18 Jun 2024 5:03 AM GMT
Summary
- മണ്‍സൂണിനെ ആശ്രയിച്ചാണ് നിരവധി വിളകളുടെ കൃഷി
- ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം
- കേരളത്തിലെ 9 ജില്ലകളിലും മഴക്കുറവെന്ന് കണക്കുകള്‍
ഈ വര്‍ഷം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തി പ്രാപിക്കാന്‍ വൈകുന്നത് കാര്‍ഷിക മേഖലക്ക് തിരിച്ചടിയാകുകയാണ്. കേരളമടക്കമുള്ള മിക്കസംസ്ഥാനങ്ങള്‍ക്കും മണ്‍സൂണ്‍ അതിപ്രധാനമാണ്. രാജ്യത്തിനു തന്നെ ആവശ്യമായ വെള്ളത്തിന്റെ 70ശതമാനവും ലഭ്യമാകുന്നത് ഈ കാലയളവിലാണ്. ജലസേചനംവഴി കൃഷി യഥാസമയത്ത് നടത്തുന്ന സംസ്ഥാനങ്ങള്‍ രാജ്യത്ത് കുറവാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ മാത്രമാണ് ജലസേചന സംവിധാനത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്.
ഈ വര്‍ഷം മണ്‍സൂണ്‍ സാധാരണയുള്ളതിലും കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. ദീര്‍ഘകാല ശരാശിയുടെ 106 ശതമാനമായിരിക്കുമെന്നാണ് പ്രവചനം. എങ്കിലും ജൂണ്‍ 17വരെ ലഭിച്ച മഴ 20 ശതമാനത്തോളം കുറവാണ്. ഈ കാലയളവിലെ ദീര്‍ഘകാലശരാശരി 74.3 മില്ലിമീറ്ററാണ്.
നിരവധി വിളകളുടെ കൃഷി മണ്‍സൂണിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. നെല്ല് മുതല്‍ കരിമ്പുവരെ ഇതില്‍പെടും. ജൂലൈ എട്ടാകുമ്പോഴേക്കും മഴ രാജ്യവ്യാപകമാകേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ മഴ ശക്തിപ്രാപിക്കാത്തത് കാര്‍ഷികമേഖലയെ ആശങ്കപ്പെടുത്തുന്നു. മികച്ച റാബി വിളയ്ക്കും ഈ സീസണിലെ മഴ അത്യാവശ്യമാണ്.
മണ്‍സൂണ്‍ കാലത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളം ഈ ജൂണില്‍ സീസണിന്റെ മന്ദഗതിയിലാണ് പോകുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ സംസ്ഥാനത്തിന് സാധാരണ മഴയുടെ ഗണ്യമായ ഒരു ഭാഗം ലഭിക്കുന്നു. പക്ഷേ ഈ വര്‍ഷം ഇതുവരെ മഴ ദുര്‍ബലമാണ്. കൂടാതെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുമില്ല.
നേരത്തെ എത്തിയെങ്കിലും, തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിനും ഇന്ത്യയുടെ പല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും നിരാശയാണ് സമ്മാനിച്ചത്.മഴ ഈ മേഖലയില്‍ എത്തി പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷം കുറഞ്ഞു.
സമീപ വര്‍ഷങ്ങളില്‍, മണ്‍സൂണ്‍ സീസണിന്റെ തുടക്കത്തില്‍ കേരളത്തില്‍ സാധാരണയേക്കാള്‍ കുറവ് മഴയാണ് അനുഭവപ്പെടുന്നത്.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കുകള്‍ പ്രകാരം ജൂണ്‍ 1 നും ജൂണ്‍ 9 നും ഇടയില്‍ കേരളത്തില്‍ സാധാരണ മഴയേക്കാള്‍ 22 ശതമാനം കുറവാണ് ലഭിച്ചത്.
സംസ്ഥാനത്തെ ആകെയുള്ള 14 ജില്ലകളില്‍ ഒമ്പതെണ്ണത്തിലും മഴക്കുറവ് (സാധാരണയേക്കാള്‍ 20 ശതമാനം മുതല്‍ 59 ശതമാനം വരെ കുറവ്) അനുഭവപ്പെട്ടു. ഏറ്റവും കൂടുതല്‍ മഴ കുറവ് കൊല്ലത്തും അതിനുശേഷം ആലപ്പുഴയിലുമാണ്.
സംസ്ഥാനത്തെ നാല് ജില്ലകളില്‍ മാത്രമാണ് സാധാരണ മഴ ലഭിച്ചത്. തൃശൂര്‍ ജില്ലയില്‍ സാധാരണയേക്കാള്‍ 23 ശതമാനം അധിക മഴ ലഭിച്ചു. കേരളത്തിലെ നിരവധി വിളകളുടെ കൃഷിയിറക്കല്‍ മണ്‍സൂണ്‍ മഴയുമായി ബന്ധപ്പെട്ടാണ് ഉള്ളത്.
ഇനിയും മഴ ശക്തിപ്രാപിച്ചില്ലെങ്കില്‍ രാജ്യ കാര്‍ഷിക മേഖല പ്രതിസന്ധിയിലാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.