21 Jun 2022 12:30 AM GMT
Summary
ഡെല്‍ഹി: കഴിഞ്ഞ മാസം സര്‍ക്കാര്‍ സ്വീകരിച്ച തീരുവയുമായി ബന്ധപ്പെട്ട നടപടികളുടെ ഫലമായി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സ്റ്റീല്‍ കയറ്റുമതി 40 ശതമാനം കുറഞ്ഞ് 12 ദശലക്ഷം ടൺ ആകുമെന്ന് പ്രതീക്ഷിക്കുന്നതായി റേറ്റിംഗ് ഏജൻസി ക്രിസിൽ പറഞ്ഞു. നിരവധി ഫിനിഷ്ഡ് സ്റ്റീല്‍ ഉല്‍പന്നങ്ങള്‍ക്ക് 15 ശതമാനം കയറ്റുമതി തീരുവയാണ് ചുമത്തിയത്. അതേസമയം ഫിനിഷ്ഡ് സ്റ്റീലിന്റെ കയറ്റുമതി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 18.3 ദശലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് ഉയര്‍ന്ന നിലയിലെത്തി. ഇത് അവരുടെ എക്കാലത്തെയും ഉയര്‍ന്ന നിലയാണെന്ന് […]
ഡെല്‍ഹി: കഴിഞ്ഞ മാസം സര്‍ക്കാര്‍ സ്വീകരിച്ച തീരുവയുമായി ബന്ധപ്പെട്ട നടപടികളുടെ ഫലമായി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സ്റ്റീല്‍ കയറ്റുമതി 40 ശതമാനം കുറഞ്ഞ് 12 ദശലക്ഷം ടൺ ആകുമെന്ന് പ്രതീക്ഷിക്കുന്നതായി റേറ്റിംഗ് ഏജൻസി ക്രിസിൽ പറഞ്ഞു.
നിരവധി ഫിനിഷ്ഡ് സ്റ്റീല്‍ ഉല്‍പന്നങ്ങള്‍ക്ക് 15 ശതമാനം കയറ്റുമതി തീരുവയാണ് ചുമത്തിയത്. അതേസമയം ഫിനിഷ്ഡ് സ്റ്റീലിന്റെ കയറ്റുമതി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 18.3 ദശലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് ഉയര്‍ന്ന നിലയിലെത്തി. ഇത് അവരുടെ എക്കാലത്തെയും ഉയര്‍ന്ന നിലയാണെന്ന് ഏജന്‍സി അറിയിച്ചു.
മെയ് 21 ന്, സ്റ്റീല്‍ വ്യവസായം ഉപയോഗിക്കുന്ന കോക്കിംഗ് കല്‍ക്കരി, ഫെറോനിക്കല്‍ എന്നിവയുള്‍പ്പെടെ ചില അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ഇരുമ്പയിര് കയറ്റുമതിയുടെ തീരുവ 50 ശതമാനം വരെയും, ഏതാനും സ്റ്റീല്‍ ഇടനിലക്കാര്‍ക്ക് 15 ശതമാനം വരെയും വര്‍ധിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്റ്റീല്‍ കയറ്റുമതി ഉയര്‍ന്ന നിലയിലെത്തിയിരുന്നെങ്കിലും റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം മൂലമുണ്ടാകുന്ന തടസ്സങ്ങള്‍ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ രണ്ട് ഭൂപ്രദേശങ്ങളിലെയും സ്റ്റീല്‍ വിലകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ കയറ്റുമതി ക്വാട്ട ഉയര്‍ത്താനുള്ള യൂറോപ്യന്‍ യൂണിയന്‍ (EU) നീക്കം ആഭ്യന്തര സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ക്ക് ഗുണം ചെയ്തു.
ഏപ്രിലിൽ സ്റ്റീൽ വില ടണ്ണിന് 77 ,000 രൂപയുണ്ടായിരുന്നത്, ആഗോള വിലക്കനുസരിച്ച് മെയ് ആദ്യമായപ്പോഴേക്കും ടണ്ണിന് 4,000-5,000 രൂപ കുറഞ്ഞു. നിലവിലെ വില, ഏപ്രിലിലെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ, ടണ്ണിന് 14,000-15,000 രൂപ കുറഞ്ഞു നിൽക്കുന്നതിനാൽ തീരുവ ചുമത്തിയത് വിലയിൽ കൂടുതൽ ഇടിവ് വരുത്തും. സാമ്പത്തിക വർഷാവസാനത്തോടെ വില ടണ്ണിന് 60,000 രൂപയിൽ താഴെയാകുമെന്നാണ് ക്രിസിൽ പറയുന്നത്.
ആഭ്യന്തര വിപണിയില്‍ സ്റ്റീലിന്റെ ഡിമാന്‍ഡ് 11 ശതമാനം വര്‍ധിച്ചു. ഇത് ആഭ്യന്തര വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്കെത്തിച്ചു. ഇത് നിര്‍മ്മാണച്ചെലവ് കുതിച്ചുയരുന്നതിനും, ഓട്ടോമൊബൈല്‍, ഉപഭോക്തൃ വീട്ടുപകരണങ്ങള്‍, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിലവര്‍ധനവിനും കാരണമായി. ഈ വിലക്കയറ്റം തടയാന്‍ ലക്ഷ്യമിട്ടാണ് കയറ്റുമതി തീരുവ വര്‍ധിപ്പിച്ചത്.
ഇരുമ്പയിരിന്റെയും പെല്ലറ്റുകളുടെയും ഒരുമിച്ചുള്ള കയറ്റുമതി അളവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 26 മില്യൺ ടണ്ണില്‍ നിന്ന് 8-10 മില്യൺ ടണ്ണായി കുറയുമെന്നും, ആഭ്യന്തര വിലയില്‍ കുത്തനെയുള്ള തിരുത്തല്‍ വരുമെന്നും ക്രിസില്‍ പറഞ്ഞു. അതേസമയം, കോക്കിംഗ് കല്‍ക്കരി, പിസിഐ കല്‍ക്കരി എന്നിവയുടെ ഇറക്കുമതി തീരുവ എടുത്തുകളഞ്ഞത് ഇറക്കുമതി വിപണിയെ പ്രധാനമായും ആശ്രയിക്കുന്ന സംയോജിത സ്റ്റീല്‍ ഉത്പാദകരുടെ ചെലവ് കുറച്ചിട്ടുണ്ട്.