16 July 2024 9:03 AM GMT
തക്കാളിവില; ഉയര്‍ന്ന ഷെല്‍ഫ് ലൈഫ് ഉള്ളവ പ്രതിസന്ധി പരിഹരിക്കുമെന്ന് വിദഗ്ധര്‍
MyFin Desk
Summary
- ഹൈബ്രിഡ് തക്കാളി ഇനങ്ങളായ അര്‍ക്ക രക്ഷക്, അര്‍കാ അബേദ് എന്നിവയ്ക്ക് മൂന്നാഴ്ച വരെ നീണ്ടുനില്‍ക്കുന്ന ഷെല്‍ഫ് ലൈഫ്
- വിതരണത്തിലെ ഏറ്റക്കുറച്ചിലുകളും വിലയിലെ ചാഞ്ചാട്ടവും ലഘൂകരിക്കുന്നതിന് വിളകളുടെ ഷെല്‍ഫ് ലൈഫ് വര്‍ധിപ്പിക്കണം
രാജ്യത്തുടനീളം തക്കാളിയുടെ വില കത്തിക്കയറുമ്പോള്‍ രണ്ട് ഹൈബ്രിഡ് ഇനങ്ങള്‍ക്ക് ഭാവിയിലെ പ്രതിസന്ധികള്‍ ഒഴിവാക്കാനാകുമെന്ന് ഉദ്യോഗസ്ഥര്‍. ബെംഗളൂരു ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച് ആണ് ഇത് വികസിപ്പിച്ചെടുത്തത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന് കീഴിലുള്ള സ്ഥാപനമാണ് ഇത്. എങ്കിലും ഇതിന്റെ വിജയം കര്‍ഷകര്‍ ഇതിനെ സ്വീകരിക്കുന്നതും കൃഷിയുടെ വിസ്തൃതിയും ആശ്രയിച്ചിരിക്കുന്നു.
ഹൈബ്രിഡ് തക്കാളി ഇനങ്ങളായ അര്‍ക്ക രക്ഷക്, അര്‍കാ അബേദ് എന്നിവയ്ക്ക് മൂന്നാഴ്ച വരെ നീണ്ടുനില്‍ക്കുന്ന ഷെല്‍ഫ് ലൈഫ് ഉണ്ടെന്ന് അവകാശപ്പെടുന്നു. പരമ്പരാഗതമായി തക്കാളി 7മുതല്‍ 10 ദിവസം വരെയാണ് കേടുകൂടാതെ സൂക്ഷിക്കാനാവുന്നത്. ക്രമരഹിതമായ കാലാവസ്ഥാ പാറ്റേണുകളാല്‍ തടസ്സപ്പെട്ട വിതരണ ശൃംഖലയെ സുസ്ഥിരമാക്കുന്നതില്‍ ഈ സ്വഭാവം നിര്‍ണായകമാണ്.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയ പ്രധാന പച്ചക്കറികളുടെ ഉല്‍പാദനത്തെ പലപ്പോഴും ബാധിക്കും. വിതരണത്തിലെ ഏറ്റക്കുറച്ചിലുകളും തുടര്‍ന്നുള്ള വിലയിലെ ചാഞ്ചാട്ടവും ലഘൂകരിക്കുന്നതിന് വിളകളുടെ ഷെല്‍ഫ് ആയുസ്സ് വര്‍ധിപ്പിക്കുന്നതിനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച് പ്രാധാന്യം നല്‍കിയത്.
2012ല്‍ വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ ട്രിപ്പിള്‍ ഡിസീസ് റസിസ്റ്റന്റ് തക്കാളി എഫ്1 ഹൈബ്രിഡ് ആയ അര്‍ക്ക രക്ഷക്, നിലവില്‍ 7,000 ഹെക്ടറില്‍ കൃഷി ചെയ്യുന്നുണ്ട്.
2012-22 കാലയളവില്‍ വിത്ത് വില്‍പനയിലൂടെ 3,600 കോടി രൂപയുടെ വിറ്റുവരവ് നേടിയതായി കണക്കാക്കപ്പെടുന്ന 11 കമ്പനികള്‍ക്ക് ഹൈബ്രിഡ് സാങ്കേതികവിദ്യയ്ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്.
മൂന്ന് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ അര്‍ക അബേദ് മൂന്നാഴ്ചത്തെ ദൈര്‍ഘ്യമേറിയ ഷെല്‍ഫ് ലൈഫ് വാഗ്ദാനം ചെയ്യുന്നു, ഇത് വിദൂര വിപണികള്‍ക്ക് അനുയോജ്യമാണ്. രണ്ട് ഇനങ്ങളും തക്കാളി ഇല ചുരുളന്‍ വൈറസ്, ബാക്ടീരിയല്‍ വില്‍റ്റ്, എര്‍ലി ബ്ലൈറ്റ് എന്നിവയുള്‍പ്പെടെ ഒന്നിലധികം രോഗങ്ങള്‍ക്കുള്ള പ്രതിരോധം നല്‍കുന്നു.
ഇന്ത്യയില്‍ 8-10 ലക്ഷം ഹെക്ടറില്‍ തക്കാളി കൃഷി വ്യാപിച്ചുകിടക്കുന്നതിനാല്‍, ഈ രണ്ട് ഇനങ്ങളുടെയും കവറേജിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അവ്യക്തമായി തുടരുന്നു.ഇത് ഭാവിയിലെ വിപുലീകരണ പദ്ധതികള്‍ രൂപപ്പെടുത്തുന്നത് വെല്ലുവിളിയാക്കുന്നു.