15 Jan 2024 7:54 AM GMT
കര്‍ഷകരുടെ വിശ്വാസം നേടിയെടുക്കാൻ എഫ്സിഐയോട് ആവശ്യപ്പെട്ട് ഗോയല്‍
MyFin Desk
Summary
- 1965 ജനുവരി 14 നാണ് എഫ്സിഐ സ്ഥാപിതമായത്.
- കര്‍ഷകരുടെയും പാവപ്പെട്ട ഗുണഭോക്താക്കളുടെയും വിശ്വാസം നേടിയെടുക്കാനും മന്ത്രി ആവശ്യപ്പെട്ടു
- മൂന്ന് മുന്‍ഗണനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മന്ത്രി
ഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എഫ്സിഐയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ സ്വീകരിക്കാനും പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. കര്‍ഷകരുടെയും പാവപ്പെട്ട ഗുണഭോക്താക്കളുടെയും വിശ്വാസം നേടിയെടുക്കുന്നതിനൊപ്പം തെറ്റായ പ്രവൃത്തികള്‍ തടയാനും ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയോട് പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടു.
എഫ്സിഐയോട് അതിന്റെ പ്രവര്‍ത്തനങ്ങളിലെ അഴിമതി വെച്ചുപൊറുപ്പിക്കരുതെന്നും ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി ആവശ്യപ്പെട്ടു.
ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിനും വിതരണത്തിനുമുള്ള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ 60-ാം സ്ഥാപക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1965 ജനുവരി 14 നാണ് എഫ്സിഐ സ്ഥാപിതമായത്.
കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും 81 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിനും എഫ്സിഐ വഹിക്കുന്ന പങ്ക് ഗോയല്‍ അനുസ്മരിച്ചു.
മൂന്ന് മുന്‍ഗണനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം എഫ്‌സിഐയോട് ആവശ്യപ്പെട്ടു.
ഒന്നാമതായി, കര്‍ഷകരുടെയും ഗുണഭോക്താക്കളുടെയും വിശ്വാസം നേടിയെടുക്കുന്നതിന് പ്രഥമ പരിഗണന നല്‍കണം. രണ്ടാമതായി, പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യയും ഡിജിറ്റലൈസേഷനും സ്വീകരിക്കാനും ഗോയല്‍ ആവശ്യപ്പെട്ടു. മൂന്നാമതായി, ചെലവഴിക്കുന്ന തുക, എങ്ങനെ ചെലവ് നിയന്ത്രിക്കാനും അത് കുറയ്ക്കാനും കഴിയുമെന്ന് കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.
റൂട്ട് ഒപ്റ്റിമൈസേഷന്‍, യന്ത്രവല്‍കൃത ലോഡിംഗ്, അണ്‍ലോഡിംഗ്, മൊത്തത്തിലുള്ള പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിന് ആധുനിക സ്റ്റോറേജ് സിസ്റ്റം സ്വീകരിക്കല്‍ എന്നിവയിലൂടെ ചെലവ് കുറയ്ക്കാനാകുമെന്ന് ഗോയല്‍ പറഞ്ഞു.
ഈ മേഖലകളില്‍ ആശയങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഹാക്കത്തോണ്‍ സംഘടിപ്പിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. കോര്‍പ്പറേഷനെ ലോകോത്തര സംഘടനയാക്കണമെന്ന് എഫ്‌സിഐ ജീവനക്കാരോട് ഗോയല്‍ അഭ്യര്‍ത്ഥിച്ചു.
ഭാരത് ദാല്‍, ഭാരത് ആട്ട, ഉള്ളി, തക്കാളി എന്നിവയുടെ സബ്സിഡി നിരക്കില്‍ വില്‍പ്പന ഉള്‍പ്പെടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളും മന്ത്രി എടുത്തുപറഞ്ഞു.