image

19 Jun 2023 2:00 PM GMT

Startups

അഗ്രിടെക്കില്‍ വിജയഗാഥ രചിക്കാന്‍ തെലങ്കാന

MyFin Desk

അഗ്രിടെക്കില്‍ വിജയഗാഥ  രചിക്കാന്‍ തെലങ്കാന
X

Summary

  • ഒരുലക്ഷം കര്‍ഷകര്‍ക്ക് അഗ്രിടെക് സേവനങ്ങള്‍ എത്തിക്കാനാണ് തെലങ്കാനയുടെ ശ്രമം
  • കാര്‍ഷികോല്‍പ്പാദനത്തിന്റെ 51ശതമാനവും എത്തുന്നത് ചെറുകിടമേഖലയില്‍നിന്നാണ്
  • ഇന്ത്യന്‍ അഗ്രിടെക്കിന് അതിന്റെ വിപണി സാധ്യത പൂര്‍ണമായി ഉപയോഗിക്കാനായിട്ടില്ല


ആഗോളതലത്തില്‍ കൃഷിയുടെ ഭാവി രൂപപ്പെടുത്തുക സാങ്കേതിക വിദ്യകളായിരിക്കും. വികസിത രാജ്യങ്ങളില്‍ കാര്‍ഷികവൃത്തി എല്ലാം തന്നെ ടെക്‌നോളജിയുടെ സഹായത്താല്‍ മുന്നേറുന്ന മേഖലയാണ്. എന്നാല്‍ ഇന്ത്യയില്‍ ഈ മേഖല ഇനിയും വികസിച്ചുവരേണ്ടതുണ്ട്. ഇപ്പോള്‍ സാങ്കേതിക വിദ്യകളുടെ സഹായം തേടുന്നതും ഉപയോഗിക്കുന്നതുമായ കൃഷിയിടങ്ങള്‍ ഇല്ലെന്ന് അല്ല ഈ പറഞ്ഞതിനര്‍ത്ഥം. പക്ഷേ ഭൂരിപക്ഷവും ചെറുകടക്കാര്‍ ഉള്ള കാര്‍ഷികമേഖല പൂര്‍ണമായും സാങ്കേതിക വിദ്യകള്‍ക്കുകീഴിലേക്ക് മാറാന്‍ സമയമെടുക്കുക സ്വാഭാവികമാണ്.

ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടത് തെലങ്കാന സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളാണ്.നിലവില്‍ കാര്‍ഷികമേഖലയില്‍ സാങ്കേതിക വിദ്യയുടെ സഹായം ഏറെ ഉപയോഗപ്പെടുത്തുന്ന അല്ലെങ്കില്‍ ആ മേഖലയില്‍ ഏറെ ശ്രമങ്ങള്‍ നടത്തുന്ന സംസ്ഥാനമാണ് അവര്‍.

2025 ഓടെ ഒരുലക്ഷം കര്‍ഷകര്‍ക്ക് അഗ്രിടെക് സേവനങ്ങള്‍ എത്തിക്കാനാണ് തെലങ്കാന ശ്രമിക്കുന്നത്. ഇത് ഒരു ചെറിയ കാര്യമല്ല. അഗ്രിടെക് സേവനങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നതിനുള്ള നയങ്ങളും പൊതു അടിസ്ഥാന സൗകര്യങ്ങളും ഇന്ന് കെസിആറിന്റെ സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്.

ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. ചെറുകിട മേഖലയുടെ ഒരു ശൃംഖല തന്നെ കാര്‍ഷിക മേഖലയിലുണ്ട്.രാജ്യത്തെ കാര്‍ഷിക ഉല്‍പ്പാദനത്തിന്റെ 51ശതമാനവും എത്തുന്നത് ചെറുകിടമേഖലയില്‍നിന്നാണ്. മൊത്തം കര്‍ഷകരുടെ ഏകദേശം 85ശതമാനവും ചെറുകിട വിഭാഗത്തിലാണ് വരുന്നതും. അതേസമയം, രാജ്യത്ത് ആയിരത്തിലധികം അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകളും ഉണ്ട്.

