6 Feb 2024 10:41 AM GMT
Summary
- എംഎസ്പി കൂടുതല്‍ ഫലപ്രദവും സുതാര്യവുമാക്കും
- അതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമിതി നല്‍കും
- സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്
മുന്‍ കൃഷി സെക്രട്ടറി സഞ്ജയ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള മിനിമം താങ്ങുവില (എംഎസ്പി) സംബന്ധിച്ച സമിതി ഇതുവരെ 37 യോഗങ്ങളും ശില്‍പശാലകളും നടത്തിയതായി കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട ലോക്‌സഭയില്‍ പറഞ്ഞു.
തര്‍ക്കവിഷയമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് അത്തരമൊരു പാനല്‍ രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്‍പ് ഉറപ്പ് നല്‍കിയിരുന്നു. 2022 ജൂലൈയിലാണ് സമിതി സ്ഥാപിതമായത്.''ഇതുവരെ മുപ്പത്തിയേഴ് യോഗങ്ങള്‍/വര്‍ക്ക്ഷോപ്പുകള്‍ കമ്മിറ്റി നടത്തിയിട്ടുണ്ട്,'' മുണ്ട ലോക്സഭയില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ പറഞ്ഞു.
എംഎസ്പി കൂടുതല്‍ ഫലപ്രദവും സുതാര്യവുമാക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് സമിതി. പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്തിന്റെ മാറുന്ന ആവശ്യങ്ങള്‍ കണക്കിലെടുത്ത് വിള രീതി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
സമിതിക്ക് ചുമതലപ്പെടുത്തിയിട്ടുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കമ്മിറ്റിയുടെ യോഗങ്ങള്‍ നിരന്തരം സജീവമായി നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിളകള്‍ക്ക് എംഎസ്പി ഉറപ്പുനല്‍കുന്ന നിയമം കൊണ്ടുവരണമെന്നും സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ചയും മറ്റ് 18 കര്‍ഷക സംഘടനകളും ചേര്‍ന്ന മഹാപഞ്ചായത്ത് സംബന്ധിച്ച് ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.