image

1 Jan 2024 10:51 AM GMT

Agriculture and Allied Industries

ഭക്ഷ്യസുരക്ഷ ഉറപ്പാക്കല്‍: ഉയര്‍ന്ന ഇറക്കുമതി തീരുവ ആവശ്യമെന്ന് റിപ്പോര്‍ട്ട്

MyFin Desk

ensuring food security, report calls for higher import duties
X

Summary

  • സസ്യ എണ്ണകളുടെ ഇറക്കുമതി ഇന്ത്യ കുറയ്‌ക്കേണ്ടതുണ്ട്
  • പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉല്‍പ്പാദനം പരമാവധിയാക്കാന്‍ യുഎസും ഇയുവും
  • കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കാന്‍ വികസിത രാജ്യങ്ങള്‍ ആവശ്യപ്പെടുന്നു


കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ നിലനിര്‍ത്തുന്നത് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും സ്വയംപര്യാപ്തത സംരക്ഷിക്കുന്നതിനും നിര്‍ണായകമാണെന്ന് റിപ്പോര്‍ട്ട്. മെച്ചപ്പെട്ട ആരോഗ്യത്തിനും ഇറക്കുമതി കുറയ്ക്കുന്നതിനും ഇന്ത്യ ഇറക്കുമതി ചെയ്യുന്ന സസ്യ എണ്ണകളെ ആശ്രയിക്കുന്നത് കുറയ്‌ക്കേണ്ടതുണ്ടെന്നും സാമ്പത്തിക തിങ്ക് ടാങ്ക് ജിടിആര്‍ഐ (ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ്) അതിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറക്കുമതി ചെയ്യുന്ന എണ്ണകള്‍ക്ക് പകരം കടുക്, നിലക്കടല, അരി തവിട് തുടങ്ങിയവയില്‍നിന്നും പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന എണ്ണകള്‍ ഉപയോഗിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കേണ്ടതുണ്ട്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സസ്യ എണ്ണകള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 2017-18 ലെ 10.8 ബില്യണ്‍ ഡോളറില്‍ നിന്ന് 2023-24 ല്‍ ഇറക്കുമതി ഇരട്ടിയാകുമെന്ന് കണക്കാക്കപ്പെടുന്നു.

ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉല്‍പ്പാദനം പരമാവധിയാക്കുന്നതിന് യുഎസും ഇയുവും നിലവില്‍ ശ്രമിക്കുന്നു. കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് വന്‍തോതിലുള്ള സബ്സിഡികളും ഉയര്‍ന്ന ഇറക്കുമതിയും ഉപയോഗിച്ച് അവര്‍ കൃഷിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ഓസ്ട്രേലിയ പോലുള്ള വികസിതവും കാര്‍ഷിക കയറ്റുമതി ചെയ്യുന്നതുമായ രാജ്യങ്ങള്‍ അവരുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ തീരുവയും സബ്സിഡിയും വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളെ പ്രേരിപ്പിക്കുന്നു.

ഇറക്കുമതി തടയാന്‍ ഇന്ത്യ ഉയര്‍ന്ന ഇറക്കുമതി ചുങ്കം (സെന്‍സിറ്റീവ് ഇനങ്ങളില്‍ 30-100 ശതമാനം) ഏര്‍പ്പെടുത്തിയിട്ടുണ്ട്.എഫ്ടിഎ (സ്വതന്ത്ര വ്യാപാര കരാര്‍) പങ്കാളികള്‍ക്ക് പോലും സെന്‍സിറ്റീവ് ഇനങ്ങളുടെ താരിഫ് ഇന്ത്യ വെട്ടിക്കുറയ്ക്കുന്നില്ല. ഇത് മിക്കവാറും എല്ലാ ഉല്‍പ്പന്നങ്ങളിലും ഇന്ത്യക്ക് സ്വയംപര്യാപ്തത നേടിക്കൊടുത്തതായി റിപ്പോര്‍ട്ട് പറയുന്നു.

'ആഭ്യന്തര കാര്‍ഷിക മേഖലയെ കുറഞ്ഞ താരിഫ് സബ്സിഡിയുള്ള ഇറക്കുമതിയിലേക്ക് തുറക്കാതിരിക്കാനുള്ള നിലവിലെ സമീപനം ഇന്ത്യ തുടരേണ്ടതുണ്ട്. സെന്‍സിറ്റീവ് ഇനങ്ങളുടെ ഉയര്‍ന്ന ഇറക്കുമതി താരിഫ് ഉയര്‍ത്തിപ്പിടിക്കുന്നതും ആഭ്യന്തര കാര്‍ഷിക മേഖലയെ ഇറക്കുമതിയിലേക്ക് തുറക്കുന്നതിനുള്ള സമ്മര്‍ദ്ദത്തെ ചെറുക്കുന്നതും ഇതില്‍ നിര്‍ണായകമാണ്- റിപ്പോര്‍ട്ട് പറയുന്നു.

