23 March 2025 4:47 PM IST
ഇന്ത്യ ചൈനയില്‍ ഇറക്കുമതി ചെയ്തത് 8.47ലക്ഷം ടണ്‍ ഡിഎപി വളം
MyFin Desk
Summary
- മൊത്തം ഡിഎപി ഇറക്കുമതിയായ 44.19 ലക്ഷം ടണ്ണിന്റെ 19.17 ശതമാനവും ചൈനയില്‍നിന്ന്
- യൂറിയ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ വളമാണ് ഡിഎപി
നടപ്പ് സാമ്പത്തിക വര്‍ഷം ഫെബ്രുവരി വരെ ഇന്ത്യ ചൈനയില്‍ നിന്ന് 8.47 ലക്ഷം ടണ്‍ ഡൈ-അമോണിയം ഫോസ്‌ഫേറ്റ് (ഡിഎപി) വളം ഇറക്കുമതി ചെയ്തതായി സര്‍ക്കാര്‍ കണക്കുകള്‍.
ഈ കാലയളവില്‍ ഇന്ത്യയുടെ മൊത്തം ഡിഎപി ഇറക്കുമതിയായ 44.19 ലക്ഷം ടണ്ണിന്റെ 19.17 ശതമാനവും ചൈനയില്‍നിന്നുള്ള ഇറക്കുമതിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ഡിഎപി ഇറക്കുമതിയായ 55.67 ലക്ഷം ടണ്ണില്‍ 22.28 ലക്ഷം ടണ്‍ അഥവാ ഏകദേശം 40 ശതമാനം ചൈനയില്‍ നിന്നായിരുന്നു.
യൂറിയ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ വളമാണ് ഡിഎപി. റഷ്യ, സൗദി അറേബ്യ, മൊറോക്കോ, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഡിഎപി ഇറക്കുമതി ചെയ്യുന്നു. ഫിനിഷ്ഡ് വളമായും റോക്ക് ഫോസ്‌ഫേറ്റ്, ഇന്റര്‍മീഡിയറ്റ് കെമിക്കലുകള്‍ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളായുമാണ് ഇറക്കുമതി.
റാബി സീസണില്‍, ഡിഎപി വളങ്ങളുടെ ആഭ്യന്തര ലഭ്യത കണക്കാക്കിയ ആവശ്യകതയായ 52 ലക്ഷം ടണ്ണില്‍ കൂടുതലായി. 48 ലക്ഷം ടണ്‍ ഇതിനകം വിറ്റു. മാര്‍ച്ച് 11 വരെ, ഇന്ത്യ 9.43 ലക്ഷം ടണ്‍ ക്ലോസിംഗ് ഡിഎപി സ്റ്റോക്ക് നിലനിര്‍ത്തി.
മാര്‍ക്കറ്റിംഗ് പരിമിതികള്‍, അപര്യാപ്തമായ മനുഷ്യശക്തി എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഡിഎപിയുടെയും കോംപ്ലക്‌സ് വളങ്ങളുടെയും ആഭ്യന്തര ഉല്‍പ്പാദനത്തെ പരിമിതപ്പെടുത്തിയിരിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം, സംഭരണ പരിമിതികള്‍, ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകള്‍, വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന തടസ്സങ്ങള്‍ എന്നിവയാണ് മറ്റ് വെല്ലുവിളികള്‍.