27 Oct 2023 11:26 AM GMT
Summary
- ഈ സാമ്പത്തിക വര്‍ഷത്തിന്റെ 5മാസങ്ങളില്‍ 47.98ദശലക്ഷം ഡോളറിന്റെ മാമ്പഴം കയറ്റുമതി ചെയ്തു
- യുഎസിലേക്കുള്ള കയറ്റുമതിയലും 19ശതമാനം വര്‍ധന
ഇന്ത്യന്‍ മാമ്പഴ കയറ്റുമതി കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ 19ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 40.33 ദശലക്ഷം ഡോളറിനെ അപേക്ഷിച്ച് 47.98ദശലക്ഷം ഡോളറിന്റെ മാമ്പഴമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.
അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിയും (എപിഇഡിഎ) കാര്‍ഷിക കര്‍ഷക ക്ഷേമ മന്ത്രാലയവുമാണ് ഇതിന്റെ കണക്കുകള്‍ പുറത്തുവിട്ടത്.
കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയവുമായി സഹകരിച്ച്, 2023 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ 27,330.02 മെട്രിക് ടണ്‍ മാമ്പഴം കയറ്റുമതി ചെയ്യാന്‍ എപിഇഡിഎ സഹായിച്ചു. യുഎസ്എയിലേക്കുള്ള ഇന്ത്യയുടെ മാമ്പഴ കയറ്റുമതിയില്‍ മാത്രം 19 ശതമാനം വര്‍ധനയുണ്ടായി. ഈ ആദ്യ അഞ്ച് മാസങ്ങളില്‍ മൊത്തം 2043.60 മെട്രിക് ടണ്‍ ആയിരുന്നു യുഎസിലേക്കുള്ള കയറ്റുമതി.
യുഎസിനു പുറമേ ജപ്പാന്‍(43.08 മെട്രിക് ടണ്‍), ന്യൂസിലന്‍ഡ് (110.99 മെട്രിക് ടണ്‍), ഓസ്ട്രേലിയ (58.42 മെട്രിക് ടണ്‍), ദക്ഷിണാഫ്രിക്ക (4.44 മെട്രിക് ടണ്‍) എന്നിവിടങ്ങളിലേക്ക് ഇന്ത്യ മാമ്പഴം കയറ്റുമതി ചെയ്തു.
ഇറാന്‍, മൗറീഷ്യസ്, ചെക്ക് റിപ്പബ്ലിക്, നൈജീരിയ എന്നിവിടങ്ങളില്‍ പുതിയ വിപണികള്‍ പര്യവേക്ഷണം ചെയ്തുകൊണ്ട് ഇന്ത്യ 41 രാജ്യങ്ങളിലേക്ക് മാമ്പഴ കയറ്റുമതി വ്യാപിപ്പിച്ചിട്ടുണ്ട്. 2023 സീസണില്‍ മാമ്പഴ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യ പദ്ധതിയിടുകയാണ്.
മാമ്പഴത്തിന്റെ പ്രീക്ലിയറന്‍സിനായി രാജ്യം കൂടുതല്‍ സൗകര്യങ്ങള്‍ ലലഭ്യമാക്കുകയാണ്. ഇതിനായി ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഇന്‍സ്‌പെക്ടര്‍മാരെയും ക്ഷണിച്ചിട്ടുണ്ട്.
കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന സിയോള്‍ ഫുഡ് & ഹോട്ടല്‍ ഷോയില്‍ എപിഇഡിഎ ഇന്ത്യന്‍ മാമ്പഴങ്ങള്‍ പ്രദര്‍ശിപ്പിച്ചു. . ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികം പ്രമാണിച്ച്, 5ജിഐ ടാഗ് ചെയ്ത ഇനങ്ങള്‍ ഉള്‍പ്പെടെ 75 കിഴക്കന്‍ ഇനം മാമ്പഴങ്ങള്‍ ബഹ്റൈനിലേക്ക് കയറ്റുമതി ചെയ്തു.
അമ്രപാലി, ബംഗനപള്ളി, കേസര്‍, ഹിംസാഗര്‍ എന്നീ ഇനങ്ങളെ ഉള്‍പ്പെടുത്തി ബ്രസല്‍സില്‍ പ്രത്യേക മാംഗോ ഫെസ്റ്റ് നടത്തി. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകളുടെ സഹകരണത്തോടെ മാമ്പഴങ്ങളുടെ പ്രമോഷന്‍ പരിപാടികളും നടത്തി. എപിഇഡിഎ മലേഷ്യയില്‍ കേസര്‍, ബംഗനപ്പള്ളി മാമ്പഴങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഒരു മാമ്പഴ പ്രോത്സാഹന പരിപാടിയും സംഘടിപ്പിച്ചു. അഫ്ഗാനിസ്ഥാനിലും കുവൈത്തിലും അതാത് ഇന്ത്യന്‍ എംബസികള്‍ സമാനമായ പരിപാടികള്‍ നടത്തി.