ഇന്ത്യയില്‍ കാര്‍ഷിക മേഖലയിലേക്ക് നല്‍കുന്ന ഡാറ്റാധിഷ്ഠിത സേവനങ്ങള്‍ 2025ഓടെ 50-70 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യന്‍ അഗ്രിടെക് മേഖലയും ഉയര്‍ന്നുവരികയാണ്.

ഇന്‍കുബേറ്ററുകള്‍, സ്റ്റാര്‍ട്ട്-അപ്പ് സീഡ് ഫണ്ടിംഗ് എന്നിവയുള്ള മേഖലയെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുണയ്ക്കുന്നുണ്ട്. എങ്കിലും ഇന്ത്യന്‍ അഗ്രിടെക്കിന് അതിന്റെ വിപണി സാധ്യത പൂര്‍ണമായി ഉപയോഗിക്കാനായിട്ടില്ല.

ഒരു ചെറുകിട കര്‍ഷകനെ തിരിച്ചറിയുകയും അവര്‍ക്ക് സാങ്കേതിവിദ്യകളില്‍ പരിശീലനം നല്‍കുകയും എന്നത് ചെലവേറിയ ഒരു നടപടിയാണ്. അതിനാല്‍, കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് അഗ്രിടെക് സേവന വിതരണം ചെലവ് കുറഞ്ഞതാക്കുന്ന ഒരു ആവാസവ്യവസ്ഥയെ പ്രാപ്തമാക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഈ ദിശയിലാണ് തെലങ്കാന ഇപ്പോള്‍ സഞ്ചരിക്കുന്നത്.

2014-ല്‍ സ്ഥാപിതമായ തെലങ്കാന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമാണ്. 2021-22ലെ കണക്കുകള്‍ പരിശോധിച്ചാല്‍ സംസ്ഥാനത്തിന്റെ മൊത്തം മൂല്യത്തിന്റെ 18ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് കാര്‍ഷിക മേഖലയാണ്.

കൃഷിയെ കൂടുതല്‍ പരിപോഷിപ്പിച്ച് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികളാണ് അവിടെ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി പുതിയ സാങ്കേതിക വിദ്യകള്‍ തേടുന്നതിനൊപ്പം വേള്‍ഡ് ഇക്കണോമിക് ഫോറവുമായി സഹകരിച്ച് പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) ചട്ടക്കൂട് സ്വീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി തെലങ്കാന മാറുകയാണ്.

ഫോറത്തിന് ഇന്ത്യയില്‍ കൃഷിയും ഭക്ഷ്യ സംവിധാനങ്ങളും കേന്ദ്രീകരിച്ചുള്ള രണ്ട് സംരംഭങ്ങളുണ്ട്.

നിരവധി സ്റ്റാര്‍ട്ടപ്പുകളും വിവിധ രംഗങ്ങളിലായി പ്രവര്‍ത്തിക്കുന്നു.

നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, ഇത്തരം ഉപദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുണ്ട്. ആവശ്യമായ പരിശോധനകള്‍ക്ക് സഹായം നല്‍കുക, സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക ഇവയും ചില സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്നു.മണ്ണിന്റെ ആരോഗ്യം സംബന്ധിച്ച ഉപദേശം, കീടങ്ങളുടെപ്പറ്റിയുടെ നിര്‍ദ്ദേശങ്ങള്‍, പ്രതിദിന വിപണി വില, ക്രെഡിറ്റ് മൂല്യനിര്‍ണ്ണയം തുടങ്ങിയ രംഗങ്ങളിലും സഹായിക്കുന്ന സംരംഭങ്ങള്‍ ഇന്ന് നിലവിലുണ്ട്.