21 Dec 2023 12:32 PM GMT
വിലക്കയറ്റം വില്ലനായി; കാര്‍ഷിക കയറ്റുമതിയില്‍ 33,200 കോടി കുറയും
MyFin Desk
Summary
- ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കയറ്റുമതി നിരോധനം തിരിച്ചടിയാകും
- ഏപ്രില്‍-ഒക്ടോബര്‍ മാസങ്ങളില്‍ 9 ശതമാനത്തിന്റെ ഇടിവ്
- അരിവില 12ശതമാനം വരെ ഉയര്‍ന്നു
ഗോതമ്പ്, അരി, പഞ്ചസാര എന്നിവയുള്‍പ്പെടെയുള്ള ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യാപാര നിയന്ത്രണങ്ങള്‍ കാരണം രാജ്യത്തിന്റെ മൊത്തം കാര്‍ഷിക കയറ്റുമതിയില്‍ ഏകദേശം 4 ബില്യണ്‍ ഡോളര്‍ കുറയുമെന്ന് വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (എപിഇഡിഎ; APEDA) യും പറഞ്ഞു. നല്‍കിയിരിക്കുന്ന കണക്കുകള്‍ പ്രകാരം, ഏപ്രില്‍-ഒക്ടോബര്‍ മാസങ്ങളില്‍ എപിഇഡിഎയുടെ കാര്‍ഷിക കയറ്റുമതിയില്‍ നിന്ന് ഏകദേശം 9 ശതമാനത്തിന്റെ ഗണ്യമായ ഇടിവ് ഇതിനകം സംഭവിച്ചു.
8 ശതമാനം ഇടിവ് രേഖപ്പെടുത്തിയ ഗോതമ്പ്, 65 ശതമാനം ഇടിവ് രേഖപ്പെടുത്തിയ മില്ലിംഗ് ഉല്‍പന്നങ്ങള്‍, വര്‍ഷം തോറും 20 ശതമാനം ഇടിവ് രേഖപ്പെടുത്തിയ ബസ്മതി ഇതര അരി എന്നിവയാണ് ഇടിവിന് കാരണമായത്.
പ്രധാന കാര്‍ഷിക ഉല്‍പന്നങ്ങളായ അരി, ഗോതമ്പ്, പഞ്ചസാര എന്നിവയുടെ ചില്ലറ വില്‍പ്പന വില കുതിച്ചുയരുകയും ഈ വിലക്കയറ്റം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയും ചെയ്തതാണ് കയറ്റുമതി നിയന്ത്രണത്തിന് വഴിതുറന്നത്.
അരിയുടെ കാര്യത്തില്‍ 11 മുതല്‍ 12 ശതമാനം വരെ വില വര്‍ധനവുണ്ടായിട്ടുണ്ട്. ഇത് നേരിടുന്നതിന് 2023 ജൂലൈയില്‍ ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചു. പാര്‍ബോയില്‍ഡ് അരിയുടെ കയറ്റുമതിക്ക് 20 ശതമാനം തീരുവ ചുമത്തുകയും ചെയ്തു. ആദ്യം 2023 ഒക്ടോബര്‍ വരെയായിരുന്നു തീരുവ. പിന്നീട് അത് 2024 മാര്‍ച്ച് വരെ നീട്ടി. ഇത് വിലക്കയറ്റം ഒരു പരിധിവരെ പിടിച്ചു നിര്‍ത്തുന്നതിന് കാരണമായി.
വില വർധന തടയാൻ കയറ്റുമതി തീരുവ
അരിവില്‍പ്പനയില്‍ നിലവില്‍ 20 ശതമാനം വളര്‍ച്ച കാണുന്നുണ്ട്. ഇത് മൊത്തത്തിലുള്ള അരി കയറ്റുമതി കമ്മി ഒരു പരിധിവരെ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് മന്ത്രാലയം കരുതുന്നു.
ബസ്മതി അരിയുടെ വില്‍പ്പന ഏപ്രില്‍-ഒക്ടോബര്‍ മാസങ്ങളില്‍ 16 ശതമാനം വര്‍ധിച്ചു. ബസ്മതി ഇതര അരിയുടെ കയറ്റുമതി കഴിഞ്ഞ വര്‍ഷം 3637 മില്യണ്‍ ഡോളറില്‍ നിന്ന് 20 ശതമാനം ഇടിഞ്ഞ് ഈ വര്‍ഷം 2904 മില്യണ്‍ ഡോളറായി. ഗോതമ്പിന്റെ കാര്യത്തില്‍, 2022 മെയ് മുതല്‍ 2023 ജൂണില്‍ ഗോതമ്പ് കയറ്റുമതി നിരോധിച്ചിട്ടും വിലയില്‍ 6-7 ശതമാനം വര്‍ധനയുണ്ടായി. ഗോതമ്പ് കയറ്റുമതി 98 ശതമാനത്തിലധികം ചുരുങ്ങി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ 1507 മില്യണ്‍ ഡോളറില്‍ നിന്ന് ഈ വര്‍ഷം 23 മില്യണ്‍ ഡോളറായി കുറഞ്ഞു.പഞ്ചസാരയുടെ കയറ്റുമതിയും ഫലത്തില്‍ നിരോധിച്ചു.
ചെങ്കടല്‍ വഴിയുള്ള കയറ്റുമതിക്ക് മേലുള്ള ഹൂത്തികളുടെ ആക്രമണം തുടര്‍ന്നാല്‍ ബസ്മതി അരി കയറ്റുമതിയെ ബാധിച്ചേക്കാമെന്ന് സൂചനയുണ്ട്. ബസ്മതി അരി ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് ആഫ്രിക്കയ്ക്ക് ചുറ്റുമുള്ള ദൈര്‍ഘ്യമേറിയ പാത ഇന്ത്യ പരിഗണിക്കേണ്ടി വന്നേക്കാം.