യുഎന്നിന്റെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ അഭിപ്രായത്തില്‍, വികസ്വര രാജ്യങ്ങളുടെ അറ്റ ധാന്യ ഇറക്കുമതി അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ഏകദേശം മൂന്നിരട്ടിയായി വര്‍ധിക്കും.

ഭൂരിഭാഗം രാജ്യങ്ങളും ഭക്ഷ്യ ഇറക്കുമതിയെ ആശ്രയിക്കുമ്പോള്‍, സസ്യ എണ്ണകള്‍ ഒഴികെയുള്ള എല്ലാ കൃഷിയിലും ഭക്ഷ്യവസ്തുക്കളിലും ഇന്ത്യ സ്വയം പര്യാപ്തമാണ്. ഇന്ത്യയുടെ കാര്‍ഷിക ഇറക്കുമതി 2023-ല്‍ 33 ബില്യണ്‍ ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് മൊത്തം ചരക്ക് ഇറക്കുമതിയുടെ 4.9 ശതമാനം മാത്രമായിരിക്കും.

ബ്രസീല്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര കയറ്റുമതിക്കാരാണ് ഇന്ത്യയെന്നും എന്നാല്‍ ഈ വര്‍ഷം പഞ്ചസാര ഇറക്കുമതി എന്നാല്‍ ഈ വര്‍ഷം പഞ്ചസാര ഇറക്കുമതി കുത്തനെ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2023ലെ ഇന്ത്യയുടെ കാര്‍ഷിക ഇറക്കുമതിയുടെ 72.1 ശതമാനവും വെജിറ്റബിള്‍ ഓയില്‍, പയറുവര്‍ഗ്ഗങ്ങള്‍, ഫ്രഷ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവയില്‍ നിന്നാണ്. ഇന്ത്യയുടെ മൊത്തം കാര്‍ഷിക ഇറക്കുമതിയുടെ 51.9 ശതമാനവും ഏറ്റവും വലിയ ഇറക്കുമതി ഘടകമാണ് വെജിറ്റബിള്‍ ഓയില്‍.

ഇന്ത്യ 4 തരം എണ്ണകള്‍ ഇറക്കുമതി ചെയ്യുന്നു: ക്രൂഡ് പാം ഓയില്‍ (സിപിഒ), സോയ ബീന്‍ ക്രൂഡ് ഓയില്‍, ക്രൂഡ് സണ്‍ഫ്‌ലവര്‍ സീഡ് ഓയില്‍, റിഫൈന്‍ഡ് ബ്ലീച്ച്ഡ് ഡിയോഡറൈസ്ഡ് (ആര്‍ബിഡി) പാമോലിന്‍.

2022 നെ അപേക്ഷിച്ച് 2023 ല്‍ ഇറക്കുമതി 18.6 ശതമാനം കുറഞ്ഞ് 17.1 ബില്യണ്‍ ഡോളറായി കുറയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു, എന്നാല്‍ ഇത് വിലയിലെ കുറവുകൊണ്ടാണ്. അല്ലാതെ അളവിലല്ല.

കൂടാതെ, 2022 നെ അപേക്ഷിച്ച് 2023 ല്‍ ഇന്ത്യയുടെ പയറുവര്‍ഗ്ഗങ്ങളുടെ ഇറക്കുമതി 44 ശതമാനം വര്‍ധിച്ച് 2.7 ബില്യണ്‍ യുഎസ് ഡോളര്‍ കവിയുമെന്നും പ്രതീക്ഷിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ പയറുവര്‍ഗ്ഗങ്ങളുടെ ഉത്പാദകരും ഉപഭോക്താവുമാണ് ഇന്ത്യ. ഉയര്‍ന്ന വിളവ് നല്‍കുന്നതും രോഗ പ്രതിരോധശേഷിയുള്ളതുമായ പയര്‍ ഇനങ്ങള്‍ അവതരിപ്പിച്ച് ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ഇറക്കുമതി കുറയ്ക്കാനും ഇപ്പോള്‍ ഇന്ത്യ ലക്ഷ്യമിടുന്നു.