24 Dec 2024 10:05 AM GMT
Summary
- കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തിവരുന്നു
- രാജ്യത്തിന്റെ ജിഡിപിയില്‍ കാര്‍ഷിക മേഖലയുടെ സംഭാവന 18 ശതമാനം
- പ്രകൃതിദത്ത കൃഷി കാലഘട്ടത്തിന്റെ ആവശ്യമെന്ന് കേന്ദ്ര കൃഷി മന്ത്രി
കാര്‍ഷികോല്‍പ്പന്നങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വിപണികളിലേക്കും കൊണ്ടുപോകാന്‍ കര്‍ഷകരെ സഹായിക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.
രാജ്യത്തിന്റെ ജിഡിപിയില്‍ കാര്‍ഷിക മേഖലയുടെ സംഭാവന 18 ശതമാനമാണ്. ഈ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആന്‍ഡ് ഇക്കണോമിക്‌സിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രകൃതിദത്ത കൃഷിയിലേക്ക് നീങ്ങുകയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും ഇത് പൂര്‍ണ ശേഷിയോടെ മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. ലാബ് പരീക്ഷണങ്ങള്‍ വയലുകളിലേക്ക് എത്തണമെന്നും ഗവേഷകര്‍ ലാബില്‍ ഒതുങ്ങരുതെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രം ഒതുക്കരുതെന്നും വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കണമെന്നും ശിവരാജ് സിംഗ് ചൗഹാന്‍ ആഹ്വാനം ചെയ്തു.