24 July 2023 11:11 AM GMT
തക്കാളിയുടെ വഴിയേ ആപ്പിളും ? ആപ്പിള്‍ ഉല്‍പ്പാദനം പകുതിയായി കുറഞ്ഞു
MyFin Desk
Summary
- ആപ്പിളിന്റെ പ്രധാന ഉല്‍പ്പാദകരാണു കാശ്മീരും, ഹിമാചല്‍ പ്രദേശും
- 109.78 മില്യന്‍ ഡോളറിന്റെ നഷ്ടമാണു സംഭവിച്ചതെന്നു കശ്മീരിലെ ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു
- ഹിമാചലില്‍ കഴിഞ്ഞ വര്‍ഷം 640,000 മെട്രിക് ടണ്‍ ആപ്പിളാണ് ഉല്‍പ്പാദിപ്പിച്ചത്
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കാശ്മീരിലും ഹിമാചല്‍ പ്രദേശിലുമായി ഏകദേശം 1000 കോടി രൂപയുടെ പഴങ്ങള്‍ നശിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം ഇന്ത്യയുടെ ആപ്പിള്‍ ഉല്‍പ്പാദനം ഏകദേശം പകുതിയായി കുറയുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ആപ്പിളിന്റെ പ്രധാന ഉല്‍പ്പാദന മേഖലകളാണു കാശ്മീരും, ഹിമാചല്‍ പ്രദേശും.
ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയില്‍ കൃഷിയിടങ്ങള്‍ മാത്രമല്ല, റോഡുകളും, വൈദ്യുതി ലൈനുകളും, അടിസ്ഥാന സൗകര്യങ്ങളും നശിച്ചു. 4500 കോടിയുടെ നാശനഷ്ടങ്ങളുണ്ടായതായിട്ടാണു കണക്കാക്കുന്നത്.
മോശം കാലാവസ്ഥ ഇന്ത്യയുടെ നിര്‍ണായകമായ നെല്‍വിളയെയും ബാധിച്ചിരുന്നു. ഇതേ തുടര്‍ന്നു കഴിഞ്ഞയാഴ്ചയായിരുന്നു ഇന്ത്യ അരിയുടെ കയറ്റുമതി നിരോധിച്ചത്.
കശ്മീരും ഹിമാചല്‍ പ്രദേശുമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആപ്പിള്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍. അവിടെ ഉല്‍പ്പാദിപ്പിക്കുന്ന ആപ്പിളുകളില്‍ ഭൂരിഭാഗവും ആഭ്യന്തര വിപണിയില്‍ തന്നെയാണ് വിറ്റഴിക്കുന്നതും. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആപ്പിളിന്റെ 2 ശതമാനത്തില്‍ താഴെ മാത്രമാണ് കയറ്റുമതി ചെയ്യുന്നത്. കൂടുതലും ബംഗ്ലാദേശിലേക്കും നേപ്പാളിലേക്കുമാണു കയറ്റുമതി ചെയ്യുന്നതും.
മഴയെ തുടര്‍ന്ന് ആപ്പിള്‍ ഉള്‍പ്പെടെയുള്ള പഴങ്ങള്‍ ഫംഗസ് ബാധിച്ചു കൃഷിയിടങ്ങളില്‍ അഴുകിയ നിലയിലായതായും റിപ്പോര്‍ട്ടുണ്ട്.
ഹിമാചലിലെ ആപ്പിള്‍ തോട്ടങ്ങളില്‍ നിന്ന് ഏകദേശം വിളവെടുത്ത 10 ശതമാനത്തോളം ആപ്പിള്‍ ഒലിച്ചു പോവുകയും ചെയ്തു.
ആപ്പിള്‍ ഗ്രോവേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും കാശ്മീര്‍ വാലി ഫ്രൂട്ട് ഗ്രോവേഴ്സും കണക്കാക്കുന്നത് രാജ്യത്തെ ഏറ്റവും കൂടുതല്‍ ആപ്പിള്‍ കൃഷി ചെയ്യുന്ന കശ്മീരിലെ ഉല്‍പ്പാദനം ഈ വര്‍ഷം 50% കുറയുമെന്നാണ്. ഒരു വര്‍ഷം മുമ്പ് 1.87 ദശലക്ഷം മെട്രിക് ടണ്ണായിരുന്നു ആപ്പിള്‍ ഉല്‍പ്പാദിപ്പിച്ചത്.
ജൂണ്‍ 1-ന് ആരംഭിച്ച ഈ വര്‍ഷത്തെ മണ്‍സൂണ്‍ കശ്മീരില്‍ ഇതുവരെ ശരാശരിയേക്കാള്‍ 50 ശതമാനം കൂടുതല്‍ ലഭിച്ചിട്ടുണ്ട്. അതേസമയം രണ്ടാമത്തെ വലിയ ആപ്പിള്‍ ഉല്‍പ്പാദക സംസ്ഥാനമായ ഹിമാചലില്‍ സാധാരണയേക്കാള്‍ 79 ശതമാനം കൂടുതല്‍ മഴ രേഖപ്പെടുത്തിയതായും കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഫലവിളകള്‍ നശിച്ചതിലൂടെ 109.78 മില്യന്‍ ഡോളറിന്റെ നഷ്ടമാണു സംഭവിച്ചതെന്നു കശ്മീരിലെ ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.
ഹിമാചലില്‍ കഴിഞ്ഞ വര്‍ഷം 640,000 മെട്രിക് ടണ്‍ ആപ്പിളാണ് ഉല്‍പ്പാദിപ്പിച്ചത്. ഈ വര്‍ഷം ഉല്‍പ്പാദനത്തില്‍ ഇതിന്റെ 40 ശതമാനത്തോളം ഇടിവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം തക്കാളിയുടെ ഉല്‍പ്പാദനം കുറഞ്ഞതിനെ തുടര്‍ന്നു വിപണി വന്‍വിലക്കയറ്റത്തിനു സമീപകാലത്തു സാക്ഷ്യവഹിക്കുകയുണ്ടായി.
കിലോയ്ക്ക് 250 രൂപ വിലയില്‍ വരെ വില്‍പ്പന നടത്തിയതു നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഒടുവില്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ടാണ് വിലക്കയറ്റത്തെ നിയന്ത്രിച്ചത്. തക്കാളിയുടെ വില വര്‍ധനയെ തുടര്‍ന്നു മക്‌ഡൊണാള്‍ഡ് അവരുടെ വിഭവങ്ങളില്‍ നിന്നും തക്കാളി ഒഴിവാക്കിയത് വലിയ തോതില്‍ വാര്‍ത്തയാവുകയും ചെയ്തു.