image

26 Nov 2024 4:20 AM GMT

Agriculture and Allied Industries

പ്രകൃതിദത്ത കൃഷി പോത്സാഹനം; ദേശീയ ദൗത്യവുമായി സര്‍ക്കാര്‍

MyFin Desk

govt launches national mission to promote natural farming
X

Summary

  • ഒരു കോടി കര്‍ഷകര്‍ക്കിടയില്‍ പദ്ധതി നടപ്പാക്കും
  • ഏഴരലക്ഷം ഹെക്ടറിലാണ് പകൃതി കൃഷി നടപ്പാക്കുക
  • പ്രകൃതിദത്ത കൃഷി ക്ലസ്റ്ററുകള്‍ വികസിപ്പിക്കുന്നതിന് സന്നദ്ധതയുള്ള പഞ്ചായത്തുകളെ സര്‍ക്കാര്‍ തിരഞ്ഞെടുക്കും


ഒരു കോടി കര്‍ഷകര്‍ക്കിടയില്‍ പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ ദൗത്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 15,000 ക്ലസ്റ്ററുകളിലൂടെ 7.5 ലക്ഷം ഹെക്ടറില്‍ പ്രകൃതി കൃഷി ആരംഭിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തത്.

മണ്ണിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുകയും കെമിക്കല്‍ രഹിത ഭക്ഷണം ഉപയോഗിച്ച് ജനങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അതിനാല്‍ ദേശീയ പ്രകൃതി കൃഷി ദൗത്യം വഴിത്തിരിവാകുന്ന തീരുമാനമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് യോഗത്തിനു ശേഷം പറഞ്ഞു.

2025-26 വരെ രാജ്യത്തുടനീളമുള്ള 1 കോടി കര്‍ഷകര്‍ക്ക് 2,481 കോടി രൂപയുടെ ബജറ്റ് അടങ്കലുള്ള സ്റ്റാന്‍ഡ്ലോണ്‍ കേന്ദ്ര പദ്ധതി പരിരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019-20, 2022-23 വര്‍ഷങ്ങളിലെ വിജയകരമായ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് മിഷന്‍ മോഡില്‍ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നത്. നിലവില്‍ രാജ്യത്തുടനീളം 10 ലക്ഷം ഹെക്ടറില്‍ പ്രകൃതി കൃഷി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദൗത്യം നടപ്പിലാക്കുമ്പോള്‍, 15,000 പ്രകൃതിദത്ത കൃഷി ക്ലസ്റ്ററുകള്‍ വികസിപ്പിക്കുന്നതിന് സന്നദ്ധതയുള്ള പഞ്ചായത്തുകളെ സര്‍ക്കാര്‍ തിരഞ്ഞെടുക്കും. വിത്ത് മൂലധന സഹായമായി ഒരു ലക്ഷം രൂപ നല്‍കി പ്രകൃതി കൃഷി ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനായി 10,000 ജൈവ-ഇന്‍പുട്ട് റിസോഴ്സ് സെന്ററുകള്‍ സ്ഥാപിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക സര്‍വ്വകലാശാലകളിലും കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും (കെവികെ) 200 പ്രാദേശിക പ്രകൃതി കാര്‍ഷിക സ്ഥാപനങ്ങളിലും 30 പേരടങ്ങുന്ന ഒരു ബാച്ചില്‍ 18.75 ലക്ഷം കര്‍ഷകര്‍ക്ക് പരിശീലനം/പിന്തുണ നല്‍കും. ബ്ലോക്ക് തലത്തില്‍ 30,000 കൃഷി സഖികള്‍/കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്‌സണ്‍മാരെ ബോധവല്‍ക്കരണത്തിനും ക്ലസ്റ്ററുകളില്‍ സന്നദ്ധരായ കര്‍ഷകരെ അണിനിരത്തുന്നതിനുമായി നിയോഗിക്കും.

ഒരു ഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കാനും ട്രാക്കുചെയ്യാനും സജ്ജീകരിക്കും.

പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള സുസ്ഥിര കൃഷി സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ബാഹ്യമായി വാങ്ങുന്ന ഉല്‍പന്നങ്ങളുടെ ആശ്രിതത്വം കുറയ്ക്കുക, മണ്ണിന്റെ ആരോഗ്യം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം.