image

13 July 2022 4:34 AM GMT

Aviation

കൊച്ചി-ക്വാലാലംപൂര്‍ സര്‍വീസ് പുനരാരംഭിച്ച് മലിന്‍ഡോ എയര്‍

MyFin Desk

കൊച്ചി-ക്വാലാലംപൂര്‍ സര്‍വീസ് പുനരാരംഭിച്ച് മലിന്‍ഡോ എയര്‍
X

Summary

കൊച്ചി: മലിന്‍ഡോ എയര്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു. ആഴ്ചയില്‍ മൂന്നു ദിവസം കൊച്ചിയില്‍ നിന്ന് ക്വലാലംപൂരിലേയ്ക്ക് മലിന്‍ഡോ സര്‍വീസ് നടത്തും. വെറും ഒന്നര മണിക്കൂറിനുള്ളില്‍ ഓസ്ട്രേലിയയിലെ പെര്‍ത്തിലേയ്ക്ക് മലിന്‍ഡോയുടെ കണക്ഷന്‍ ഫ്ളൈറ്റ് ലഭിക്കുന്ന തരത്തിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ എല്ലാ ദിവസവും എയര്‍ ഏഷ്യ (ബെര്‍ഹാദ്) വിമാനം കൊച്ചിയില്‍ നിന്ന് ക്വലാലംപൂരിലേയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഓഗസ്റ്റ് ഒന്നു മുതല്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 12:10 ന് കൊച്ചിയില്‍ നിന്ന് മലിന്‍ഡോ […]


കൊച്ചി: മലിന്‍ഡോ എയര്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു. ആഴ്ചയില്‍ മൂന്നു ദിവസം കൊച്ചിയില്‍ നിന്ന് ക്വലാലംപൂരിലേയ്ക്ക് മലിന്‍ഡോ സര്‍വീസ് നടത്തും. വെറും ഒന്നര മണിക്കൂറിനുള്ളില്‍ ഓസ്ട്രേലിയയിലെ പെര്‍ത്തിലേയ്ക്ക് മലിന്‍ഡോയുടെ കണക്ഷന്‍ ഫ്ളൈറ്റ് ലഭിക്കുന്ന തരത്തിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ എല്ലാ ദിവസവും എയര്‍ ഏഷ്യ (ബെര്‍ഹാദ്) വിമാനം കൊച്ചിയില്‍ നിന്ന് ക്വലാലംപൂരിലേയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഓഗസ്റ്റ് ഒന്നു മുതല്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 12:10 ന് കൊച്ചിയില്‍ നിന്ന് മലിന്‍ഡോ വിമാനം പുറപ്പെടും.
രാവിലെ 07:05 ന് ക്വലാലംപൂരിലെത്തും. 08:25 ന് പെര്‍ത്തിലേയ്ക്ക് കണക്ഷന് വിമാനമുണ്ട്. ഉച്ചയ്ക്ക് 02:10 ന് പെര്‍ത്തില്‍ ഇറങ്ങാം. ഞായര്‍,തിങ്കള്‍, ബുധന്‍ വെള്ളി ദിവസങ്ങളില്‍ രാത്രി 9:35 നാണ് ക്വലാലംപൂരില്‍ നിന്ന് കൊച്ചിയിലേയ്ക്ക് മലിന്‍ഡോ വിമാനം പുറപ്പെടുന്നത്. മലിന്‍ഡോയുടെ കൊച്ചിയില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ആഴ്ച്ചയില്‍ എല്ലാ ദിവസവും കൊച്ചി-ക്വലാലംപൂര്‍ സെക്ടറില്‍ മലിന്‍ഡോ സര്‍വീസ് നടത്തും. പൂര്‍വേഷ്യയിലേയ്ക്ക് കണക്ടിവിറ്റി കൂട്ടുന്നതിന്റെ ഭാഗമായി നിരവധി പുതിയ സര്‍വീസുകള്‍ പ്രതീക്ഷിക്കുന്നതായി സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് പറഞ്ഞു.
'നിലവില്‍ സിംഗപ്പൂരിലേയ്ക്കും ക്വലാലംപൂരിലേയ്ക്കും പ്രതിദിന സര്‍വീസുകളുണ്ട്. ബാങ്കോക്കിലേയ്ക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളുമുണ്ട്. ഓഗസ്റ്റോടെ ഈ മേഖലകളിലേയ്ക്കുള്ള പ്രതിവാര സര്‍വീസുകള്‍ കൂടും. ഓസ്ട്രേലിയയിലേയ്ക്ക് നേരിട്ടുള്ള സര്‍വീസുകള്‍ക്കായുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അതിന്റെ ആദ്യഘട്ടം എന്ന നിലയ്ക്കാണ് ഏറ്റവും കുറഞ്ഞ കണക്ഷന്‍ സമയവുമായി ഇപ്പോള്‍ മലിന്‍ഡോയുടെ സര്‍വീസ് തുടങ്ങുന്നത്' സുഹാസ് കൂട്ടിച്ചേര്‍ത്തു. ഒക്ടോബറില്‍ തുടങ്ങുന്ന ശീതകാല സമയപ്പട്ടികയില്‍ യൂറോപ്പിലേയ്ക്കും പൂര്‍വേഷ്യയിലേയ്ക്കും കൂടുതല്‍ സര്‍വീസുകള്‍ എത്തിക്കുമെന്ന പ്രതീക്ഷയാണ് സിയാലിനുള്ളത്.