image

19 Dec 2023 10:44 AM GMT

Agriculture and Allied Industries

ഉത്പാദനം ഇടിയുന്നു; 2025ല്‍ ഇന്ത്യ പഞ്ചസാര ഇറക്കുമതി ചെയ്യേണ്ടിവരും

MyFin Desk

india will be imported sugar in 2025
X

Summary

  • മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിരവധി കര്‍ഷകര്‍ കരിമ്പ് കൃഷിയില്‍നിന്ന് പിന്മാറുന്നു
  • മികച്ച ജലസേചനമില്ലായ്മ ഗുരുതര പ്രശ്‌നം
  • കാലാവസ്ഥാ വ്യതിയാനം കാരണം ഉല്‍പ്പാദനത്തില്‍ കനത്ത ഇടിവ്


ആഗോളതലത്തിലെ പഞ്ചസാര ഉല്‍പ്പാദനത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യ പഞ്ചസാരയുടെ അറ്റ കയറ്റുമതിക്കാരുമാണ്. എന്നാല്‍ ഒക്ടോബറില്‍ ആരംഭിച്ച വിള വര്‍ഷത്തില്‍ മധുരത്തിന്റെ കയറ്റുമതി നിരോധിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. കര്‍ഷകര്‍ മറ്റ് വിളകളിലേക്ക് തിരിയുന്നതിനാല്‍ അടുത്ത വര്‍ഷം രാജ്യം പഞ്ചസാര ഇറക്കുമതി ചെയ്യേണ്ട സാഹചര്യവും ഉണ്ടായേക്കാമെന്ന് വ്യാപാരികള്‍, വ്യവസായ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീസംസ്ഥാനങ്ങളാണ് രാജ്യത്തെ പഞ്ചസാരം ഉല്‍പ്പാദനത്തിന്റെ 80ശതമാനവും വഹിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ ഉണ്ടായ കാലാവസ്ഥാ വ്യതിയാനം കരിമ്പു കൃഷിയെ ബാധിച്ചതു കാരണം ഉല്‍പ്പാദനത്തില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി.അസാധാരണമായ വരള്‍ച്ചയും കാലം തെറ്റിയ അതി തീവ്രമഴയും കൃഷിയെ തകര്‍ത്തു. ഇത് പഞ്ചസാര ഉല്‍പ്പാദനത്തില്‍ ഇടിവുണ്ടാക്കി.

സെപ്റ്റംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ ഇന്ത്യ 33.1 ദശലക്ഷം മെട്രിക് ടണ്‍ പഞ്ചസാരയാണ് ഉല്‍പ്പാദിപ്പിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. ബ്രസീലിന്റെ പ്രതീക്ഷിച്ച ഉല്‍പ്പാദനമായ 46.9 ദശലക്ഷം ടണ്ണിന് പിന്നിലായിരുന്നു ഇന്ത്യ.

പഞ്ചസാര കയറ്റുമതി

ആഗോളതലത്തില്‍ വ്യാപാരം ചെയ്യപ്പെടുന്ന പഞ്ചസാരയുടെ 12 ശതമാനം നല്‍കുന്നത് ഇന്ത്യയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് ശരാശരി 6.8 ദശലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം തായ്ലന്‍ഡ് ഇത് മറികടന്നിരുന്നു.

ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ ഓഗസ്റ്റില്‍ അറ്റ ഉല്‍പ്പാദനം ഒക്ടോബറില്‍ ആരംഭിച്ച വര്‍ഷത്തില്‍ 31.7 ദശലക്ഷം ടണ്ണായി കുറയുമെന്ന് മുന്നറിയിപ്പുനല്‍കിയിരുന്നു. രാജ്യത്ത് ഏകദേശം 50 ദശലക്ഷം കരിമ്പ് കര്‍ഷകരാണ് ഉള്ളത്. അതിനാല്‍ ഈ മേഖലയില്‍ ഉള്ള ഏത് ചലനവും ദശലക്ഷങ്ങളുടെ ഉപജീവനത്തെ ബാധിക്കുന്നതാണ്.

