയുള്ള നാടാണിത്.
സര്‍ക്കാര്‍ ഏറ്റവും കുറഞ്ഞ കയറ്റുമതി വിലയും (എംഇപി) ടണ്ണിന് 550 യുഎസ് ഡോളറും (കിലോയ്ക്ക് ഏകദേശം 46 രൂപ) 40 ശതമാനം കയറ്റുമതി തീരുവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീരുവ കണക്കിലെടുത്ത്, ടണ്ണിന് 770 ഡോളറില്‍ താഴെ (കിലോയ്ക്ക് ഏകദേശം 64 രൂപ) കയറ്റുമതി അനുവദിക്കില്ല.
രാജ്യത്ത് ഉള്ളിയുടെ ലഭ്യതയും വിലയും നിരീക്ഷിക്കുന്ന ഉപഭോക്തൃ കാര്യ വകുപ്പിന്റെ ശുപാര്‍ശ പ്രകാരമാണ് ഉള്ളിയുടെ കയറ്റുമതി നിരോധനം നീക്കാന്‍ തീരുമാനിച്ചത്.
ഉല്‍പ്പാദനം കുറയുമെന്ന ആശങ്കകള്‍ക്കിടയില്‍ ചില്ലറ വില്‍പ്പന വില നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന് കേന്ദ്രം ഉള്ളി കയറ്റുമതി ഡിസംബര്‍ ആദ്യം നിരോധിച്ചിരുന്നു. കഴിഞ്ഞ 4-5 വര്‍ഷത്തിനിടയില്‍, രാജ്യം പ്രതിവര്‍ഷം 17 ലക്ഷം മുതല്‍ 25 ലക്ഷം ടണ്‍ ഉള്ളി കയറ്റുമതി ചെയ്തു.
നിരോധനം പിന്‍വലിച്ചതിനാല്‍ ചില്ലറ വില്‍പന വിപണിയില്‍ വിലക്കയറ്റം ഉണ്ടാകില്ലെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി നിധി ഖരെ പറഞ്ഞു. 'വിലകള്‍ സ്ഥിരമായി തുടരും. എന്തെങ്കിലും വര്‍ധനവ് ഉണ്ടായാല്‍, അത് വളരെ നാമമാത്രമായിരിക്കണം,' ഉപഭോക്താവിന്റെയും കര്‍ഷകരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ നാസിക്, അഹമ്മദ്നഗര്‍, സോലാപൂര്‍ തുടങ്ങിയ പ്രധാന ഉള്ളി ബെല്‍റ്റുകളില്‍ നിര്‍ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് തീരുമാനം വരുന്നത്. ഈ മേഖലയിലെ കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കാന്‍ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.