image

17 Jan 2024 2:00 PM GMT

Agriculture and Allied Industries

സര്‍ക്കാരിന്റെ വളം സബ്സിഡി ബില്‍ 34% കുറയും; കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ

MyFin Desk

govts fertilizer subsidy bill to drop by 34%, union minister mansukh mandavya
X

Summary

  • ഈ സാമ്പത്തിക വര്‍ഷം യൂറിയ ഇറക്കുമതി 40-50 ലക്ഷം ടണ്ണായി കണക്കാക്കും


സര്‍ക്കാരിന്റെ വളം സബ്സിഡി ബില്‍ നടപ്പ് സാമ്പത്തിക വര്‍ഷം 34 ശതമാനം കുറഞ്ഞ് 1.7-1.8 ലക്ഷം കോടി രൂപയിലെത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ആഗോള വിലയിടിവും യൂറിയയുടെ ഇറക്കുമതി കുറഞ്ഞതുമാണ് കാരണമായി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

ചെങ്കടലിലെ പ്രശ്‌നങ്ങള്‍ ഇറക്കുമതിയെ പ്രതികൂലമായി ബാധിക്കുന്നതിനെ സംബന്ധിച്ച ചോദ്യത്തിന് നിലവില്‍ രാജ്യത്ത് രാസവളങ്ങളുടെ ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും ഇന്ത്യന്‍ ചരക്ക് കപ്പലുകള്‍ക്ക് നാവികസേന സംരക്ഷണം നല്‍കുന്നുണ്ടെന്നും മാണ്ഡവ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷം യൂറിയ ഇറക്കുമതി 40-50 ലക്ഷം ടണ്ണായി കണക്കാക്കുമെന്ന് പറഞ്ഞ മന്ത്രി, ഉയര്‍ന്ന ആഭ്യന്തര ഉല്‍പാദനവും നാനോ ലിക്വിഡ് യൂറിയയുടെ വര്‍ദ്ധിച്ച ഉപയോഗവും ഇറക്കുമതി കുറക്കാന്‍ സഹായിച്ചതായി വ്യക്തമാക്കി. മുന്‍ വര്‍ഷം 75 ലക്ഷം ടണ്ണാണ് ഇറക്കുമതി ചെയ്തത്.

ഖാരിഫ് സീസണിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ രാസവളങ്ങളുടെ ലഭ്യത രാജ്യത്ത് ഉണ്ടെന്ന് മാണ്ഡവ്യ പറഞ്ഞു. നിലവില്‍ രാജ്യത്ത് 70 ലക്ഷം ടണ്‍ യൂറിയ, 20 ലക്ഷം ടണ്‍ ഡിഎപി, 10 ലക്ഷം ടണ്‍ എംഒപി (മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്), 40 ലക്ഷം ടണ്‍ എന്‍പികെ, 20 ലക്ഷം ടണ്‍ എസ്എസ്പി (സിംഗിള്‍ സൂപ്പര്‍ ഫോസ്‌ഫേറ്റ്) എന്നിവ സ്റ്റോക്കുണ്ട്.

രാസവളങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും 2014 മുതല്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മാണ്ഡവ്യ എടുത്തുപറഞ്ഞു.

നാല് യൂറിയ പ്ലാന്റുകള്‍ ഇതിനകം പുനരുജ്ജീവിപ്പിച്ചതായും അഞ്ചാമത്തേത് ഉടന്‍ ഉത്പാദനം ആരംഭിക്കുമെന്നും പറഞ്ഞ മന്ത്രി, നാനോ ലിക്വിഡ് യൂറിയ, നാനോ ലിക്വിഡ് ഡിഎപി എന്നീ ബദല്‍ വളങ്ങള്‍ കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും വ്യക്തമാക്കി. കൂടാതെ, രാസവളങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്ന സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിയും ഇത് ആരംഭിച്ചതായി സൂചിപ്പിച്ചു. മാത്രമല്ല ആഗോള വിതരണക്കാരുമായി ഇന്ത്യ ദീര്‍ഘകാല വിതരണ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.