മഹാരാഷ്ട്രയിലെ കരിമ്പ് ഉല്‍പ്പാദിപ്പിക്കുന്ന 11 ജില്ലകളില്‍ നിന്നുള്ളകര്‍ഷകരും കര്‍ണാടകയില്‍ നിന്നുള്ളവരും കുറഞ്ഞ മണ്‍സൂണ്‍ മഴ വിളകളുടെ വളര്‍ച്ച മുരടിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയോട് വിശദീകരിച്ചു.

പഞ്ചസാര ഉല്‍പ്പാദനം കുറയുമെന്ന നിഗമനമാണ് വ്യാപാര സ്ഥാപനങ്ങളും പങ്കുവെക്കുന്നത്. 29-30 ദശലക്ഷം ടണ്ണായിരിക്കും ഉല്‍പ്പാദനമെന്നാണ് വിലയിരുത്തല്‍. റോയിട്ടേഴ്സിന്റെ കണക്കുകൂട്ടലുകള്‍ ഈ വര്‍ഷം ഉല്‍പ്പാദനം 12.2% കുറഞ്ഞ് 29.05 ദശലക്ഷം ടണ്ണിലെത്തുമെന്നാണ്.

അടുത്ത വര്‍ഷം ഉല്‍പ്പാദനം ഇനിയും കുറയും. 25 ദശലക്ഷം മുതല്‍ 26.9 ദശലക്ഷം ടണ്‍ വരെ വിളവ് ആണ് പലരും പ്രവചിക്കുന്നത്. വ്യാപാരികളുടെ പ്രവചനമനുസരിച്ച്, ഇന്ത്യയുടെ പഞ്ചസാര ഉപഭോഗം ഈ വര്‍ഷം റെക്കോര്‍ഡ് 29.2 ദശലക്ഷം ടണ്ണിലെത്തും, അടുത്ത വര്‍ഷം ഏകദേശം 30 ദശലക്ഷം ടണ്ണായി ഉയരും. ഇതുപ്രകാരം ഇന്ത്യ അടുത്തവര്‍ഷം പഞ്ചസാര ഇറക്കുമതി ചെയ്യേണ്ട സാഹചര്യത്തിലേക്ക് എത്താം.

കര്‍ഷകര്‍ കരിമ്പ് കൃഷി ഉപേക്ഷിക്കുന്നു

മഹാരാഷ്ട്രയിലെ കരിമ്പിന്റെ വിസ്തൃതിയില്‍ 10% കുറവുണ്ടായാല്‍, ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അഭിപ്രായത്തില്‍, സംസ്ഥാനത്തെ മൊത്തം പഞ്ചസാര ഉല്‍പ്പാദനം 28% കുറയുകയും ചെയ്യും. കര്‍ണാടകയില്‍ കൃഷി 13ശതമാനം കുറയാം. ഇത് വിളവ് 25ശതമാനം കുറയാന്‍ ഇടയാക്കും. പഞ്ചസാര ഉല്‍പ്പാദനം 3.7 ദശലക്ഷം ടണ്ണായി കുറയാന്‍ സാധ്യതയുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.

എന്നിരുന്നാലും, മികച്ച ജലസേചന സൗകര്യമുള്ള ഉത്തര്‍പ്രദേശ് ഈ വര്‍ഷം ഉല്‍പ്പാദനത്തില്‍ 9.7% വര്‍ധനവ് നേടും. ഇത് ഉല്‍പ്പാദനം 11.5 ദശലക്ഷം ടണ്‍ ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

മഹാരാഷ്ട്രയിലും കര്‍ണാടകയിലും ജലസേചനം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. കര്‍ഷകര്‍ പലരും മറ്റ് വിളകളിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്യുന്നു.

2024 ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന വിപണന വര്‍ഷത്തില്‍ മഹാരാഷ്ട്രയിലെ കരിമ്പിന്റെ വിസ്തൃതിയില്‍ 32% കുറവും കര്‍ണാടകയില്‍ 29% കുറവും ഉണ്ടാകാമെന്നും കണക്കുകള്‍ പറയുന്നു. അടുത്ത വര്‍ഷത്തെ മണ്‍സൂണിലെ മഴ ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ആത്യന്തികമായി വിളയുടെ വലുപ്പം നിര്‍ണ്ണയിക്കും.