2 May 2024 11:33 AM GMT
Summary
- കാര്‍ഷിക മേഖലയിലെ കൃത്യമല്ലാത്തപ്രവചനങ്ങള്‍ വ്യാപാരതടസങ്ങള്‍ ഉണ്ടാക്കുന്നു
- കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ 12 സംസ്ഥാനങ്ങളില്‍ ഡിജിറ്റല്‍ വിള സര്‍വേ ആരംഭിച്ചിരുന്നു
കാര്‍ഷിക സ്ഥിതിവിവര കണക്കുകള്‍ മികച്ചതാക്കാന്‍ ഡിജിറ്റല്‍ വിള സര്‍വേ സര്‍ക്കാര്‍ പരിഗണനയില്‍.
കൃത്യമായ വിസ്തീര്‍ണ്ണം വിലയിരുത്തുന്നതിനായി രാജ്യത്തുടനീളം പതിവായി ഡിജിറ്റല്‍ വിള സര്‍വേകള്‍ നടത്തി കാര്‍ഷിക സ്ഥിതിവിവരക്കണക്ക് സംവിധാനം ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാര്‍ഷിക ഉല്‍പ്പാദനത്തിന്റെ കൂടുതല്‍ മെച്ചപ്പെട്ട പ്രവചനങ്ങള്‍ക്ക് ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
കാര്‍ഷിക മേഖലയിലെ കൃത്യമല്ലാത്തപ്രവചനങ്ങള്‍ വ്യാപാരതടസങ്ങള്‍ ഉണ്ടാക്കുന്നതിനും മറ്റും കാരണമാകുന്നുണ്ട്. തയ്യാറെടുപ്പുകള്‍ മികച്ചതായാല്‍ അടുത്ത വേനല്‍ക്കാലം മുതല്‍ ഇത് (ഡിജിറ്റല്‍ സര്‍വേ) വലിയ രീതിയില്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നു.
നിലവില്‍ വിള വിതയ്ക്കല്‍ വിവരങ്ങള്‍ക്കായി അധികൃതര്‍ സാധാരണയായി പ്രാദേശിക ഉദ്യോഗസ്ഥരുടെ ഇന്‍പുട്ടുകളും ഫീല്‍ഡ് സര്‍വേകളുമാണ്് ആശ്രയിക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും വിശ്വസനീയമാകാറില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. കാര്‍ഷിക വിവരങ്ങളുടെ സമയോചിതമായ ശേഖരണം സര്‍ക്കാരിനുമുന്നില്‍ വെല്ലുവിളിയായി തുടരുകയായിരുന്നു.
ഒരു ഡിജിറ്റല്‍ വിള സര്‍വേ മൊബൈല്‍ ആപ്ലിക്കേഷനും പ്രസക്തമായ വെബ് ആപ്ലിക്കേഷനുകളും വഴി സംസ്ഥാന നോഡല്‍ ഉദ്യോഗസ്ഥര്‍ വിള വിതയ്ക്കല്‍ വിവരങ്ങള്‍ ശേഖരിക്കും. വിത്ത് വിതയ്ക്കുന്നതില്‍ കൃത്യത നല്‍കുന്നതിന് ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങള്‍ ഉപയോഗിക്കുന്ന ഒരു വിള ഗവേഷണ സംവിധാനം സൃഷ്ടിക്കാനാണ് കാര്‍ഷിക മന്ത്രാലയം ലക്ഷ്യമിടുന്നത്.
കേന്ദ്രം കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ 12 സംസ്ഥാനങ്ങളില്‍ ഡിജിറ്റല്‍ വിള സര്‍വേ ആരംഭിച്ചിരുന്നു. പ്രാരംഭ ഫലങ്ങള്‍ പ്രോത്സാഹജനകമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇത് രാജ്യം മുഴുവന്‍ വിപുലീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.