image

23 Oct 2024 6:40 AM GMT

Agriculture and Allied Industries

പുഴുക്കലരി, കുത്തരി എന്നിവയുടെ കയറ്റുമതി തീരുവ ഒഴിവാക്കി

MyFin Desk

certain varieties of rice are exempted from export duty
X

Summary

  • അരിയിനങ്ങളില്‍ ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ വെട്ടിക്കുറവാണ് വരുത്തിയത്
  • കാലാവസ്ഥാ വ്യതിയാനത്തെതുടര്‍ന്നാണ് ഉല്‍പ്പാദനം കുറയുമെന്ന ആശങ്ക നിലനില്‍ക്കെയാണ് കയറ്റുമതിക്ക് തീരുവ ചുമത്തിയിരുന്നത്


കയറ്റുമതി കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള ശ്രമത്തില്‍ പാരാബോയില്‍ റൈസിന്റെയും കുത്തരിയുടെയും നെല്ലിന്റെയും കസ്റ്റംസ് ഡ്യൂട്ടി സര്‍ക്കാര്‍ ഒഴിവാക്കി. നിലവില്‍ 10 ശതമാനമായിരുന്നു കയറ്റുമതി തീരുവ. തീരുമാനം ഒക്ടോബര്‍ 22 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ രണ്ട് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലിരിക്കെയാണ് തീരുമാനം. എന്നാല്‍, എല്ലാ മുന്‍കരുതലുകളും പാലിച്ചാണ് തീരുമാനമെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

'ഇലക്ഷന്‍ കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ മൈലേജ് ആര്‍ക്കും എവിടെയും ഉണ്ടാകരുത് എന്ന വ്യവസ്ഥയ്ക്ക് വിധേയമാണ്,' ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ വെട്ടിക്കുറവാണ്. നേരത്തെ സെപ്റ്റംബര്‍ 26-ന്, ബസ്മതി ഇതര അരി, തൊണ്ടുള്ള (തവിട്ട്) അരി, നെല്ല് എന്നിവയുടെ കയറ്റുമതി തീരുവ ഉടന്‍ പ്രാബല്യത്തില്‍ വരുന്ന 20 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി മന്ത്രാലയം വെട്ടിക്കുറച്ചിരുന്നു.

എല്‍ നിനോയുടെ ആവിര്‍ഭാവത്തെത്തുടര്‍ന്ന്, പ്രധാന നെല്‍കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍ മഴയുടെ കുറവുണ്ടായതിനെത്തുടര്‍ന്ന് 2023 ഓഗസ്റ്റില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഈ കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതിക്ക് 20 നികുതി ചുമത്തി. മഴയുടെ കുറവ് അരി ഉല്‍പ്പാദനത്തെ ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് 2023 ജൂലൈയില്‍ വെള്ള അരിയുടെ കയറ്റുമതിക്ക് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തി.

കഴിഞ്ഞ മാസം തന്നെ ബസുമതി ഇതര വെള്ള അരി കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിച്ചിരുന്നു. എന്നാല്‍ ഒരു ടണ്ണിന് 490 ഡോളര്‍ മിനിമം കയറ്റുമതി വില ചുമത്തി.

എല്‍ നിനോ രാജ്യത്തിന്റെ നാലിലൊന്ന് ഭാഗത്തെയും ബാധിച്ചിട്ടുണ്ടെങ്കിലും, ഈ ആഴ്ച ആദ്യം കാര്‍ഷിക മന്ത്രാലയം 137.83 ദശലക്ഷം ടണ്‍ അരി ഉല്‍പ്പാദനം റെക്കോഡ് ആയി കണക്കാക്കിയിരുന്നു. 2022-23ല്‍ ഉല്‍പ്പാദിപ്പിച്ച 135.76 ദശലക്ഷം ടണ്ണിനേക്കാള്‍ കൂടുതലാണിത്.

2022-23 ലെ 17.79 ദശലക്ഷം ടണ്ണിനെ അപേക്ഷിച്ച് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ബസുമതി ഇതര അരി കയറ്റുമതി 11.12 ദശലക്ഷം ടണ്ണായി കുറഞ്ഞു. ഈ വര്‍ഷം ഖാരിഫ് വിസ്തൃതിയില്‍ നെല്ല് സാധാരണ 401.55 ലക്ഷം ഹെക്ടറില്‍ നിന്ന് 409.5 ലക്ഷം ഹെക്ടറായി ഉയര്‍ന്നു. എന്നിരുന്നാലും, തെലങ്കാന, ആന്ധ്രാപ്രദേശ്, ജാര്‍ഖണ്ഡ്, തെക്കന്‍ പശ്ചിമ ബംഗാള്‍ തുടങ്ങിയ വളരുന്ന പ്രദേശങ്ങളില്‍ അധിക മഴ നെല്‍കൃഷിയുടെ അവസ്ഥയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നു.

ഇന്ത്യയുടെ നിരോധനത്തിന്റെ ഫലമായി ആഗോള വിപണിയില്‍ അരിയുടെ വില ടണ്ണിന് 600 ഡോളറായി ഉയര്‍ന്നു. ഇന്ത്യയുടെ അരി കയറ്റുമതി നിയന്ത്രണങ്ങള്‍ കാരണം തായ്ലന്‍ഡ്, വിയറ്റ്‌നാം, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ നേട്ടമുണ്ടാക്കി.