13 July 2023 7:38 PM IST
Summary
- ഇന്ത്യയിൽ 120 രൂപയ്ക്കാണ് തക്കാളി വില്പന നടക്കുന്നത്
- നേപ്പാളിൽ ഇന്ത്യൻ രൂപയിൽ കിലോഗ്രാമിന് 75 രൂപക്ക്
- തുണച്ചത് നേപ്പാളിലെ കൃഷിയിലെ വൈവിധ്യവൽക്കരണം
ഇന്ത്യയിലെ തക്കാളിയുടെ പൊള്ളുന്ന വില രാജ്യത്തിനകത്തും പുറത്തും ചർച്ചയാവുമ്പോൾ നേപ്പാൾ അതിർത്തിയിലെ കച്ചവടക്കാർ തക്കാളിക്കായി അതിർത്തി കടക്കുന്നു. ഉത്തരാഖണ്ഡ് പിത്തോരഗട് ജില്ലയിലെ ആളുകളാണ് തക്കാളി കുറഞ്ഞ വിലയിൽ ലഭിക്കാൻ നേപ്പാളിലേക്ക് എത്തുന്നത്.
ഇന്ത്യയിൽ 120 രൂപയ്ക്കാണ് തക്കാളി വില്പന നടക്കുന്നത്. നേപ്പാളിൽ 100 രൂപ മുതൽ 110 രൂപ വരെയാണ് തക്കാളിക്ക് ഈടാക്കുന്നത്. എന്നാൽ ഇന്ത്യൻ രൂപയിൽ കിലോഗ്രാമിന് 75 രൂപക്ക് തക്കാളി ലഭിക്കും. പച്ചക്കറി കച്ചവടക്കാർ ഇത് വഴി ഇരട്ടി ലാഭം ഉണ്ടാക്കുന്നുവെന്നു നേപ്പാൾ നിവാസി സാക്ഷ്യപ്പെടുത്തുന്നു.
അറിഞ്ഞ് വിതച്ച് നേപ്പാൾ കർഷകർ
ഇന്ത്യയിലെ പച്ചക്കറി വിലക്കയറ്റം മനസിലാക്കി ധാന്യങ്ങൾ കൃഷി ചെയ്യുന്നതിൽ നിന്നും പച്ചക്കറിലേക്ക് മാറാൻ നേപ്പാൾ കർഷകരെ പ്രേരിപ്പിച്ചു. കൃഷി വിളകൾ വൈവിധ്യവൽക്കരിക്കുന്നതിനുള്ള നടപടികൾ നേപ്പാളിലെ സർക്കാരും സ്വീകരിച്ചിട്ടുണ്ട്. തക്കാളി ഉൾപ്പെടെയുള്ള സീസണലും അല്ലാത്തതുമായ പച്ചക്കറികൾ നേപ്പാളിൽ കൃഷി ചെയ്യുന്നു. ഇപ്പോൾ ഇന്ത്യയിലെ പച്ചക്കറിയുടെ ഉയർന്ന ഡിമാൻഡ് നേപ്പാൾ കർഷകർ പ്രയോജനപ്പെടുത്തുന്നു.
തക്കാളിക്ക് പുറമെ കോളി ഫ്ലവർ, ചീര എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ആവശ്യക്കാർ കൂടുതൽ ഉണ്ടാവുമ്പോൾ ഇന്ത്യൻ വിപണിയിൽ വിതരണം ചെയ്ത് ലാഭമുണ്ടാക്കുന്നുവെന്ന് നേപ്പാളിലെ പച്ചക്കറി കച്ചവടക്കാരൻ പറയുന്നു.
വിനിമയ നിരക്ക് സ്വാധീനിക്കുന്നു
നേപ്പാളിലേക്ക് പച്ചക്കറി വാങ്ങാൻ പോകുന്ന ഇന്ത്യക്കാരെ വിനിമയ നിരക്കും സ്വാധീനിക്കുന്നു. നേപ്പാളിലെ കച്ചവടക്കാർ ഇന്ത്യൻ രൂപയിൽ പണമിടപാട് നടത്തുന്നതിന് കൂടുതൽ ഇഷ്ടപെടുന്നു. ഇതുവഴി കൂടുതൽ നേപ്പാളി രൂപ കച്ചവടക്കാർക്ക് ലഭിക്കുമെന്നതാണ് കാരണം